കാൽ നൂറ്റാണ്ടായി തമിഴ് സിനിമയിൽ വലിയൊരു വിഭാഗം ആരാധകരുമായി വിജയ് എന്ന നടൻ തന്റെ വിജയ യാത്ര തുടരുന്നു. ഇപ്പോഴിതാ കന്യാകുമാരിയിലെ മ്യൂസിയത്തിൽ വിജയ്ക്കായി ഒരു മെഴുകു പ്രതിമയും ഒരുങ്ങി.

വിജയ്‌യുടെ കേരളത്തിലെ ആരാധകർ ഒറ്റപ്പാലത്ത്, അദ്ദേഹത്തിന്റെ ഹിറ്റ് പാട്ടുകൾക്ക് നൃത്തം ചെയ്യാൻ കഴിയുന്ന ഒരു റോബോട്ടിക് പ്രതിമ സ്ഥാപിച്ച ശേഷം, കന്യാകുമാരിയിലെ മായാപുരി വാക്സ് മ്യൂസിയത്തിൽ താരത്തിന്റെ തനിപ്പകർപ്പായ ഒരു മെഴുക് പ്രതിമ ഉയർന്നിരിക്കുകയാണ്.

പ്രതിമ ഉദ്ഘാടന ചടങ്ങിൽ താരത്തിന്റെ ഒട്ടേറെ ആരാധകർ പങ്കെടുത്തു. ഇപ്പോൾ, നടന്റെ ആരാധകർക്ക് മ്യൂസിയം സന്ദർശിച്ച് അദ്ദേഹത്തിന്റെ ബ്ലോക്ക്ബസ്റ്റർ സിനിമയായ ‘തെരി’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് സമാനമായ മെഴുക് പ്രതിമയോടൊപ്പം നിന്ന് ചിത്രങ്ങൾ ക്ലിക്കുചെയ്യാം.

നിരവധി സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാകാറുള്ള വിജയ്‌യുടെ മക്കൽ മൻഡ്രമാണ് ഈ നൂതന ആശയത്തിനു പിന്നിൽ. പ്രതിമ അനാച്ഛാദനം ചെയ്ത് വെള്ളിയാഴ്ച പൊതുജനങ്ങൾക്കായി തുറന്നു.

അമിതാഭ് ബച്ചൻ, ഒബാമ, മദർ തെരേസ, ചാർലി ചാപ്ലിൻ, ജാക്കി ചാൻ തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ മെഴുക് പ്രതിമകൾ ഇവിടെയുണ്ടെന്ന് മ്യൂസിയം വൃത്തങ്ങൾ പറയുന്നു. “പക്ഷേ, ഈ ബഹുമതി ലഭിക്കുന്ന ഒരേയൊരു തമിഴ് നടൻ വിജയ് മാത്രമാണ്,” ഉദ്യോഗസ്ഥർ പറയുന്നു.

തമിഴ്‌നാട്ടിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് കന്യാകുമാരി. വിനോദ സഞ്ചാരികളും താരത്തിന്റെ ആരാധകരും മ്യൂസിയത്തിൽ എത്തുകയും അദ്ദേഹത്തിന്റെ പ്രതിമയ്‌ക്കൊപ്പം ചിത്രങ്ങൾ എടുക്കുകയും ചെയ്യുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook