നടി തമന്നയ്ക്കു നേരെ ചെരുപ്പേറ്. ഹൈദരാബാദിലെ ഹിമായത്‌നഗറിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ചെരുപ്പേറ് ഉണ്ടായത്. സംഭവത്തിൽ 31 കാരനായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ജുവലറി ഉദ്ഘാടനത്തിനായാണ് തമന്ന ഹിമായത്‌നഗറിൽ എത്തിയത്. തമന്നയെ കാണാനായി വലിയൊരു കൂട്ടം തന്നെ എത്തിയിരുന്നു. ജുവലറിയിൽനിന്നും പുറത്തെത്തിയ തമന്ന ആരാധകരെ നോക്കി അഭിവാദ്യം ചെയ്യവേയാണ് കരിമുല്ല എന്ന യുവാവ് തന്റെ കാലിലെ ഷൂ അഴിച്ചെടുത്ത് നടിക്കുനേരെ എറിഞ്ഞത്. എന്നാൽ ചെരുപ്പ് തമന്നയുടെ ദേഹത്ത് കൊണ്ടില്ലെന്നും പകരം സമീപത്തുനിന്ന ജുവലറി ജീവനക്കാരന്റെ ദേഹത്താണ് കൊണ്ടതെന്നും നാരായൺഗുണ്ട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.രവീന്ദർ പറഞ്ഞു.

ഉടൻ തന്നെ പൊലീസ് കരീമുല്ലയെ കസ്റ്റഡിയിലെടുത്തു. തമന്ന അടുത്തിടെ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങൾ കണ്ടതിൽനിന്നും രൂപം കൊണ്ട അമർഷമാണ് നടിക്കുനേരെ ചെരുപ്പെറിയാൻ കാരണമെന്ന് ചോദ്യം ചെയ്യലിൽ യുവാവ് വ്യക്തമാക്കിയെന്ന് ഇൻസ്പെക്ടർ പറഞ്ഞു. ചെരുപ്പ് ദേഹത്ത് കൊണ്ട ജുവലറി ജീവനക്കാരന്റെ പരാതിയിൽ കേസെടുത്തെന്നും അദ്ദേഹം വ്യക്തമാക്കി. കരീമുല്ല ബിടെക് ബിരുദധാരിയാണ്.

തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ തമന്ന അഭിനയിച്ചിട്ടുണ്ട്. തമിഴിൽ വിക്രം നായകനായ സ്കെച്ച് ആണ് തമന്നയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം. ഹിന്ദി സിനിമ ക്വീനിന്റെ തെലുങ്ക് റീമേക്കിലാണ് തമന്ന ഇപ്പോൾ അഭിനയിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ