പ്രശസ്ത സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ ഏറ്റവും പുതിയ ചിത്രം ഡണ്‍കിര്‍ക്ക് മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ലക്ഷക്കണക്കിന് ആളുകള്‍ ഇതിനകം ചിത്രം കണ്ട് തങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തി. പോണ്‍ സ്റ്റാറായ മിയ ഖലീഫയും ഡണ്‍കിര്‍ക്കിനെ നിരൂപിച്ച് രംഗത്തെത്തുകയും ചെയ്തു. കൂടാതെ ചിത്രത്തെ കുറിച്ച് സംസാരിക്കാന്‍ ഒരു യൂട്യൂബ് ചാനല്‍ തന്നെ താരം ഉണ്ടാക്കുകയും ചെയ്തു.

ആദ്യം നോളനെ അധിക്ഷേപിക്കുന്ന തരത്തിലുളള ട്വീറ്റിലൂടെയാണ് മിയ ചിത്രത്തെ ഇകഴ്ത്തിയത്. തന്റെ പട്ടികളോടുളള ഇഷ്ടത്തേക്കാള്‍ കൂടുതല്‍ നോളനോട് ആണെന്നും എന്നാല്‍ ഡണ്‍കിര്‍ക്ക് തന്നേക്കാള്‍ മോശമാണെന്നും മിയ ട്വീറ്റ് ചെയ്തു. തന്റെ കയ്യില്‍ ഒരു തോക്ക് ഉണ്ടെന്ന് എല്ലാവരും അറിയണമെന്ന് പറഞ്ഞാണ് മിയ യൂട്യൂബില്‍ നിരൂപണം ആരംഭിക്കുന്നത്. സിനിമയെ കുറിച്ച് ആറ് മിനുറ്റിന് മുകളിലാണ് താരം സംസാരിച്ചത്. എന്നാല്‍ പത്തില്‍ ഏഴ് മാര്‍ക്ക് മിയ ചിത്രത്തിന് നല്‍കുന്നുമുണ്ട്.

തന്റെ എക്കാലത്തേയും ഇഷ്ടപ്പെട്ട സംവിധായകന്‍ നോളന്‍ ആണെന്നും എന്നാല്‍ ഡണ്‍കിര്‍ക്കില്‍ നടന്ന രക്ഷാപ്രവര്‍ത്തനം ചിത്രത്തില്‍ കണ്ടപ്പോള്‍ രണ്ടര മാസം എടുത്തോയെന്ന ആശയക്കുഴപ്പത്തിലാണെന്നും മിയ പറയുന്നു. എന്നാല്‍ മൂന്ന് വ്യത്യസ്ഥ കാലങ്ങളെ സമന്വയിപ്പിച്ചാണ് ഡണ്‍കിര്‍ക്കിന്റെ കഥ മുന്നോട്ട് പോകുന്നത്. ഇതിലാണ് ആശയക്കുഴപ്പമെന്ന് മിയ പറയുന്നത്. ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ ഇത് വിശദീകരിക്കുന്നുണ്ട്. ഡണ്‍കിര്‍ക്ക് ബീച്ചില്‍ നടക്കുന്ന ഒരാഴ്ച്ചത്തെ സംഭവം, കടലിലെ ഒരു ദിവസം, ആകാശത്തിലെ ഒരു മണിക്കൂര്‍ എന്നിവയാണ് ചിത്രത്തില്‍ വരച്ചുകാണിക്കുന്നത്. ചിത്രത്തില്‍ നാസികളാണ് ശത്രുക്കളെന്ന് പറയാതെ പറഞ്ഞെങ്കിലും ഇതും ആശയക്കുഴപ്പമുണ്ടാക്കുന്നെന്ന് മിയ അഭിപ്രായപ്പെടുന്നു. ആര് ആരൊക്കെയാണെന്ന് പറഞ്ഞു തരുന്നതില്‍ ചിത്രം പരാജയമാണെന്നാണ് മിയയുടെ അഭിപ്രായം.

ചിത്രത്തില്‍ നാസികളെ കുറിച്ച് സംവിധായകന്‍ പ്രതിബാധിക്കുന്നില്ലെങ്കിലും ‘ശത്രുക്കള്‍’ എന്ന് ഒറ്റയിടത്ത് മാത്രം പറഞ്ഞ് കാഴ്ച്ചക്കാരന് വിട്ടുകൊടുക്കകയാണ് ചെയ്യുന്നത്. കൂടാതെ ശത്രുസൈന്യത്തെ നിഴലായോ മങ്ങിയ കാഴ്ച്ചയായോ മാത്രമാണ് നോളന്‍ അവതരിപ്പിക്കുന്നത്.

ചിത്രീകരണത്തിനായി നോളന്‍ വെളളത്തില്‍ എത്ര ഐമാക്സ് ക്യാമറകള്‍ പാഴാക്കിയെന്നും മിയ പരിഹസിച്ചു. കൂടാതെ ഡണ്‍കിര്‍ക്ക് തീരവും കടലും എങ്ങനെയാണ് വിഷ്യല്‍ എഫക്ട് ഉപയോഗിച്ച് ചിത്രീകരിച്ചതെന്നും മിയ ചോദിച്ചു.

യഥാര്‍ത്ഥത്തില്‍ പതിറ്റാണ്ടുകള്‍ക്കിപ്പുറം 70എംഎമ്മില്‍ ചിത്രീകരിച്ച ചിത്രമാണ് ഡണ്‍കിര്‍ക്ക്. കൂടാതെ രണ്ടാം ലോക മഹായുദ്ധകാലത്ത് രക്ഷാപ്രവര്‍ത്തനം നടന്ന ഡണ്‍കിര്‍ക്ക് തീരത്തും ഇംഗ്ലീഷ് ചാനല്‍ കടലിലും വെച്ചാണ് ചിത്രീകരണം നടന്നത്. രണ്ടാംലോക മഹായുദ്ധകാലത്ത് ഉപയോഗിച്ച വിമാനങ്ങളും, പടക്കപ്പലുകളും, ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ച ബോട്ടുകളും തന്നെയാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.

1940ല്‍ രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ സൈന്യം ഫ്രാന്‍സിലെ ഡണ്‍കിര്‍ക്ക് തീരത്ത് പെട്ടുപോകുന്നതാണ് പ്രമേയം. ഡണ്‍കിര്‍ക്ക് തീരത്ത് ജര്‍മന്‍ സൈന്യത്താല്‍ വളയപ്പെട്ട്, ഒന്നുകില്‍ കീഴടങ്ങുക, അല്ലെങ്കില്‍ മരിക്കുക എന്ന അവസ്ഥയില്‍ എത്തിയ സഖ്യകക്ഷി സൈനികരുടെ അനുഭവങ്ങളാണ് സിനിമ പറയുന്നത്.  പ്രമേയത്തെ പ്രേക്ഷകര്‍ക്ക് മുന്നില്‍ തീവ്രതയേറിയ അനുഭവാക്കു മാറ്റുന്നതില്‍ നോളന്‍ വിജയിച്ചിട്ടുണ്ട്. കാഴ്ച്ചക്കാരന്റെ നോട്ടത്തിലൂടെയാണ് ചിത്രത്തിലെ ഓരോ രംഗങ്ങളും മുന്നോട്ട് പോകുന്നത്. വെളളത്തിലും കരയിലും ആകാശത്തും കഥാപാത്രങ്ങള്‍ക്കൊപ്പം കാഴ്ച്ചക്കാരനും സാക്ഷിയാവുന്ന അപൂര്‍വ്വ അവതരണം തന്നെയാണ് ചിത്രം. തിരക്കഥയ്ക്കപ്പുറം ദൃശ്യത്തിനൊപ്പം പ്രേക്ഷകനെ കൈപിടിച്ച് നടത്തിയ ഛായാഗ്രാഹകന്റെ മികവാണ് മുന്നിട്ട് നില്‍ക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ