Latest News

മലയാളത്തില്‍ നിന്നൊരു മറാത്തി ചിത്രം: നിതിന്‍ അനിലിന്റെ ‘എ തിങ് ഓഫ് മാജിക്’

ഇപ്പോള്‍ നടന്നു വരുന്ന മുംബൈ ചലച്ചിത്രമേളയിലാണ് (MAMI) നിതിന്‍ അനില്‍ എന്ന മലയാളി സംവിധായകന്റെ കന്നി മറാത്തി ചിത്രം ശ്രദ്ധേയമാവുന്നത്

A thing of magic, എ തിങ് ഓഫ് മാജിക്, A thing of Magic cinema, Jio Mami Mumbai film festival, മുംബൈ ചലച്ചിത്രമേള, Nithin Anil, നിതിൻ അനിൽ, Mami mumbai film festival

മലയാളത്തില്‍ നിന്നൊരു മറാത്തി ചിത്രം.  ഇന്തെന്തു മാജിക് എന്ന് പ്രേക്ഷകര്‍ ചോദിച്ചേക്കാം എന്ന് മുന്‍കൂട്ടി കണ്ടാവണം സംവിധായകന്‍ തന്റെ ചിത്രത്തിന് ‘എ തിങ് ഓഫ് മാജിക്’ എന്ന് തന്നെ പേരിട്ടത്.  ഇപ്പോള്‍ നടന്നു വരുന്ന മുംബൈ ചലച്ചിത്രമേളയിലാണ് (MAMI) നിതിന്‍ അനില്‍ എന്ന മലയാളി സംവിധായകന്റെ കന്നി മറാത്തി ചിത്രം ശ്രദ്ധേയമാവുന്നത്.

സ്വന്തം കൈയിലെ കാശ് മുടക്കി വളരെ ചുരുങ്ങിയ ബഡ്ജറ്റിൽ നിർമിച്ച ‘എ തിങ് ഓഫ് മാജിക്’ മഹാരാഷ്ട്രയിലെ ഉൾഗ്രാമമായ ആരാലെയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും മറാത്തി ഭാഷയിലാണ് ചിത്രം. സ്വന്തമായി ചില ഡോക്യുമെന്ററിയും ഹ്രസ്വചിത്രങ്ങളും ചെയ്തു എന്നതൊഴിച്ചാല്‍ ഫീച്ചര്‍ ഫിലിം രംഗത്ത് നിതിന് മുന്‍പരിചയമില്ല.  എങ്കിലും സിനിമയുമായി അടുത്ത ബന്ധമുണ്ട്.  നിതിന്റെ അമ്മ സീനത്ത് മലയാളത്തിലെ അറിയപ്പെടുന്ന നടിയാണ് എന്നതാണത്.  തന്റെ ആദ്യ ചിത്രത്തിന്റെ വിശേഷങ്ങൾ ഇന്ത്യൻ എക്സ്‌പ്രസ് മലയാളവുമായി നിതിന്‍ പങ്കു വയ്ക്കുന്നു.

“ഇൻഡിപെൻഡന്റായി ചില ഡോക്യുമെന്ററിയും ഹ്രസ്വചിത്രങ്ങളും ചെയ്തു എന്നല്ലാതെ ഒരു ജോലി എന്ന് പറയാനായി ഒന്നും ഉണ്ടായിരുന്നില്ല . നൗഷാദ് ഷെരീഫിന്റെ ചിത്രത്തിൽ സഹ സംവിധാനം ചെയ്യാനായി പോയ സമയത് അവിടെ നിന്നു പരിചയപ്പെട്ട ഒരു കൂട്ടം സിനിമ മോഹികളുടെ കൂട്ടായ്മയാണ് ഈ ചിത്രം യാഥാർഥ്യമാക്കിയത്,” നിതിൻ പറഞ്ഞു തുടങ്ങി.

A thing of magic, എ തിങ് ഓഫ് മാജിക്, A thing of Magic cinema, Jio Mami Mumbai film festival, മുംബൈ ചലച്ചിത്രമേള, Nithin Anil, നിതിൻ അനിൽ, Mami mumbai film festival
മുംബൈ ചലച്ചിത്രമേളയില്‍ നിതിനും സഹപ്രവര്‍ത്തകരും

തന്റെ ആദ്യ ചിത്രം അപരിചിതമായ മഹാരാഷ്ട്രയിലെ ഉൾഗ്രാമത്തിൽ പോയി ചിത്രീകരിക്കാനും അവിടുത്തെ സംസ്കാരം പഠിക്കാനുമൊക്കെ നിതിന് പ്രചോദനമായത് തന്റെ തന്നെ മുൻകാല യാത്രകളും അനുഭവങ്ങളുമായിരുന്നു.

“കുറച്ചു നാളുകൾക്കു മുന്നേ നേപ്പാളിൽ ഞാനൊരു വളണ്ടിയർ വർക്കിനായി പോയിരുന്നു. അവിടുന്ന് തിരിച്ചു വിമാനത്തിൽ വരാൻ പണം തികയാത്തതിനാൽ വാരാണസിയിലേക്കു ബസിനു വരുകയാണ് ചെയ്തത്. വാരാണസിയിൽ വെച്ച് ഒരാളെ പരിചയപ്പെടാൻ സാധിച്ചു. അയാളും ഞാനും തമ്മിൽ വളരെയധികം സംസാരിച്ചു. വാരാണസിയിൽ മരിക്കാൻ വേണ്ടി ആളുകൾ ഹോട്ടൽ മുറികൾ വാടകയ്ക്ക് എടുത്തിടുന്ന ഒരു സമ്പ്രദായം ഉണ്ട്. അതു പോലെ ഒരു സ്ഥലത്തു വളണ്ടിയറായി നിന്നിരുന്ന ഒരാളായിരുന്നു അയാൾ.”

ഒരു ഡോക്യുമെന്ററി ചെയ്യാനായി ഒരു വർഷത്തിനുള്ളിൽ തിരികെ ഇങ്ങോട്ടു വന്നാൽ സഹായിക്കുമോ എന്ന് നിതിന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മതിക്കുകയാനുണ്ടായത്. നാട്ടില്‍ എത്തിയ നിതിന്‍ ക്രൗഡ് ഫണ്ടിംഗ് തുടങ്ങി പണം സമാഹരിച്ച് തിരികെ പോയി.

“അന്ന് കണ്ട ആ അപരിചിതനാണ്‌ എനിക്ക് വേണ്ട സഹായമൊക്കെ ചെയ്തു തന്നത്. അന്ന് ഞങ്ങൾ വാരാണസിയിൽ മൃതദേഹം കത്തിക്കുന്ന ചണ്ഡാളൻ വിഭാഗത്തിൽ പെട്ട ആളുകളെ പറ്റിയാണ് ഡോക്യുമെന്ററി ചെയ്തത്. ആ ഡോക്യുമെന്ററി പൂർത്തീകരിക്കാൻ സാധിച്ചില്ലെങ്കിലും, ആ അനുഭവം എനിക്ക് കംഫർട്ട് സോണിൽ നിന്നും പുറത്തു പോവാനുള്ള ഊർജം തന്നു,” നിതിൻ ഓര്‍ക്കുന്നു.

Read Here: A Thing Of Magic: A Marathi film by young Malayalis

‘എ തിങ് ഓഫ് മാജിക്’ വന്ന വഴി

കർണാടകയിലെ ഹംപി യാത്രക്കിടയിലാണ് ‘എ തിങ് ഓഫ് മാജിക്’ എന്ന സിനിമയ്ക്കുള്ള ആശയം ലഭിച്ചതെന്നും നിതിൻ ഓര്‍ത്തു.

“ഹംപിയുടെ അടുത്തുള്ള ആനെഗുണ്ടി എന്ന സ്ഥലത്തു ഞാൻ ഒരു വളണ്ടറി വർക്കിനായി പോയ സമയത്ത് രണ്ടു കുട്ടികൾ സിനിമയെ പറ്റി സംസാരിക്കുന്നതു കേൾക്കാൻ ഇടയായി. അവിടെ വെച്ചാണ് ഈ സിനിമയെ പറ്റിയുള്ള ആദ്യ ചിന്ത ഉണ്ടാവുന്നത്. ആനെഗുണ്ടിയിലും പരിസരത്തുമൊന്നും സിനിമ കാണാനുള്ള യാതൊരുവിധ ഉപാധികളുമില്ല. അങ്ങനെ ഒരു സ്ഥലത്തെ രണ്ടു കുട്ടികൾ കാശ് സ്വരുക്കൂട്ടി ഒരു സിനിമ കാണാൻ പോകുന്നു എന്നുള്ളതായിരുന്നു എന്റെ ആദ്യത്തെ ആശയം.”

സിനിമ ആനെഗുണ്ടിയിൽ തന്നെ ചെയ്യണമെന്നായിരുന്നു നിതിന്. പക്ഷെ സിനിമയിൽ പങ്കാളിയായ അഞ്ജുവിന്റെ ഒരു ബന്ധു കഥ കേൾക്കുകയും, കഥയ്ക്ക് കൂടുതൽ പറ്റിയ ഭൂപ്രദേശം മഹാരാഷ്ട്രയിലെ ഗ്രാമങ്ങളാണെന്നു അഭിപ്രായപ്പെടുകയും ചെയ്തു.

“ഒരു മാസം ഞാനും അഞ്ജുവും കൂടി മഹാരാഷ്ട്രയിലെ പല ഗ്രാമങ്ങൾ സന്ദർശിച്ചു. ആ കാലയളവിൽ അവിടത്തെ ആളുകളും അവരുടെ സംസ്കാരവും ജീവിതശൈലിയുമായെല്ലാം കൂടുതൽ മനസിലാക്കാൻ സാധിച്ചു. അതേ പോലെ എന്റെ കഥയുടെ രൂപവും മാറി മാറി വന്നു. മാജിക്കൽ റിയലിസം കൊണ്ട് വരാനായി കഥയിൽ മാറ്റങ്ങൾ വരുത്തി. ഒരു ഗ്രാമത്തിന്റെ തൊട്ടടുത്ത് ത്രിഡി സിനിമ വരുന്നു എന്നുള്ളതായി കഥ. ആ സിനിമ ഒരാൾ കാണുന്നു, കണ്ടിട്ട് ത്രിഡി കണ്ണട കുട്ടികൾക്ക് സമ്മാനിക്കുന്നു, അതിൽ അത്ഭുതം ഉണ്ടെന്നു പറയുന്നു. കുട്ടികൾ അതിന്റെ അത്ഭുതം എന്താണെന്നു അന്വേഷിക്കുന്നു, ഈ കഥയെ ചുറ്റിപ്പറ്റി ഗ്രാമത്തിലെ മറ്റു രഹസ്യങ്ങൾ ചുരുളഴിയുന്നു. ആ ഒരു മാസം കൊണ്ട് ആനെഗുണ്ടയിൽ ജനിച്ച ആശയം വളരെയധികം രൂപാന്തരപ്പെട്ടു,” ‘എ തിങ് ഓഫ് മാജിക്കി’ലേക്കുള്ള യാത്രയെ കുറിച്ച് നിതിൻ വിവരിച്ചത് ഇങ്ങനെ.

A thing of magic, എ തിങ് ഓഫ് മാജിക്, A thing of Magic cinema, Jio Mami Mumbai film festival, മുംബൈ ചലച്ചിത്രമേള, Nithin Anil, നിതിൻ അനിൽ, Mami mumbai film festival
A Thing Of Magic: A Marathi film by young Malayalis

റിമ ദാസിന്റെ ‘വില്ലേജ് റോക്ക്സ്റ്റാര്‍സ്’

നിരവധി ദേശിയ അവാർഡുകളും അന്തർദേശിയ പുരസ്കാരങ്ങളും നേടിയ റിമ ദാസിന്റെ ‘വില്ലേജ് റോക്ക്സ്റ്റാര്‍സ്’ എന്ന ചിത്രമാണ് തനിക്കു സ്വന്തമായി ഒരു സിനിമ ചെയ്യാനുള്ള ധൈര്യം തന്നതെന്നു നിതിൻ വെളിപ്പെടുത്തി.

“റിമാ ദാസിന്റെ ചിത്രം ‘ദി വില്ലേജ് റോക്ക്സ്റ്റാര്‍സ്’ ചെയ്തിരിക്കുന്ന രീതി ശരിക്കും അത്ഭുതപ്പെടുത്തി. ഒരു ക്യാമറയുണ്ടെങ്കിൽ ആർക്കും ഒരു സിനിമ എടുക്കാവുന്ന ഒരു കാലഘട്ടമാണിത്. അങ്ങനെയാണ് ഒരു സിനിമ ചെയ്യാമെന്ന ആശയം വരുന്നത്. എന്റെ സിനിമ കൊണ്ട് വേറൊരാൾക്ക് നഷ്ടം വരരുത് എന്നത് കൊണ്ടാണ് സിനിമ സ്വയം ഫണ്ടിംഗ് ചെയ്യാൻ തീരുമാനിച്ചത്.”

‘സംഭാഷണങ്ങളൊക്കെ നമ്മുടെ ഭാഷയിൽ തന്നെയാണ് എഴുതിയത്’ എന്നാണ് നിതിന്‍ പറയുന്നത്. മലയാളവും മറാത്തിയും അറിയാവുന്ന ആനന്ദിക എന്ന ഒരു സുഹൃത്താണ് സംഭാഷണങ്ങൾ അഭിനേതാക്കൾക്ക് പറഞ്ഞു കൊടുക്കാൻ നിതിനെ സഹായിച്ചത്.

“ആരാലെയിൽ നമ്മൾ ചിത്രീകരണത്തിനായി പോയപ്പോൾ അവിടത്തെ ആളുകൾ വളരെ സ്വാഗതാർഹമായ പെരുമാറ്റമായിരുന്നു. ഒരു കമ്മ്യൂണിറ്റി പ്രോജക്റ്റ് പോലെയാണ് അവർ ഈ സിനിമയെ കണ്ടത്. ഓഡിഷനായി ഒരു ചെറിയ വീട് എടുത്തു. രണ്ടു കുട്ടികളെയായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ആവശ്യമായി വേണ്ടിയിരുന്നത്. നൂറോളം പേർ ഓഡിഷനായി എത്തിയത് ഞങ്ങളെ അത്ഭുതപ്പെടുത്തി. വന്നവരെല്ലാം തന്നെ വളരെ മികച്ച പ്രകടനമാണ് നടത്തിയത്. അതിൽ നിന്ന് രണ്ടു പേരെ തിരഞ്ഞെടുക്കുന്നത് ബുദ്ധിമുട്ടായ ഒരു കാര്യമായിരുന്നു. പ്രധാന കഥാപാത്രങ്ങൾ രണ്ടു സഹോദരിമാരായതു കൊണ്ട് കണ്ടാൽ സഹോദരിമാരെ പോലെ തോന്നുന്നവരെ വേണമെന്നുള്ളതും ഒരു പ്രധാന ഘടകമായി. അങ്ങനെയാണ് അവസാന റൗണ്ടിൽ എത്തിയ നാല് കുട്ടികളിൽ നിന്നും രണ്ടു പേരെ തിരഞ്ഞെടുത്തത്. അമ്മ പറഞ്ഞു തന്ന ഓഡിഷനെ കുറിച്ചുള്ള ചില മാനദണ്ഡങ്ങളും ഞങ്ങളെ സഹായിച്ചു.”

A thing of magic, എ തിങ് ഓഫ് മാജിക്, A thing of Magic cinema, Jio Mami Mumbai film festival, മുംബൈ ചലച്ചിത്രമേള, Nithin Anil, നിതിൻ അനിൽ, Mami mumbai film festival
A Thing Of Magic has now been selected for MAMI Mumbai Film Festival, India Story category

മുംബൈ ചലച്ചിത്രമേളയിലേക്ക്

മുംബൈ ചലച്ചിത്രമേളയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത് തനിക്കു ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നു നിതിൻ.

“മുംബൈ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് തീർത്തും അപ്രതീക്ഷിതമായിരുന്നു. ഞങ്ങൾ ശരിക്കും ഞെട്ടി. മത്സരത്തിനായി ചിത്രത്തിന്റെ ഫൈനൽ ഡ്രാഫ്റ്റ് കൂടിയല്ല അയച്ചത്, അത് കൊണ്ട് തന്നെ തിരഞ്ഞടുക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ ആദ്യം അത്ഭുതമാണ് തോന്നിയത്. മുംബൈ ചലച്ചിത്രമേള കഴിഞ്ഞയുടനെ തന്നെ അരളിയിലേക്കു പോകുന്നുണ്ട്. അവിടത്തെ ആളുകൾ ചിത്രം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അവടെ ഒരു സ്കൂളിൽ ചിത്രം പ്രദർശിപ്പിക്കാനാണ് പദ്ധതി.”

തന്റെ വരുംകാല പദ്ധതികളെ പറ്റിയും വ്യക്തമായ ധാരണങ്ങളുണ്ട് നിതിന്.

“പല ആശയങ്ങളും മനസിലുണ്ട്. അടുത്തത് ഈ ചിത്രത്തിന്റെ ഒരു ആവർത്തനമാവാതിരിക്കാൻ ശ്രമിക്കും. കുറച്ചും കൂടി ബഡ്‌ജറ്റൊക്കെ വെച്ചൊരു പ്രൊജക്റ്റ് ചെയ്യാനാണ് ഉദേശിക്കുന്നത്,” നിതിന്റെ ശബ്ദത്തില്‍ പ്രത്യാശ നിറയുന്നു.

Read more: മുംബൈ ചലച്ചിത്രമേളയിൽ കയ്യടി നേടി നിവിനും ഗീതുവും മൂത്തോനും

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: A thing of magic director nithin anil interview actor seenath son jio mami film festival

Next Story
മുംബൈ ചലച്ചിത്രമേളയിൽ കയ്യടി നേടി നിവിനും ഗീതുവും മൂത്തോനുംMoothon, മൂത്തോൻ, Nivin Pauly, നിവിൻ പോളി, Geethu Mohandas, ഗീതു മോഹൻദാസ്, Geetu Mohandas, Moothon film, Mumbai film festival 2019, മുംബൈ ചലച്ചിത്രമേള, Jio Mami film fest 2019, ജിയോ മാമി ഫിലിം ഫെസ്റ്റിവൽ, Indian express Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com