വയലിനില്‍ വിസ്മയം തീര്‍ത്ത മാന്ത്രികന്‍, സംഗീതത്തില്‍ പുതുവഴി തേടിയ പ്രതിഭ, വിട്ടുവീഴ്ചകളില്ലാതെ സംഗീതത്തെ പ്രണയിച്ച കലാകാരന്‍ ബാലഭാസ്‌കറിന്റെ വിയോഗത്തെ ഇപ്പോളും ഉള്‍ക്കൊള്ളാനാകാതെ വിഷമിക്കുകയാണ് സംഗീത ലോകം. പുഞ്ചിരിച്ചുകൊണ്ട് വയലിനില്‍ ബാലഭാസ്‌കര്‍ മീട്ടിയ സംഗീതം ആയിരക്കണക്കിന് ആരാധകരുടെ ഹൃദയങ്ങളെയാണ് കീഴടക്കിയത്. ആ ഉദയസൂര്യന് സംഗീതത്തിലൂടെ ആദരവര്‍പ്പിക്കുകയാണ് വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ ഫൗണ്ടേഷന്‍.
‘ചാരുലത’യ്ക്കു ശേഷം മറ്റൊരു സംഗീത വീഡിയോയുമായി എത്തിയിരിക്കുകയാണ് ശ്രുതി നമ്പൂതിരിയും സംഘവും. ശ്രുതിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയതും പതിവുപോലെ സുദീപ് പാലനാട് തന്നെ. ബാലഭാസ്‌കര്‍ ഒരുക്കിയ സൂര്യ ഫെസ്റ്റിവല്‍ തീം മ്യൂസിക്കിന് വയലിനില്‍ പുതുജീവന്‍ നല്‍കിയത് യുവ കലാകാരന്‍ വിവേക് കെ.സി. ഒപ്പം ബാലഭാസ്‌കറിന്റെ ചുമര്‍ ചിത്രം വരച്ചത് സുനീഷ് കൂട്ടിക്കലും.
‘ബാലുച്ചേട്ടന് അപകടം പറ്റി എന്നറിഞ്ഞപ്പോളേ അദ്ദേഹത്തിനു വേണ്ടി ഒരു പ്രാര്‍ത്ഥന പോലെ എന്തെങ്കിലും ചെയ്യണം എന്നു വിചാരിച്ചതാണ്. പക്ഷെ അന്ന് സാധിച്ചില്ല. വിവേക് കോഴിക്കോട് ഫറൂഖ് കോളേജിലെ വിദ്യാര്‍ത്ഥിയാണ്. അഞ്ച് വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന സ്‌കൂള്‍ തലത്തിലും അടുത്ത അഞ്ചുവര്‍ഷം ഇന്റര്‍സോണിലും വയലിനില്‍ ഒന്നാം സ്ഥാനം നേടിയ ആളാണ് വിവേക്. വിവേകിനോട് സൂര്യ ഫെസ്റ്റിവലിന്റെ തീം മ്യൂസിക് വായിക്കാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം അത് നന്നായി വായിച്ചു. അപ്പോള്‍ സുദീപിനാണ് വോക്കല്‍ കൂടി ചെയ്യാം എന്ന ആശയം വന്നത്. അങ്ങനെയാണ് ഞങ്ങളീ മ്യൂസിക് വീഡിയോ ചെയ്യുന്നത്. ബാലഭാസ്‌കര്‍ എന്നാല്‍ സൂര്യനാണ്. സൂര്യ ഫെസ്റ്റിവലിന് വേണ്ടി വാകുളാഭരണ രാഗത്തിന്റെ ജന്യരാഗമായ സൂര്യയില്‍ അദ്ദേഹം ഒരുക്കിയതാണ് ഈ മെലഡി. ആ സൂര്യന് വേണ്ടി ഇത്രയെങ്കിലും ചെയ്യേണ്ടേ. ബാലുച്ചേട്ടനെ എനിക്ക് നേരിട്ടറിയില്ല. അദ്ദേഹത്തിന്റെ ഒരു കടുത്ത ആരാധികയാണ് ഞാനും,’ ശ്രുതി നമ്പൂതിരി പറയുന്നു.
Read More: ഇനി പ്രിയപ്പെട്ടവരുടെ ഓർമ്മത്തണലില്‍; ലക്ഷ്മി ആശുപത്രി വിട്ടു
അമൃത ടിവിയിലെ സൂപ്പര്‍സ്റ്റാര്‍ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് സാധാരണക്കാര്‍ക്കിടയിലും ബാലഭാസ്‌കര്‍ എന്ന പേര് സുപരിചിതമാകുന്നത്. സുദീപ് ബാലഭാസ്‌കറിനെ പരിചയപ്പെടുന്നതും അവിടെ വച്ചു തന്നെ.
‘ഞാന്‍ ഓഡിയോ എഞ്ചിനീയറിങ് പഠിച്ചതിനു ശേഷം അമൃതയില്‍ കുറച്ചുനാള്‍ ജോലി ചെയ്തിട്ടുണ്ട്. സൂപ്പര്‍സ്റ്റാര്‍ എന്ന പരിപാടിയുടെ ജഡ്ജസ് കോര്‍ഡിനേഷന്‍ ചെയ്തിരുന്നത് ഞാനായിരുന്നു. അതില്‍ കുറച്ചുകാലം ജഡ്ജായി ബാലുച്ചേട്ടന്‍ ഉണ്ടായിരുന്നു. അവിടെ വച്ചാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. വ്യക്തിപരമായി ഒരുപാട് അടുപ്പമൊന്നും ഇല്ലായിരുന്നു. ബാലുച്ചേട്ടനും അങ്ങനെ എല്ലാവരോടും അടുത്തിടപഴകുന്ന ആളല്ലായിരുന്നു. അല്പം സൈലന്റായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ഉണ്ടായിരുന്ന അടുപ്പം. ആ സമയത്ത് എപ്പോളും വിളിക്കുമായിരുന്നു. അദ്ദേഹത്തെക്കാള്‍ കൂടുതല്‍ ഞാന്‍ സംസാരിച്ചിട്ടുള്ളത് ബാലുച്ചേട്ടന്റെ ഭാര്യ ലക്ഷ്മി ചേച്ചിയോടാണ്. പിന്നെ എല്ലാവരെയും പോലെ ബാലഭാസ്‌കര്‍ എന്ന സംഗീതജ്ഞനോടായിരുന്നു ആരാധന മുഴുവന്‍. വല്ലാത്ത ആത്മാവുള്ള സംഗീതമായിരുന്നു ബാലുച്ചേട്ടന്റേത്. അപകടം നടന്നതു മുതല്‍ എല്ലാ വിവരങ്ങളും അറിയുന്നുണ്ടായിരുന്നു. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും അവസാനം വരെ അദ്ദേഹം തിരിച്ചുവരുമെന്ന പ്രതീക്ഷ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ബോധം തെളിഞ്ഞു സംസാരിച്ചു എന്നൊക്കെ അറിഞ്ഞപ്പോള്‍ വല്ലാതെ സന്തോഷിക്കുകയും ചെയ്തു. പക്ഷെ തൊട്ടടുത്ത ദിവസം എല്ലാവരേയും ഒരുപാട് വേദനിപ്പിച്ചുകൊണ്ടായിരുന്നു ബാലുച്ചേട്ടന്‍ പോയത്. കണ്ണിറുക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെ ആ ചിരിയാണ് കണ്ണടച്ചാല്‍ ഇപ്പോളും മനസില്‍ തെളിയുന്നത്.’
Read More: ‘ഗുരു പരമ്പര’യ്ക്ക് തുടക്കം കുറിച്ച പ്രതിഭ: ബാലഭാസ്‌കറിനെക്കുറിച്ചൊരു ഓര്‍മ്മക്കുറിപ്പ്
‘ബാലുച്ചേട്ടനെ എല്ലാവരും ആദ്യം ഓര്‍ക്കുന്നത് സൂര്യ ഫെസ്റ്റിവലിന്റെ തീം മ്യൂസിക്കിലൂടെയായിരിക്കും. അതുകൊണ്ടാണ് അദ്ദേഹത്തിനു വേണ്ടി ചെയ്യുന്ന സംഗീതം അതിലൂടെ തന്നെയാകട്ടെ എന്നു കരുതിയത്. അതെത്ര നന്നായി എന്നറിയില്ല. പക്ഷെ അതു ചെയ്യുക എന്നത് ഒരു ഉത്തരവാദിത്തം തന്നെയാണെന്നു കരുതുന്നു.’ സുദീപ് പറയുന്നു.
കാല്‍നൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്ന കലാകാരനാണ് ബാലഭാസ്‌കര്‍. മംഗല്യ പല്ലക്ക്, പാഞ്ചജന്യം, പാട്ടിന്റെ പാലാഴി, മോക്ഷം, കണ്ണാടിക്കടവത്ത് എന്നീ സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. നിരവധി സംഗീത ആല്‍ബങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. നിനക്കായ്, ആദ്യമായ് എന്നിവ പ്രശസ്ത സംഗീത ആല്‍ബങ്ങളാണ്.
Read More: നിനക്കായ് തോഴീ പുനര്‍ജനിക്കാം…
ഫ്യൂഷന്‍ മ്യൂസിക് മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത് ബാലഭാസ്‌കറാണ്. നിരവധി പ്രശസ്തര്‍ക്കൊപ്പം ഫ്യൂഷന്‍ മ്യൂസിക് അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാര്‍ 2008ല്‍ ബാലഭാസ്‌കറിന് ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലാണ് വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും ഗുരുതരമായി പരിക്കേറ്റത്. കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ബാലഭാസ്‌കറിന്റെ ഏക മകള്‍ തേജസ്വിനി ബാല തല്‍ക്ഷണം മരിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭാര്യ ലക്ഷ്മി മാത്രമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.