മമ്മൂട്ടി, തല അജിത്‌, ഐശ്വര്യ റായ്, തബു എന്നിവര്‍ അഭിനയിച്ച ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന ചിത്രത്തിന് ശേഷം മലയാളിയായ രാജീവ്‌ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ചെന്നൈയില്‍ തുടക്കമായി. ‘സര്‍വ്വ താളമയം’ എന്ന് പേരുള്ള ചിത്രത്തിന് ‘മൊസാര്‍ട്ട് ഓഫ് മദ്രാസ്‌’ എ.ആര്‍.റഹ്മാന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കും. ജി.വി.പ്രകാശ്, അപര്‍ണ്ണാ ബാലമുരളി, നെടുമുടി വേണു, വിനീത്, ദിവ്യദര്‍ശിനി എന്നിവര്‍ അഭിനയിക്കുന്നു. രവി യാദവ് ആണ് ഛായാഗ്രാഹകന്‍. എഡിറ്റിങ് ആന്റണി. ലതയാണ് നിര്‍മാതാവ്.

ഫസ്റ്റ് ലുക്ക്‌

ദൃശ്യ – സംഗീതം വിസ്മയങ്ങളാണ് രാജീവ്‌ മേനോന്‍റെ സിനിമകളെല്ലാം. ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്’ ശേഷം 18 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അദ്ദേഹം ഒരു ചലച്ചിത്ര സംരംഭത്തിലേക്ക് വരുന്നത്. അതുകൊണ്ട് തന്നെ ചിത്രം വലിയ പ്രതീക്ഷകള്‍ ഉയര്‍ത്തുന്നു. ചിത്രം ആരംഭിച്ച വിവരം വലിയ സന്തോഷത്തോടെയാണ് തമിഴ് സിനിമാ ലോകം വരവേറ്റത്.

രാജ്യത്തെ മുതിര്‍ന്ന ക്യാമറാമാന്‍മാരില്‍ ഒരാളായ രാജീവ്‌ മേനോന്‍ പരസ്യ സംവിധാന രംഗത്ത് നിലയുറപ്പിച്ചതിനു ശേഷമാണു സിനിമാ രംഗത്തേക്ക് കടക്കുന്നത്. ആദ്യ ചിത്രം ‘മിന്‍സാരക്കനവ്‌’ വലിയ വിജയമായിരുന്നു. പ്രഭുദേവ, കാജല്‍, അരവിന്ദ് സ്വാമി എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘മിന്‍സാരക്കനവ്‌’ ആ വര്‍ഷത്തെ പുരസ്കാരങ്ങളില്‍ പലതും കൈപ്പറ്റി. കെ.എസ്.ചിത്രയ്ക്ക് രണ്ടാമതും മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ‘ഊ ല ല ല’ എന്ന ഗാനം ഈ ചിത്രത്തിലേതാണ്‌. എ.ആര്‍.റഹ്മാനാണ് സംഗീതം പകര്‍ന്നത്. മലയാളിയായ വേണുവാണ് ‘മിന്‍സാരക്കനവി’ന് ക്യാമറ ചലിപ്പിച്ചത്.

 

മമ്മൂട്ടി നായകനായ ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ ആയിരുന്നു അടുത്ത ചിത്രം. അതിനും റഹ്മാന്‍ തന്നെയായിരുന്നു സംഗീത സംവിധായകന്‍. അബ്ബാസ്, ശ്രീവിദ്യ, രഘുവരന്‍ എന്നിവരും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. രവി കെ.ചന്ദ്രന്‍ ആണ് ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ നു വേണ്ടി ക്യാമറ ചലിപ്പിച്ചത്. ശങ്കര്‍ മഹാദേവന് ദേശീയ പുരസ്കാരം നേടി കൊടുത്ത ‘എന്ന സൊല്ല പോഗിറായ്’ എന്ന ഗാനം ഈ ചിത്രത്തിലേതാണ്‌.

 

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ്‌ ചിത്രമായ ‘ഹരികൃഷ്ണന്‍സില്‍’ മമ്മൂട്ടിക്കും മോഹന്‍ലാനുമൊപ്പം ഒരു പ്രധാന വേഷത്തില്‍ എത്തിയിട്ടുണ്ട് രാജീവ്‌ മേനോന്‍. സംഗീതജ്ഞയായ കല്യാണി മേനോന്‍ ആണ് രാജീവിന്‍റെ മാതാവ്. ഭാര്യ ലത പരസ്യ രംഗത്ത് പ്രശസ്തയായ സംവിധായികയാണ്.

Rajeev Menon Film Starts Rolling1

സര്‍വ്വം താളമയം പൂജ

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ