‘നിങ്ങളുടെ മകള്‍ സ്കൂളിലൊന്നും പോകാറില്ലേ, അമ്മയുടെ കൈയ്യില്‍ തൂങ്ങി എപ്പോഴും കറക്കമാണല്ലോ. ഏതു സ്കൂളാണ് കുട്ടിയെ ഇങ്ങനെ യാത്ര ചെയ്യിക്കാന്‍ അനുവാദം തരുന്നത്’, ഷെറിയന്‍ പതടിയന്‍ എന്നൊരു സ്ത്രീ ട്വിറ്ററില്‍ അഭിഷേക് ബച്ചനോട് ചോദിച്ചതാണിത്. അമ്മ ഐശ്വര്യയോടൊപ്പം എല്ലായിടത്തും കാണാറുണ്ട് മകള്‍ ആരാധ്യയെ. അതിനെക്കുറിച്ചാണ് അഭിഷേക് ബച്ചനെ ചൊടിപ്പിച്ച ഈ ചോദ്യം. കഴിഞ്ഞില്ല, ഒരു ചോദ്യവും കൂടി ചോദിച്ചു അവര്‍, ‘ആരാധ്യയെ ബ്യൂട്ടി വിത്ത്‌ ഔട്ട്‌ ബ്രെയിന്‍സ് (ബുദ്ധിയില്ലാത്ത, സൗന്ദര്യം മാത്രമുള്ള) ആയി വളര്‍ത്താനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്, അഹങ്കാരിയായ അമ്മയുടെ കൈയ്യില്‍ തൂങ്ങി ഇങ്ങനെ നടന്നാല്‍ ആ കുട്ടിക്ക് ഒരു ‘നോര്‍മല്‍’ കുട്ടിക്കാലം എങ്ങനെ ഉണ്ടാകും?’ എന്ന് കൂടി ചോദിച്ചു അവര്‍.

ആരാധ്യാ ബച്ചന്‍

സ്വതവേ അപരിചിതര്‍ക്ക് ട്വിറ്ററില്‍ മറുപടി നല്‍കാത്ത അഭിഷേക് മകളെ ട്രോള്‍ ചെയ്യന്നത് കണ്ടു ഉടന്‍ തിരിച്ചടിച്ചു.

‘മാഡം, എല്ലാ സ്കൂളുകളിലും ആഴ്ചയവസാനം അവധിയാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. തിങ്ങള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ അവള്‍ സ്കൂളില്‍ പോകാറുണ്ട്. നിങ്ങളും അത് ചെയ്യുന്നത് നന്നായിരിക്കും. ട്വീറ്റ് ചെയ്യുമ്പോള്‍ സ്പെല്ലിങ് തെറ്റാതിരിക്കാന്‍ അത് നല്ലതാണ്’

ഐശ്വര്യയേയും മകളെയും കുറിച്ച് കരുതലുള്ള കുടുംബസ്ഥനായി അഭിഷേക് പ്രതികരിച്ചപ്പോള്‍ അവര്‍ വീണ്ടും ട്വീറ്റ് തുടര്‍ന്നു.

‘സ്പെല്ലിങ് തിരുത്താം. പലരും പറയണം എന്നാഗ്രഹിക്കുകയും എന്നാല്‍ പറയാന്‍ ധൈര്യമില്ലാതെ പോവുകയും ചെയ്ത ഒരു കാര്യമാണ് ഞാന്‍ പറഞ്ഞത്. ഏതൊരു സാധാരണ കുട്ടിയേയും പോലെയുള്ള ജീവിതമാണ് ആരാധ്യയ്ക്ക് എന്ന് കാണിക്കുന്ന തരത്തിലുള്ള ചിതങ്ങളും നിങ്ങള്‍ ഇടയ്ക്കു പോസ്റ്റ്‌ ചെയ്യണം. അമ്മയോടൊപ്പം ഉള്ളതല്ലാതെ. ഞാന്‍ ഇന്ത്യയില്‍ അല്ല താമസിക്കുന്നത്. അതുകൊണ്ട് അവിടെ സ്കൂള്‍ അവധി എപ്പോള്‍ എന്നുള്ളതിനെക്കുറിച്ച് അറിയില്ലായിരുന്നു. പ്രതികരണത്തിന് നന്ദി.’

മകളെയോ ഭാര്യയെയോ കുറിച്ച് ആശാസ്യമല്ലാതെ എന്ത് കണ്ടാലും കേട്ടാലും അഭിഷേക് ഉടൻ  പ്രതികരിക്കും. അടുത്തിടെ ഐശ്വര്യയുടെ കാലുകള്‍ കാണുന്ന തരത്തില്‍ ചിത്രമെടുത്ത ഒരു ഫോട്ടോഗ്രാഫറെ അടുത്ത് വിളിച്ചു അഭിഷേക് സംസാരിക്കുകയും അയാള്‍ താന്‍ എടുത്ത ചിത്രം ക്യാമറയിലൂടെ അഭിഷേകിന് കാണിച്ചു കൊടുക്കുകയും ചെയ്യുന്ന വിഡിയോ സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തതാണ്.

ഐശ്വര്യയകാട്ടെ, മകള്‍ക്ക് വേണ്ടി തന്‍റെ അഭിനയ ജീവിതം പോലും രണ്ടാം സ്ഥാനത്തേക്ക് മാറ്റിയ അവസ്ഥയിലാണ് ഇപ്പോള്‍. പൊതുവിടങ്ങളില്‍ മകള്‍ ആരാധ്യയോടൊപ്പം അല്ലാതെ ഐശ്വര്യയെ കാണുന്നത് വളരെ വിരളമാണ്.  ചുറ്റും കൂടുന്ന ജനങ്ങളെയും മാധ്യമപ്രവര്‍കരെയും കണ്ടു മകള്‍ പരിഭ്രമിക്കാതിരിക്കാന്‍ ഐശ്വര്യ ശ്രദ്ധ ചെലുതുന്നതും കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook