/indian-express-malayalam/media/media_files/uploads/2023/06/mohanlal-kamalhasan.jpg)
Mohanlal & Kamal Haasan
കമൽഹാസന്റെ കരിയറിലെ സമീപകാലത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രം ഏതെന്നു ചോദിച്ചാൽ 'വിക്രം' എന്നാവും മറുപടി. ഉലകനായകന്റെ സ്ക്രീൻ പ്രസൻസിനെയും സ്വാഗിനെയുമെല്ലാം ആഘോഷമാക്കുന്ന ചിത്രമായിരുന്നു വിക്രം. തനിക്ക് ഏറ്റവും ആരാധന തോന്നിയിട്ടുള്ള കമല്‍ ഹാസൻ എന്ന അഭിനേതാവിന് ലോകേഷ് നല്‍കിയിരിക്കുന്ന ട്രിബ്യൂട്ട് ഫിലിം ആയിരുന്നു വിക്രം. പല ഘടകങ്ങൾ കൊണ്ട് 'വിക്രം' തനിക്കും ഹൃദ്യമായൊരു അനുഭവമായിരുന്നുവെന്ന് കമൽഹാസനും പിന്നീട് പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്.
'വിക്ര'ത്തിന്റെ ചിത്രീകരണം പൂർത്തിയായ സന്തോഷം പങ്കിടുന്ന വേളയിൽ ലോകേഷിന്റെ കവിളിൽ സ്നേഹത്തോടെ ഉമ്മ വയ്ക്കുന്ന കമൽഹാസന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. സമാനമായൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. 'മലൈക്കോട്ടൈ വാലിബൻ' പൂർത്തിയാക്കിയ ശേഷം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ കവിളിൽ ചുംബിക്കുന്ന മോഹൻലാലിന്റെ ചിത്രത്തെ കമൽഹാസൻ- ലോകേഷ് ചിത്രത്തോടാണ് ആരാധകർ താരതമ്യപ്പെടുത്തുന്നത്.
ലോകേഷിന്റെ ചിത്രത്തിൽ കമൽഹാസനുള്ള ആത്മവിശ്വാസമായിരുന്നു ആ ചിത്രത്തിൽ പ്രതിഫലിച്ചതെന്നും, അതുപോലെ മോഹൻലാലിന്റെ ചുംബനം ലിജോയുടെ സംവിധാന മികവിലുള്ള താരത്തിന്റെ അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതീകമാണെന്നും ആരാധകർ വിലയിരുത്തുന്നു.
ലിജോയും മോഹൻലാലും ആദ്യമായി കൈകോർക്കുന്ന 'മലൈക്കോട്ടൈ വാലിബൻ' പ്രഖ്യാപിക്കപ്പെട്ട അന്നു മുതൽ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകരും ഉറ്റുനോക്കുന്നത്. മോഹൻലാൽ എന്ന നടനെ ലിജോ എന്ന സംവിധായകൻ എങ്ങനെയാവും ഉപയോഗപ്പെടുത്തുക എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ജോൺ ആൻഡ് മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേൻ മൂവി മോണാസ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് 'മലൈക്കോട്ടൈ വാലിബൻ' നിർമ്മിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ ഗുസ്തിക്കാരനായാണ് വേഷമിടുന്നത് എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന്റെ ചിത്രീകരണം രാജസ്ഥാനിലായിരുന്നു.
മമ്മൂട്ടിയെ പ്രധാന കഥാപാത്രമായി ഒരുക്കിയ 'നൻപകൽ നേരത്ത് മയക്കം' ആണ് ലിജോയുടെ അവസാനം റിലീസിനെത്തിയ ചിത്രം. ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ച ചിത്രം രജത ചകോരം നേടിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.