മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് 2 പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി മുന്നേറുകയാണ്. ഷാജി പാപ്പനും സംഘവും തിയേറ്ററുകളെ ആവേശം കൊള്ളിക്കുമ്പോള്‍ വളരെ പ്രധാനപ്പെട്ട ഒരുകാര്യം നായകന്‍ ജയസൂര്യയും നിര്‍മാതാവ് വിജയ് ബാബുവും ആരാധകരുമായി പങ്കുവയ്ക്കുന്നു.

തിയേറ്ററില്‍ നിന്നും സിനിമയുടെ ഏതെങ്കിലും ഭാഗങ്ങള്‍ പകര്‍ത്തി ഫെയ്സ്ബുക്കിലോ യുട്യൂബിലോ പോസ്റ്റ് ചെയ്താല്‍ എക്കൗണ്ട് ഡീആക്ടിവേറ്റായി പോകുമെന്ന മുന്നറിയിപ്പാണ് ഇരുവരും നല്‍കുന്നത്. അതിനാല്‍ ദയവ് ചെയ്ത് ആരും അങ്ങനെ ചെയ്യരുതെന്നും ലൈവില്‍ വന്ന വിജയ് ബാബുവും ജയസൂര്യയും പറഞ്ഞു.

‘നിങ്ങളുടെ സുഹൃത്തുക്കള്‍ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ മുന്നറിയിപ്പ് നല്‍കുക. ഒരു സീനല്ല ഒരു സെക്കന്റ് ആണെങ്കില്‍ കൂടി നിങ്ങളുടെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്താല്‍ എക്കൗണ്ട് ഡീ ആക്ടിവേറ്റാകും. ഇന്നലെ തന്നെ എനിക്ക് അന്‍പതോളം കോളുകളാണ് വന്നത്. ഇതൊന്നും ഞങ്ങളുടെ നിയന്ത്രണത്തിലല്ല. ഞങ്ങള്‍ ഔദ്യോഗികമായി ചെയ്യുന്നത് നിങ്ങള്‍ക്കും ഷെയര്‍ ചെയ്യാം- വിജയ് ബാബു പറഞ്ഞു.’ ആട് 2 ഏറ്റെടുത്ത പ്രേക്ഷകര്‍ക്ക് നന്ദി പറയാന്‍ ഫെയ്സ്ബുക്ക് ലൈവില്‍ വന്നപ്പോഴാണ് ഇരുവരും ഇതെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ