ജീവിതത്തിന്റെ ഫുൾ സ്റ്റോപ്പാണ് മരണമെന്ന് പറയാറുണ്ട്. ജീവന്റെ തുടർച്ചയ്ക്ക് വിരാമമിടുന്ന പ്രതിഭാസം. പക്ഷേ മരണത്തെയും കല കൊണ്ട് ജയിക്കുന്നവരുണ്ട്. ഒരു ഫുൾ സ്റ്റോപ്പിലും അവർ അവസാനിക്കുന്നില്ല, കലയെന്ന അമൃതു നുകർന്ന അവർക്ക് മരണമില്ല. മലയാളികൾക്കു ഇന്നസെന്റും വിരാമങ്ങളില്ലാത്തൊരു തുടർച്ചയാണ്. ഇന്നസെന്റ് എന്നു കേൾക്കുമ്പോൾ അദ്ദേഹം അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങളെയാണ് നമ്മുടെ മനസ്സിലേക്ക് കയറിവരിക. ഓരോ മലയാളിയുടെയും മനസ്സിൽ പതിഞ്ഞ എത്രയോ ഇന്നസെന്റ് ഭാവങ്ങൾ, ചിരിയുടെ അമിട്ടുപൊട്ടിച്ച നൂറായിരം സംഭാഷണങ്ങൾ, തഗ്ഗുകൾ… മലയാളികളുടെ മനസ്സിന്റെ തീരത്തു നിന്നും ഒരു മരണത്തിരയ്ക്കും അത്ര വേഗം മായ്ച്ചു കളയാനാവില്ല ഇന്നസെന്റ് എന്ന മനുഷ്യനെ. കാരണം ഓരോ മലയാളിയുടെയും നിത്യജീവിതത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ട് ഇന്നസെന്റ് പകർന്ന ചിരിയുടെ സ്ഫുരണങ്ങൾ. ഓരോരുത്തരും ജീവിതത്തിൽ എത്ര തവണ കടം കൊണ്ടിട്ടാവും ഇന്നസെന്റ് ഡയലോഗുകൾ!
ലോകത്തു ആർക്കും ലോട്ടറി അടിച്ചാലും നമ്മളാദ്യം ഓർക്കുക, കിലുക്കത്തിലെ കിട്ടുണ്ണിയെ ആണ്. കേട്ടത് വിശ്വസിക്കാനാവാതെ, കണ്ണ് മിഴിച്ചു, അടിച്ചു മോളെ എന്ന് പറഞ്ഞൊപ്പിച്ചു സന്തോഷം താങ്ങാൻ ആവാതെ വെട്ടിയിട്ട വാഴ പോലെ വീഴുന്ന കിട്ടുണ്ണിയെ. ജഡ്ജി ഏമാനിൽ നിന്നും ഒരായുഷ്കാലം അനുഭവിച്ച പീഡനങ്ങൾക്കെല്ലാം പകരമായി, മുതലാളിയെ മത്തങ്ങാ തലയാ എന്ന് വിളിച്ചു അന്തസ്സായി ഇറങ്ങി പോവുന്ന കിട്ടുണ്ണി. അന്നും ഇന്നും മലയാളികളുടെ ലോട്ടറി സ്വപ്നങ്ങൾക്ക് കിട്ടുണ്ണിയുടെ മുഖമാണ്.

ആർക്കാണ് ദേവാസുരത്തിലെ വാര്യരെ മറക്കാൻ ആവുക? ചട്ടമ്പിയും താന്തോന്നിയുമായ നീലകണ്ഠൻ എന്ന മനുഷ്യനെ വാര്യരോളം മനസ്സിലാക്കിയ മറ്റാരുണ്ട്? വീണുപോയിട്ടും വിട്ടുപോവാതെ നീലകണ്ഠനെ പൊതിഞ്ഞ സ്നേഹത്തിന്റെ പേരാണ് വാര്യർ. ഏതു ഇരുട്ടിലും പ്രളയത്തിലും കൂട്ടാവുന്ന വാര്യരെ പോലൊരു സുഹൃത്തിനെ ആരാണ് ആഗ്രഹിക്കാതിരിക്കുക. അത്ര എളുപ്പമല്ല വാര്യരാവാൻ. എളുപ്പമാണെന്ന് തോന്നുന്നുവെങ്കിൽ, അതിനു കാരണം ആ കഥാപാത്രത്തെ അവതരിപ്പിച്ചത് ഇന്നസെന്റ് ആയതാണ്.

ഏതു കടമ്പയും ചാടി കടക്കുമ്പോൾ മലയാളി മറക്കാതെ വിയറ്റ്നാം കോളനിയിലെ കെകെ ജോസഫിനെ ഓർക്കും. ഇതല്ല ഇതിനപ്പുറവും ചാടി കടന്നവനാണ് ഈ കെ കെ ജോസഫ് എന്ന ഡയലോഗ് നിറചിരിയോടെ മാത്രമേ ഓർക്കാനാവൂ. എത്ര ലേറ്റ് ആയാലും അര മണിക്കൂർ മുൻപ് പുറപ്പെടാമെന്നു മലയാളിയെ പഠിപ്പിച്ചത് മത്തായിച്ചനാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും മാന്നാർ മത്തായിയിലെ മത്തായിച്ചന്റെ ആ നമ്പർ ജീവിതത്തിൽ എടുത്തു പ്രയോഗിക്കാത്തവർ ഉണ്ടാവുമോ? “മത്തായിച്ചൻ ഉണ്ടോ?” എന്നു ചോദ്യത്തിന് “ഇല്ല, ഉണ്ടില്ല” എന്നും ഇരുട്ടിൽ പേടിപ്പെടുത്തുന്ന വാഴയെ നോക്കി, “വാഴ ആണെങ്കിലെന്താ വാ തുറന്നു പറഞ്ഞുകൂടെ?” എന്നൊക്കെ ഉരുളയ്ക്ക് ഉപ്പേരി മറുപടികൾ നൽകുക മത്തായിച്ചൻ.
ഇപ്പോഴും ക്യാമറയ്ക്കു മുന്നിലെത്തി ‘ബബ്ബ ബബ്ബ ബ്ബ’ അടിക്കേണ്ടി വരുന്ന ഓരോ സിറ്റുവേഷനിലും മലയാളി അഴകിയ രാവണിലെ കരയോഗം പ്രസിഡന്റിനെ ഓർക്കും, ‘തോന്നക്കൽ പഞ്ചായത്തിലെ അരിമണികൾ’ പെറുക്കി പെറുക്കി ക്ഷീണിച്ച അഭിനയമോഹിയെ.
പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റിൽ, ചങ്ങാതിക്കു പദ്മശ്രീ അല്ല, ഷെവലിയാർ വരെ മേടിച്ചു കൊടുക്കാൻ തയ്യാറായി ചൂട്ടും കത്തിച്ച് അരി പ്രാഞ്ചിയ്ക്ക് മുന്നിൽ നടക്കുന്നത് മേനോനാണ്. ചങ്ങാതിയോടുള്ള ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെ ഏറെ തന്മയത്വത്തോടെയാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്. ഇന്നസെന്റിന്റെ ശരീരഭാഷയിൽ തന്നെയുണ്ട് ചിരിയുടെ പൂത്തിരികൾ കത്തിക്കുന്ന ചില മാനറിസങ്ങൾ. പ്രാഞ്ചിയുടെ കയ്യിൽ നിന്നും അടിയും വാങ്ങി തിരിച്ചിറങ്ങുമ്പോഴുള്ള സങ്കടവും ദേഷ്യവും കലർന്ന ആ മുഖഭാവവും നടപ്പുമൊക്കെ എപ്പോൾ കണ്ടാലും ചിരി സമ്മാനിക്കുന്നതാണ്.

കല്യാണരാമനിലെ മിസ്റ്റർ പോഞ്ഞിക്കരയുടെ ‘മ്യൂസിക് വിത്ത് ബോഡി മസിൽ ഷോ’ എങ്ങനെ മറക്കാനാണ്. ബോഡി ബിൽഡിംഗിൽ താൽപ്പര്യമുള്ള മനുഷ്യരെയൊക്കെ മിസ്റ്റർ പോഞ്ഞിക്കര എന്നു തമാശയ്ക്ക് നമ്മൾ വിളിക്കുന്നതും ആ ഇന്നസെന്റ് കഥാപാത്രത്തോടുള്ള സ്നേഹം കൊണ്ടാണ്. അതെന്താ നിനക്കു ചോറു വേണ്ടാത്തത്, അവന്റെ അമ്മേടെ വീടിനടുത്താ എന്റെ വീട് എന്നിട്ടാ അവനെന്നോടിങ്ങനെ തുടങ്ങിയ ഡയലോഗുകളിലൂടെ ചിരിയുടെ മാലപ്പടക്കത്തിനാണ് ഇന്നസെന്റ് തിരികൊളുത്തുന്നത്.
കല്യാണരാമനിൽ ഇന്നസെന്റ് വെറുതെ പറഞ്ഞുപോവുന്ന ഒരു കഥാപാത്രമാണ് ടിന്റുമോൻ. ചിത്രത്തിലെ ഒരു രംഗത്തിൽ ഇന്നസെന്റിന്റെ പോഞ്ഞിക്കര എന്ന കഥാപാത്രം തന്റെ മുൻജന്മത്തിൽ താൻ ടിന്റുമോൻ ആയിരുന്നുവെന്നും, ലിറ്റിൽ ഫ്ലവർ കോൺവന്റ് ഗേൾസ് ഹൈസ്കൂൾ, നടത്തറയിൽ എൽ.കെ.ജി.യിൽ പഠിക്കുമ്പോൾ പ്രമേഹം വന്നു മരിച്ചു എന്നുമാണ് അവകാശപ്പെടുന്നത്. മലയാളികളുടെ ട്രോളിടങ്ങളിലും സോഷ്യൽ മീഡിയയിലുമെല്ലാം ഇപ്പോഴും നിറഞ്ഞുനിൽക്കുന്ന കഥാപാത്രം കൂടിയാണ് ടിന്റുമോൻ.
മണിച്ചിത്രത്താഴിലെ ഉണ്ണിത്താൻ ഒരു കാർട്ടൂൺ കഥാപാത്രം പോലെ മലയാളിയെ ചിരിപ്പിച്ച ഒരാളാണ്. ഭയം കൊണ്ട് വിറയ്ക്കുമ്പോഴും ധൈര്യം സംഭരിച്ച് ഉണ്ണിത്താൻ പറഞ്ഞ ഡയലോഗുകളെല്ലാം നിറചിരിയാണ് മലയാളിക്ക് സമ്മാനിച്ചത്. ’അമ്മാവനോ, ആരുടെ അമ്മാവൻ, എവിടുത്തെ അമ്മാവൻ… അടുക്കരുത് അടുക്ക കൂടാത്,’ കാലൻ കുടയും ചൂണ്ടിപിടിച്ച് സ്ഥലം കാലിയാക്കാൻ ധൃതിവയ്ക്കുന്ന ആ ശരീരഭാഷയിൽ പോലും ഒരഴകുണ്ട്. ഭയം മാത്രമല്ല, നിഷ്കളങ്കതയേയും എത്ര മനോഹരമായാണ് ഉണ്ണിത്താൻ അവതരിപ്പിക്കുന്നത്. മാടമ്പള്ളി അറയിൽ നിന്നും പേടിച്ച് ഇറങ്ങുന്ന രാഘവോ, രാജപ്പാ വിളി മുതൽ മാടമ്പള്ളിയിലെ താക്കോൽ എടുക്കാൻ എന്തിനാ ദാസപ്പാ പാതാളകരണ്ടി/ എന്താ ഭാസുരേ നിനക്കിപ്പോ ഇങ്ങനെ തോന്നാൻ/ കാര്യം ഭാര്യയും ഭർത്താവുമാ, ഞാൻ വീട്ടിലേക്ക് വരാന്ന്, ഉണ്ണിത്താൻ വാക്കു പറഞ്ഞാ വാക്കാ/ നകുലൻ കുട്ടി എനിക്ക് ഭ്രാന്തില്ലെന്നു ആ ഭ്രാന്തിന്റെ ഡോക്ടറോട് പറയൂട്ടോ തുടങ്ങിയ ഡയലോഗുകൾ വരെ അവതരിപ്പിക്കുമ്പോഴുള്ള ഇന്നസെന്റിന്റെ വോയിസ് മോഡുലേഷൻ ആരുമൊന്നു ശ്രദ്ധിച്ചുപോവും.

ക്രോണിക് ബാച്ചിലറിൽ ഒരു പടക്കകട മൊത്തം കത്തിച്ചിട്ട് നിഷ്കളങ്കനായി വന്ന്, “എന്താപ്പോ ഇവിടെ ണ്ടായേ, ആരാ പടക്കം പൊട്ടിച്ചേ, ഇന്നെന്താ വിഷുവാ?” എന്നൊരു ചോദ്യമുണ്ട്. ബിഗ് ബിയിൽ ഒരൊറ്റ സീനിൽ വന്നു ഇന്നസെന്റ് ഉണ്ടാക്കിയ ചിരിമേളം ചെറുതല്ല. “ആഴ്ചയിലൊരിക്കൽ മുണ്ടുടുക്കണമെന്നാണ് മുഖ്യമന്ത്രി പറയണത്. മുണ്ടുടുക്കാൻ എം എൽ എമാരെ പറഞ്ഞയക്കോ? ബാറുള്ളോടത്തോളം കാലം ഒരു ഡബിൾമുണ്ട് ഒറ്റക്കൊരാൾക്കുടുക്കാൻ പറ്റില്ല,” എന്ന് തോൽവി സമ്മതിച്ച് റോഡിൽ നിലത്തു കിടന്നുരുളുന്ന ആ രംഗം കണ്ടുനിൽക്കുന്നവരിലെല്ലാം ചിരിയുണർത്തുന്നുണ്ട്.
മനസ്സിനക്കരെയിൽ മദ്യപിച്ച് കയ്യിലൊരു കോഴിയുമായി വന്നിരുന്ന് പ്രസംഗവേദിയെ അലങ്കോലമാക്കുന്ന ചാക്കോ മാപ്പിളയുടെ നിഷ്കളങ്കമായ ചോദ്യങ്ങളും മറക്കാനാവാത്ത കഥാപാത്രമാണ്. മോഹൻദാസ് കരംചന്ദ് ഗാന്ധി കിനാശ്ശേരിക്കാരനാണോ എന്നാണ് ചാക്കോ മാപ്പിളയുടെ ചോദ്യം.

ഈ പട്ടികയിലൊന്നും തീരുന്നില്ല ഇന്നസെന്റിന്റെ ജനപ്രീതി നേടിയ കഥാപാത്രങ്ങൾ. നന്ദനത്തിലെ കേശവൻ നായർ, ചന്ദ്രലേഖയിലെ ഇരവിപിള്ള, വടക്കുനോക്കിയന്ത്രത്തിലെ ഉപദേശിയായ തലക്കുളം സർ, നാടോടിക്കാറ്റിലെ ബാലഗോപാലൻ, സന്ദേശത്തിലെ യശ്വന്ത് സഹായി, തലയണമന്ത്രത്തിലെ ഡാനിയൽ, ഗോഡ്ഫാദറിലെ സ്വാമിനാഥൻ, മഴവിൽക്കാവടിയിൽ ശങ്കരൻകുട്ടി മേനോൻ, മിഥുനത്തിലെ ലൈൻമാൻ കെ.ടി. കുറുപ്പ്, കാബൂളിവാലയിലെ കന്നാസ്, ആറാം തമ്പുരാനിലെ എസ് ഐ ഭരതൻ, കഥ പറയുമ്പോളിലെ ഈപ്പച്ചൻ മുതലാളി, നരനിലെ കേളപ്പേട്ടൻ, രസതന്ത്രത്തിലെ മണികണ്ഠനാശാരി, ഇന്ത്യൻ പ്രണയ കഥയിലെ ഉതുപ്പ് വള്ളിക്കാടൻ, നമ്പർ 20 മദ്രാസ് മെയിലിലെ ടിടി കഥാപാത്രം തുടങ്ങി ആ കഥാപാത്രങ്ങളുടെ നിര നീളുന്നു.
ഇത്രയും കഥാപാത്രങ്ങൾ മലയാളികളുടെ മനസ്സിൽ അരങ്ങുവാഴുമ്പോൾ ഇന്നസെന്റ് എവിടെ പോവാനാണ്! ഇനിയുമെത്രയോ തലമുറകളെ ആ കഥാപാത്രങ്ങൾ ചിരിപ്പിച്ചുകൊണ്ടേയിരിക്കും, മലയാളികളുടെ ജീവിതപരിസരങ്ങളിൽ മത്തായിച്ചനായും വാര്യരായും കെ കെ ജോസഫായും കിട്ടുണ്ണിയായും പോഞ്ഞിക്കരയായുമൊക്കെ ഇനിയും ഇന്നസെന്റ് ജീവിക്കും.