ഒപ്പം അഭിനയിച്ച നായികമാർക്കൊപ്പം നല്ല സൗഹൃദം പുലർത്തുന്ന നടനാണ് ഷാരൂഖ് ഖാൻ. നടി ദീപിക പദുക്കോണും ഷാരൂഖും നല്ല സുഹൃത്തുക്കളാണ്. ഷാരൂഖ് നായകനായ ‘ഓം ശാന്തി ഓം’ എന്ന ചിത്രത്തിലൂടെയാണ് ദീപിക പദുക്കോൺ ബോളിവുഡിലെത്തുന്നത്. അതിനുശേഷം ഇരുവരും ചെന്നൈ എക്സ്പ്രസ്, ഹാപ്പി ന്യൂ ഇയർ തുടങ്ങിയ ചിത്രങ്ങളിലും ഒരുമിച്ച് അഭിനയിച്ചു.

സ്റ്റാർ പ്ലസിൽ ഷാരൂഖ് ഖാൻ അവതരിപ്പിക്കുന്ന പുതിയ ഷോയാണ് ‘ലക്സ് ഗോൾഡൻ ദിവസ് ബാതേം വിത് ദി ബാദ്ഷ’. ദീപിക പദുക്കോൺ, ആലിയ ഭട്ട്, കത്രീന കെയ്ഫ്, കരീന കപൂർ ഖാൻ, മാധുരി ദീക്ഷിത് തുടങ്ങിയ ബോളിവുഡിലെ പല താര റാണികളും ഷോയിൽ അതിഥികളായി എത്തുന്നുണ്ട്. ആദ്യ എപ്പിസോഡിൽ അതിഥിയായെത്തിയത് ദീപികയായിരുന്നു.

ഷോയ്ക്കിടെയിൽ ദീപിക വളരെ വികാരാധീനയായി. ദീപികയുടെ അമ്മ ഉജ്വാല മകൾക്ക് എഴുതിയ കത്ത് ഷാരൂഖ് ഖാൻ വായിച്ചപ്പോഴാണ് ദീപികയുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പിയത്. സിനിമയിലെത്തുന്നതിന് ദീപിക നേരിട്ട വെല്ലുവിളികളെക്കുറിച്ചും പ്രതീക്ഷ കൈവിടാതെ ദീപിക നേടിയ വിജയവും തന്റെ ഹൃദയത്തിൽ എന്നുമുണ്ടാകുമെന്ന് ഉജ്വാല കത്തിൽ എഴുതിയിരുന്നു. ഷാരൂഖ് ഖാൻ കത്ത് വായിച്ചുകൊണ്ടിരിക്കെ ദീപിക കരഞ്ഞു. കത്ത് വായിച്ച് തീർന്നതും ദീപികയുടെ അടുത്തെത്തി ഷാരൂഖ് കണ്ണുകൾ തുടച്ച് ആശ്വസിപ്പിച്ചു. ഷാരൂഖിന്റെ ഈ പ്രവൃത്തി ആരാധകരുടെ ഹൃദയം കവർന്നിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ