അപൂര്‍വ്വ ഇനത്തിലുളള കുതിരയ്ക്ക് രണ്ട് കോടി വില പറഞ്ഞ സല്‍മാന്‍ ഖാന്റെ ഓഫര്‍ കുതിരയുടെ ഉടമ നിരസിച്ചു. സാഖബ് എന്ന കുതിരയുടെ ഉടമയാണ് ബോളിവുഡ് താരത്തോട് ‘നോ’ പറഞ്ഞത്. സല്‍മാന്‍ അടക്കമുളള നിരവധി പേരുടെ ഓഫറാണ് ഉടമ നിരസിച്ചത്. നേരത്തേ പഞ്ചാബിലെ ഒരു സമ്പന്ന കുടുംബം 1.1 കോടി രൂപയ്ക്ക് കുതിരയെ വാങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ കുതിരയെ വിട്ടു നല്‍കാന്‍ ഉടമ തയ്യാറായില്ല. എന്താണ് ആ കുതിരയ്ക്ക് ഇത്ര പ്രത്യേകത എന്നല്ലേ? ലോകത്ത് ഈ ഇനത്തിലുളള മൂന്നേ മൂന്ന് കുതിരകളില്‍ ഒന്നാണ് ഇന്ത്യയിലേത്. ബാക്കി രണ്ടെണ്ണം അമേരിക്കയിലും കാനഡയിലുമാണ്. ഗുജറാത്തിലെ സൂറത്തിലാണ് ഉടമയ്ക്കൊപ്പം ഇപ്പോള്‍ കുതിരയുളളത്. മണിക്കൂറില്‍ 43 കിമി വേഗതയില്‍ മണിക്കൂറുകളോളം നടക്കാന്‍ കഴിയുമെന്നതാണ് ഈ കുതിരയുടെ പ്രത്യേകത. കുതിരപ്പുറത്ത് ഇരിക്കുന്നയാളെ യാതൊരു രീതിയിലും ബുദ്ധിമുട്ടിക്കാതെയാണ് ഈ നടപ്പ്. കുതിരകളില്‍ ഈ പ്രത്യേകത വളരെ അപൂര്‍വ്വമാണ്.

സിറാജ് പഠാന്‍ എന്നാണ് കുതിരയുടെ ഉടമയുടെ പേര്. കുതിരയ്ക്ക് അഞ്ച് വയസ് മാത്രം പ്രായമുളളപ്പോള്‍ 14.5 ലക്ഷം രൂപയ്ക്ക് രാജസ്ഥാനിലെ പലോത്തര മേളയില്‍ നിന്നാണ് വാങ്ങിയത്. മറ്റ് രണ്ട് ഉടമകളില്‍ നിന്നും കൈമാറിയാണ് സാഖബ് പഠാന്റെ കൈയിലെത്തിയത്. നേരത്തേ ‘പവന്‍’ എന്നും ‘തൂഫാന്‍’ എന്നുമായിരുന്നു കുതിരയുടെ പേര്. പിന്നീട് പഠാനാണ് കുതിരയ്ക്ക് സാഖബ് എന്ന പേരിട്ടത്.

പ്രവാചകനായ മുഹമ്മദ് നബിയുടെ കുതിരയുടെ പേരാണ് സാഖബ്. സിന്ധി ഇനത്തില്‍ പെട്ട കുതിര പാക്കിസ്ഥാന്‍ സിന്ധി ഇനത്തില്‍ പെട്ട പെണ്‍കുതിരയുടെ കുട്ടിയാണ്. രാജസ്ഥാനി സുതര്‍വാലി ഇനത്തില്‍ പെട്ട പെണ്‍കുതിരയുടെ ഇണയായിരുന്നു ഈ കുതിര. 19 കുതിരയോട്ട മൽസരങ്ങളിലും തുടര്‍ച്ചയായി ജയിച്ച കുതിരയാണിത്. എന്നാല്‍ സാഖബിനെ ഇത്തരത്തില്‍ കുതിരയോട്ട മൽസരങ്ങളില്‍ പങ്കെടുപ്പിച്ചിട്ടില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook