ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തി എ.ആര്‍ റഹ്മാന്റെ സംഗീത യാത്ര ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ പിന്നിടുന്നു എന്നതായിരിക്കും ഒരു പക്ഷെ 2018ന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. അദ്ദേഹത്തിന്റെ സംഗീതയാത്രയുടെ രജത ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ദുബായിലെ ബോളിവുഡ് പാര്‍ക്കില്‍ വരുന്ന ജനുവരി 26ന് ‘ദി ജേര്‍ണി: സെലിബ്രേറ്റിങ് മ്യൂസിക്’ എന്ന പേരില്‍ വലിയൊരു സംഗീത പരിപാടിയാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി ബോളിവുഡ് പാര്‍ക്കില്‍ ആയിരം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് റഹ്മാന് നല്‍കിയ സംഗീത വിരുന്നാണ് ഇപ്പോള്‍ ട്വിറ്ററിലെ പ്രധാന ചര്‍ച്ചാ വിഷയം. റഹ്മാന്റെ പാട്ടുകള്‍ പാടി ഈ പെണ്‍കുട്ടികള്‍ അദ്ദേഹത്തിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. എന്നാൽ അതിലും വലിയ സർപ്രൈസായിരുന്നു സാക്ഷാൽ റഹ്മാൻ അവിടെയെത്തിയപ്പോൾ ഈ പെൺകുട്ടികൾക്ക്.

തന്റെ പരിപാടിയെക്കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപനം നടത്തുന്നതിനായി ദുബായിലെത്തിയ റഹ്മാൻ അപ്രതീക്ഷിതമായാണ് കുട്ടികൾ പരിശീലനം നടത്തുന്നിടത്ത് ചെല്ലുന്നത്. റഹ്മാനെത്തുമ്പോൾ വന്ദേമാതരം പരിശീലിക്കുകയായിരുന്നു ഈ വിദ്യാർത്ഥികൾ.

പാട്ടുകളുടെ അകമ്പടിയോടെയാണ് റഹ്മാന്‍ ബോളിവുഡ് പാര്‍ക്കില്‍ എത്തിയത്. യാദൃശ്ചികമെന്നു പറയാം, ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തില്‍ ദുബായ് ജനത ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തിയുടെ സംഗീത യാത്രയെ ആഘോഷമാക്കുന്നത്.

1992ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം റോജയിലൂടെയാണ് എ.ആര്‍ റഹ്മാന്‍ എന്ന സംഗീത വിസ്മയത്തെ ലോകം അറിയുന്നത്. ഇന്ത്യന്‍ സംഗീതത്തിന്റെ സാമ്പ്രദായിക ശീലങ്ങളുടെ തരുത്തല്‍ കൂടിയാണ് എ.ആര്‍ റഹ്മാന്‍. നമ്മുടെ സംഗീതത്തിന് പുതുവഴി വെട്ടിയ മനുഷ്യന്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ