scorecardresearch
Latest News

സ്ക്രീനിലെ താരങ്ങൾ, കളിക്കളത്തിലെയും

വിവിധ ഭാഷകളിലെ അഭിനേതാക്കൾ അണിനിരക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് അരങ്ങൊരുങ്ങി കഴിഞ്ഞു. സി3 കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ പരിശീലനകളരിയിൽ നിന്നുള്ള കാഴ്ചകൾ

CCL 2023, CCL 2023 teams, CCL 2023 squad, CCL 2023 Players List, CCL 2023 Kerala Strikers

സൂര്യൻ കത്തിജ്വലിച്ചുനിൽക്കുന്ന കൊച്ചിയുടെ പകൽ. എറണാകുളം രാജഗിരി ക്രിക്കറ്റ് ഗ്രൗണ്ടിലെത്തുമ്പോൾ ഉച്ചവെയിലിനെ പോലും വകവെയ്ക്കാതെ എതിരാളികളെ തോൽപ്പിക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് കേരള സ്ട്രൈക്കേഴ്സ്. ആത്മവിശ്വാസത്തോടെ ബാറ്റു ചെയ്യുകയാണ് ഉണ്ണി മുകുന്ദനും വിജയ് യേശുദാസും. തനിക്കു നേരെയെത്തുന്ന പന്തുകളെയെല്ലാം സിക്സറും ഫോറുമാക്കി ബൗണ്ടറി കടത്തി വിടുന്ന ഉണ്ണിയെ കണ്ട് പവലിയനിലിരുന്ന് കലാഭവൻ പ്രജോദിന്റെ കൗണ്ടർ, “സിനിമയിലും ഗ്രൗണ്ടിലും അവനിപ്പോൾ നല്ല ഫോമിലാണ്.” ഉണ്ണി മുകുന്ദനൊപ്പം നോൺ സ്ട്രൈക്കറായി ക്രീസിൽ നിലയുറപ്പിച്ചിരിക്കുന്ന വിജയ് യേശുദാസിനെ നോക്കിയായിരുന്നു സംഘാംഗങ്ങളുടെ അടുത്ത കൗണ്ടർ, “ആ ചങ്ങാതിയെ അങ്ങനെയൊന്നും ഫീൽഡ് ഔട്ടാക്കാൻ പറ്റില്ല, ദാസേട്ടന്റെ മോനാണത്.”

വീറും വാശിയും മാത്രമല്ല, അതിനൊപ്പം സൗഹൃദവും കളി ചിരികളുമായി സെലബ്രിറ്റി ക്രിക്കറ്റ് ലീഗിനുള്ള അവസാനഘട്ട ഒരുക്കത്തിലായിരുന്നു സി3 കേരള സ്ട്രൈക്കേഴ്സ് ടീം. സെലബ്രിറ്റി ക്രിക്കറ്റ് ലീഗ് 2023ൽ , കേരളത്തിന്റെ ആദ്യമത്സരം ഫെബ്രുവരി 19ന് റായ്പൂരിൽ നടക്കും. തെലുങ്കു വാരിയേഴ്സാണ് എതിരാളികൾ.

കഴിഞ്ഞ ഒന്നരമാസമായി കോച്ച് മനോജ്‌ ചന്ദ്രന്റെ കീഴിൽ കൊച്ചിയിൽ പരിശീലനം നടത്തി വരികയാണ് ടീം. കുഞ്ചാക്കോ ബോബൻ ക്യാപ്റ്റനാവുന്ന ടീമിൽ 20 അംഗങ്ങളാണ് ഉള്ളത്. കൊച്ചിയിലെയും ആലപ്പുഴയിലേയും വിവിധ ക്ലബ്ബുകളുമായി ഇതുവരെ എട്ടോളം സൗഹൃദമാച്ചുകൾ ഇവർ കളിച്ചു കഴിഞ്ഞു. കളിച്ച എട്ടുമാച്ചുകളിൽ ഏഴെണ്ണത്തിലും വിജയം കേരള സ്ട്രൈക്കേഴ്സിനു തന്നെയായിരുന്നു.

“വളരെ ചിട്ടയോടെയാണ് ഇവിടെ പരിശീലനം നടക്കുന്നത്. ക്രിക്കറ്റിനോട് അങ്ങേയറ്റം താൽപ്പര്യമുള്ളവരാണ് ടീമിലുള്ളവരെല്ലാം. ഗൗരവപൂർവ്വമാണ് ഇവർ കളിയെ സമീപിക്കുന്നത്. അതു കൊണ്ടു തന്നെ കൂടുതൽ പ്രഷർ കൊടുക്കേണ്ട ആവശ്യം വരുന്നില്ല. കർക്കശക്കാരനായ ഒരു കോച്ചല്ല ഇവർക്ക് ഞാൻ. എല്ലാവരും പരിശീലനത്തിനായി കൃത്യസമയത്ത് മൈതാനത്തെത്തും. ഫിറ്റ്നസ്സ് കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കുന്നുണ്ട്. ടീമംഗങ്ങൾ തമ്മിലുള്ള സൗഹൃദവും എടുത്തു പറയണം. തമ്മിൽ നല്ല ബോണ്ടിങ് ഉണ്ട് . ഗ്രൗണ്ടിലും പരസ്പരം ചിയർ ചെയ്തു നിൽക്കുന്നുണ്ട്. വളരെ മികച്ച നേട്ടങ്ങൾ ഇവരുണ്ടാക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്,” കോച്ച് മനോജ് ചന്ദ്രൻ ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു. മനോജ് ചന്ദ്രനൊപ്പം എല്ലാറ്റിനും മികച്ച പിന്തുണയേകി അസിസ്റ്റന്റ് കോച്ച് ഹബീബ് റഹ്മാനും ഫിസിയോ സ്പെഷലിസ്റ്റായ മാഹിനും കൂടെയുണ്ട്.

Unni Mukundan, Manoj Chandran
കോച്ച് മനോജ് ചന്ദ്രനൊപ്പം ഉണ്ണി മുകുന്ദൻ. ഫൊട്ടൊ: നിതിൻ ആർ കെ

ടീം അംഗങ്ങളെ നന്നായി പ്രചോദിപ്പിക്കാൻ കഴിയുന്ന ക്യാപ്റ്റനാണ് കുഞ്ചാക്കോ ബോബനെന്നും മനോജ് കൂട്ടിച്ചേർത്തു. “ടീമംഗങ്ങളോട് വളരെ ആത്മാർത്ഥമായി ഇടപെടലുകൾ നടത്തുന്നയാളാണ് ചാക്കോച്ചൻ. എല്ലാ തിരക്കുകൾക്കിടയിൽ നിന്നും ഓടിവരും. ക്യാപ്റ്റൻ മാത്രമല്ല, നല്ല പ്ലെയർ കൂടിയാണ്. അസ്സലായി ബാറ്റ് ചെയ്യും, ഫീൽഡിങ്ങിലും മിടുക്കുണ്ട്. പ്രൊഫഷണൽ പ്ലെയേഴ്സ് ഫീൽഡ് ചെയ്യുന്നതു പോലെയാണ് ചാക്കോച്ചൻ പലപ്പോഴും ഗ്രൗണ്ടിൽ പെരുമാറുക. കഴിഞ്ഞൊരു മാച്ചിൽ ഏതാണ്ട് 15 ക്യാച്ച് എടുത്തു. ഈ ടീമിലെ മിക്ക പ്ലെയേഴ്സും അങ്ങനെതന്നെയാണ്. നന്നായി ബാറ്റ് ചെയ്യുന്ന 15 പേരെങ്കിലും ഈ ടീമിലുണ്ട്.”

പുതിയ ഫോർമാറ്റിലാണ് ഇത്തവണ സി സി എൽ മത്സരങ്ങൾ നടക്കുന്നത്. ടെസ്റ്റ്, ട്വന്റി -ട്വന്റി ക്രിക്കറ്റുകളുടെ സമ്മിശ്ര രൂപമാണ് ഇത്. പുതിയ ഫോർമാറ്റിൽ കളിക്കുന്നതിന്റെ ആകാംക്ഷയും താരങ്ങൾക്കുണ്ട്. “ഇത്തവണത്തെ ഫോർമാറ്റ് തന്നെ കുഴഞ്ഞതാണ്. 20-20 യുടെ ഓവർ തന്നെയാണ്., പക്ഷേ ഇന്നിംഗ്സിന്റെ രൂപത്തിലാണ് കളി. ഒരു ടീം ബാറ്റ് ചെയ്യുന്നത് പത്ത് ഓവറാണ്, അടുത്ത ടീം അടുത്ത പത്തോവറിൽ കളിക്കണം. ഇങ്ങനെ ആകെ നാലു ഇന്നിംഗ്സ്. ഈ ഫോർമാറ്റിൽ മുൻപു കളിച്ചിട്ടില്ലാത്തതിനാൽ എല്ലാ ടീമിനും ഇത്തവണത്തെ സിസിഎൽ പുതിയ അനുഭവമായിരിക്കും. ഗ്രൗണ്ടിൽ അനുഭവിച്ചറിയുക മാത്രമേ നിവൃത്തിയുള്ളൂ. ഞങ്ങളിപ്പോൾ പ്രാക്ടീസ് മാച്ചൊക്കെ ആ ഫോർമാറ്റിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്,” നടനും ഗായകനുമായ നിഖിൽ കെ മേനോൻ പറഞ്ഞു. ആദ്യ സിസിഎൽ മുതൽ ടീമിലുള്ള അംഗങ്ങളിലൊരാളാണ് നിഖിൽ.

ഒരു ജിഗ്സോ പസിൽ പോലെയാണ് സിസിഎൽ എന്നാണ് നിഖിൽ പറയുന്നത്. “നന്നായി കളിക്കുന്നതിൽ മാത്രമല്ല കാര്യം, ഒരുപാട് നിയമങ്ങളും നിർദ്ദേശങ്ങളും മനസ്സിൽ വച്ചുവേണം കളിക്കാൻ. സിസിഎല്ലിൽ കളിക്കാരെ കാറ്റഗറി എ/ കാറ്റഗറി ബി എന്നിങ്ങനെ രണ്ടായി വേർത്തിരിച്ചിട്ടുണ്ട്. മിനിമം അഞ്ചു പടത്തിലെങ്കിലും നായകവേഷം ചെയ്ത അഭിനേതാക്കളാണ് കാറ്റഗറി എയിൽ വരുന്നത്. കാറ്റഗറി ബിയിൽ വരുന്നവർ സപ്പോർട്ടിങ് റോൾ ചെയ്യുന്ന അഭിനേതാക്കളാണ്. ഗെയിമിലേക്കു വരുമ്പോൾ, എ കാറ്റഗറി കളിക്കാർ മിനിമം ഏഴു പേരെങ്കിലും ഒരു ടീമിൽ ഉണ്ടാവണം എന്നുണ്ട്. ബി കാറ്റഗറി കളിക്കാർ നാലു പേരെ പാടൂ എന്നും. ചിലപ്പോൾ ഒരു ടീമിൽ ബി കാറ്റഗറിയിലാവും വെടിക്കെട്ട് കളിക്കാർ കൂടുതലുണ്ടാവുക, പക്ഷേ സിസിഎൽ നിയമങ്ങൾ വച്ചുനോക്കുമ്പോൾ കളിയിൽ അൽപ്പം വീക്കായവർ എ കാറ്റഗറിയിൽ ഉണ്ടെങ്കിൽ അവരെ ഇറക്കാതെ തരമില്ല. അത്തരം സാഹചര്യങ്ങളിലാണ് കളിയുടെ ബാലൻസ് തെറ്റുക. ഈ ഫോർമാറ്റ് പ്രകാരം, ബാറ്റിങ്ങിനു ഇറങ്ങുന്ന ആദ്യത്തെ മൂന്നുപേർ എ കാറ്റഗറി പ്ലെയേഴ്സ് ആയിരിക്കണം. ബോളിങ്ങിൽ ആദ്യത്തെ രണ്ടു ഓവർ എറിയുന്നതും എ കാറ്റഗറി പ്ലെയേഴ്സ് ആവണം. രണ്ടാം ഇന്നിംഗ്സിൽ ആദ്യമിറങ്ങുന്ന മൂന്നുപേരിൽ രണ്ടു പേർ എ കാറ്റഗറിയിൽ നിന്നുള്ളവരാവണം. അങ്ങനെ കുറേ നിയമങ്ങൾ – അവിടെയാണ് തെലുങ്ക്, കർണാടക ടീമിനൊക്കെ മുൻതൂക്കം ലഭിക്കുന്നത്. കർണാടകയിലും തെലുങ്കിലുമൊക്കെ ഭൂരിഭാഗവും എ കാറ്റഗറി പ്ലെയേഴ്സാണ്. അവരെ സംബന്ധിച്ച് ബാറ്റിങ്ങിനും ബോളിങ്ങിനും ആരിറങ്ങിയാലും കുഴപ്പമില്ല. നമുക്ക് അങ്ങനെയല്ല. ഈ നിയമങ്ങളും ഫോർമാറ്റുമെല്ലാം കണക്കുക്കൂട്ടി വേണം കളിക്കാരെ ഇറക്കാൻ,” സിസിഎല്ലിന്റെ പുതിയ നിയമങ്ങൾ നിഖിൽ വിശദീകരിച്ചു.

പുതിയ കളിനിയമങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെങ്കിലും ടീമിനെ സംബന്ധിച്ച് വളരെ അഭിമാനം സമ്മാനിക്കുന്ന ഒന്നാണ് ഇത്തവണത്തെ സിസിഎൽ. അതിനുള്ള കാരണവും നിഖിൽ വെളിപ്പെടുത്തി. “കേരള സ്ട്രൈക്കേഴ്സും ഞങ്ങളുടെ കൂട്ടായ്മയായ സെലബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബും ചേർന്നാണ് ഇത്തവണത്തെ ടീം ഫോം ചെയ്തിരിക്കുന്നത്. C3കേരള സ്ട്രൈക്കേഴ്സ് എന്നാണ് ടീം ഔദ്യോഗികമായി അറിയപ്പെടുന്നത്. അമ്മ കേരള സ്ട്രൈക്കേഴ്സ് ആയിരുന്നു ആദ്യ ടീം, 2019 ആയപ്പോൾ ആ കോൺട്രാക്ട് കഴിഞ്ഞു. ഈ വർഷം ടീം ഓണേഴ്സ് ഞങ്ങളെ സമീപിക്കുകയായിരുന്നു,” നിഖിൽ പറഞ്ഞു.

സെലബ്രിറ്റി ക്രിക്കറ്റ് ക്ലബിൽ ആരൊക്കെ?
മലയാള സിനിമയിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മയാണ് സെലബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബ്. കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ എന്നിവരെല്ലാം അംഗങ്ങളായ ഈ കൂട്ടായ്മ ആരംഭിക്കുന്നത് 2008ലാണ്.

“2008 മുതൽ ഞങ്ങളുടെ സെലബ്രിറ്റി ക്രിക്കറ്റ് ക്ലബ് ഉണ്ട്. അന്ന് സിസിഎല്ലോ ഇന്ന് കാണുന്ന ക്രിക്കറ്റ് ഫീവറോ ഒന്നുമില്ല. കലൂർ സ്റ്റേഡിയത്തിന്റെ പിറകിൽ ചാക്കോച്ചൻ, ഇന്ദ്രജിത്ത്, വിജയ് യേശുദാസ് ഞങ്ങളെല്ലാവരും കൂടി ടെന്നീസ് ബോൾ വച്ച് ക്രിക്കറ്റ് കളിക്കുമായിരുന്നു. കളി കുറച്ചു കൂടി ഗൗരവമായപ്പോൾ വൈറ്റ് ബോളിൽ കളിക്കാൻ തുടങ്ങി. പിന്നീട് ഞങ്ങൾ ക്ലബ്ബ് രൂപീകരിച്ചു. അതിലേക്ക് അഭിനേതാക്കൾക്ക് ഒപ്പം പാട്ടുകാർ, സംവിധായകർ അങ്ങനെ സിനിമയിലെ വിവിധമേഖലയിൽ നിന്നുള്ള ക്രിക്കറ്റ് ഇഷ്ടപ്പെടുന്ന ആളുകൾ പതിയെ വന്നു ചേർന്നു. ധാരാളം എക്സിബിഷൻ മാച്ചുകൾ ഞങ്ങൾ കളിച്ചിട്ടുണ്ട്. അതിൽ നിന്ന് കിട്ടുന്ന പണം ചാരിറ്റിക്കാണ് പോവുന്നത്. ഒരുപാട് നല്ല കളിക്കാർ ഞങ്ങളുടെ ക്ലബ്ബിലുണ്ട്. പക്ഷേ, അവരെയെല്ലാം സിസിഎൽ ടീമിലേക്ക് എടുക്കാനാവില്ല. കാരണം സിസിഎൽ ബോഡിയുടെ പ്രത്യേകത എല്ലാ കളിക്കാരും നടന്മാരായിരിക്കണം എന്നാണ്. അതുകൊണ്ടുതന്നെ ക്ലബ്ബിലെ അംഗങ്ങളായ മധു ബാലകൃഷ്ണൻ, അഫ്സൽ പോലുള്ളവർക്ക് സിസിഎല്ലിൽ പങ്കെടുക്കാൻ കഴിയില്ല. വിജയ് യേശുദാസ്, ഞാൻ, സിദ്ധാർത്ഥ് മേനോൻ എന്നിവരൊക്കെ ഗായകരാണെങ്കിലും ഞങ്ങൾ അഭിനയിച്ചിട്ടുണ്ട് എന്ന കാരണം കൊണ്ടാണ് സിസിഎൽ ടീമിലേക്ക് യോഗ്യത നേടിയത്.”സെലബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബിന്റെ തുടക്കക്കാലത്തെ നിഖിൽ ഓർത്തെടുത്തു.

കേരള സ്ട്രൈക്കേഴ്സ് 2023
കേരള സ്ട്രൈക്കേഴ്സ്. ഫൊട്ടൊ:നിതിൻ ആർ കെ

സിസിഎൽ 2023 ഷെഡ്യൂൾ
നാല് ലീഗ് മാച്ചുകളാണ് ആകെയുള്ളത്. ഈ മത്സരങ്ങളിലെ ജയപരാജയങ്ങളെ അടിസ്ഥാനമാക്കിയാണ് സെമിയിലേക്ക് യോഗ്യത നിശ്ചയിക്കുന്നത്. ആദ്യ മാച്ച് ഫെബ്രുവരി 19ന് റായ്പൂരിലാണ് നടക്കുന്നത്, തെലുങ്ക് ടീമാണ് കേരളത്തിന്റെ എതിരാളികൾ. ഫെബ്രുവരി 26ന് ജയ്പൂരിൽ കേരളവും കർണാടകയും തമ്മിൽ ഏറ്റുമുട്ടും. മാർച്ച് നാലിന് തിരുവനന്തപുരത്തു നടക്കുന്ന മാച്ചിൽ ബോളിവുഡ് ടീമാണ് എതിരാളികൾ. മാർച്ച് 11ന് കേരള ബ്ലാസ്റ്റേഴ്സ് ജോധ്പൂരിൽ ഭോജ്‌പുരി ടീമിനെ നേരിടും. എല്ലാ മാച്ചുകളും ശനി, ഞായർ ദിവസങ്ങളിലാണ് നടക്കുക.

പുതിയ ചിത്രത്തിന്റെ തിരക്കിൽ ആയതിനാൽ കുഞ്ചാക്കോ ബോബന് ആദ്യമാച്ചിൽ കളിക്കാനാവില്ല. തെലുങ്ക് ടീമിനെതിരെയുള്ള ആദ്യ മാച്ചിൽ കേരള ടീമിനെ നയിക്കുക ഉണ്ണി മുകുന്ദനാണ്. “സ്റ്റാൻഡ്-ഇൻ ക്യാപ്റ്റൻസിയുടെ ടെൻഷനുണ്ടോ?”

“ഏയ് ഇല്ല. ക്രിക്കറ്റ് എനിക്കിഷ്ടമാണ്, ആസ്വദിച്ച് കളിക്കുക എന്നേയുള്ളൂ. അധികം ടെൻഷൻ എടുക്കാറില്ല, പിന്നെ സ്പോർട്സ് സ്പോർടാണ്. ചിലപ്പോൾ ജയിക്കും, ചിലപ്പോൾ തോൽക്കും. അതിനെ ആ സ്പിരിറ്റിൽ എടുക്കുക,” ഉണ്ണി മുകുന്ദൻ മറുപടി പറഞ്ഞു. സെലബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബിലെ തുടക്കം മുതലുള്ള അംഗമാണ് ഉണ്ണി മുകുന്ദൻ. “സിസിഎല്ലിൽ മുൻ സീസണിലും ഏതാനും ഗെയിമുകൾ ഞാൻ കളിച്ചിട്ടുണ്ട്. എന്നാൽ ഇത്തവണ ഞങ്ങളുടെ ക്ലബ്ബ് സിസിഎല്ലിലേക്ക് എത്തുമ്പോൾ എന്നെ സംബന്ധിച്ച് ഇതൊരു പ്രെസ്റ്റീജിയസായ ഇവന്റാണ്. സിനിമയുടെ തിരക്കുകൾ ഉണ്ട്, എങ്കിലും സമയം കണ്ടെത്തി വന്ന് പ്രാക്ടീസ് ചെയ്യുന്നുണ്ട്. മാക്സിമം പരുക്കുകൾ വരുത്താതെ കളിക്കാനാണ് ശ്രമിക്കുന്നത്,” ഉണ്ണി കൂട്ടിച്ചേർത്തു.

ഇന്ത്യൻ ടീമൊക്കെ കളിച്ച അതേ വേൾഡ് ക്ലാസ്സ് സ്റ്റേഡിയങ്ങളിലും പിച്ചിലും കളിക്കാൻ സാധിക്കുന്നതിലെ സന്തോഷമാണ് പല ടീമംഗങ്ങളും പങ്കുവച്ചത്. “ഒരുപാട് ഇഷ്ടമുള്ള കാര്യങ്ങളിലൊന്നാണ് ക്രിക്കറ്റ്. പലരും ചോദിക്കും, വെയിലത്ത് ഇങ്ങനെ കളിച്ചു നടക്കാൻ ഇവർക്കു വട്ടാണോ എന്നൊക്കെ. പക്ഷേ, ഇതിലൂടെ കിട്ടുന്ന ആ ഫീൽ പറഞ്ഞറിയിക്കാൻ ആവില്ല. സിനിമ ചെയ്തതു കൊണ്ട് കിട്ടുന്ന ഒരു ഭാഗ്യമായിട്ടോ ബൈ പ്രൊഡക്റ്റ് ആയിട്ടോ ഒക്കെയാണ് ഞാൻ ഇതിനെ കാണുന്നത്. നല്ല വൈബുള്ള ഒരു ടീമിനൊപ്പം കളിക്കാൻ കഴിയുന്നു എന്നതിലെ സന്തോഷം വേറെയും. ചാക്കോച്ചനും വളരെ കൂളാണ്. ക്യാപ്റ്റൻ കൂൾ എന്നാണ് ഞങ്ങൾ വിളിക്കുന്നത്. ആൾ കൂളാണെങ്കിലും നിർണായകമായ ചില തീരുമാനങ്ങൾ എടുക്കേണ്ട അവസരങ്ങളിൽ പുള്ളി അത്ഭുതപ്പെടുത്തും. അത്ര ബോൾഡായാണ് നിലപാടുകൾ എടുക്കുക,” നടൻ സഞ്ജു ശിവറാം പറയുന്നു. സെലബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബിനു വേണ്ടി നിരവധി തവണ കളിച്ചിട്ടുള്ള സഞ്ജു അവസാനവർഷത്തെ സിസിഎല്ലിലും ടീമിനെ പ്രതിനിധീകരിച്ചിരുന്നു.

മുൻ വർഷങ്ങളേക്കാൾ കുറച്ചുകൂടി ഗൗരവപൂർവ്വമായാണ് ടീമംഗങ്ങൾ സിസിഎല്ലിനെ സമീപിക്കുന്നത് എന്നാണ് നടൻ വിനു മോഹന്റെ അഭിപ്രായം. “ഇപ്രാവശ്യം എല്ലാവരും കുറച്ചുകൂടി നന്നായി കളിക്കുന്നുണ്ട്. ഇടയ്ക്ക് ചെറിയ ചെറിയ ടൂർണമെന്റുകളിലൊക്കെ കളിക്കുന്നതുകൊണ്ട് എല്ലാവരും കളിയുമായി ടച്ചിലാണ്, അതിന്റെ ഗുണം കാണാനുണ്ട്. ടീമംഗങ്ങളിൽ പലരുടെയും പ്രകടനം എന്നെ അമ്പരപ്പിച്ചു. ബാറ്റിങ്ങിലും എല്ലാവരും നന്നായി പുരോഗമിച്ചിട്ടുണ്ട്. ഞാനൊക്കെ ബോളിങ്ങിൽ ആയിരുന്നു ഇത്രനാളും പ്രാവിണ്യം നേടിയത്. എന്നാൽ, ഇപ്പോൾ വേണമെങ്കിൽ തുടക്കം മുതൽ ഒടുക്കം വരെ ഏത് ഓർഡറിലും ബാറ്റ് ചെയ്യാനുള്ള ഒരു കപ്പാസിറ്റിയൊക്കെ ഈ പരിശീലനത്തിലൂടെ എനിക്ക് ലഭിച്ചിട്ടുണ്ട്. ആ രീതിയിലുള്ള ട്രെയിനിങ് ആണ് ഞങ്ങൾക്ക് കിട്ടിയത്.”

ആന്റണി വർഗീസ് പെപ്പെയ്ക്ക് ഒപ്പം വിനു മോഹൻ

സിസിഎല്ലിലെ സൂപ്പർതാരങ്ങളിൽ ഒരാളായ രാജീവ് പിള്ളയെ സംബന്ധിച്ച് അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള മടങ്ങിവരവാണിത്. “ആറു സീസൺ ഞാൻ കേരളത്തിനു വേണ്ടി കളിച്ചു. അഞ്ചു സീസണിൽ ടോപ് സ്കോറർ ആയി, അവസാന സീസണിൽ പ്ലെയർ ഓഫ് ദ ടൂർണമെന്റും. അഞ്ചു വർഷത്തിനു ശേഷമാണ് വീണ്ടും സിസിഎല്ലിൽ കളിക്കുന്നത്. സത്യത്തിൽ ഇത്രനാളും ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു, ഇതിനിടിയിൽ തമാശയ്ക്കു പോലും കളിച്ചിട്ടില്ല. ഫിസിക്കൽ ഫിറ്റ്നസ്സിൽ കോൺഫിഡൻസ് ഉള്ളതുകൊണ്ട് മാത്രം കളിക്കുകയാണ്. ശക്തരായ കളിക്കാർ എല്ലാ ടീമിലുമുണ്ട് അതിനാൽ എതിരാളികളെ ആരെയും കുറച്ചുകാണുന്നില്ല. കളിക്കളത്തിലെ അതതു ദിവസങ്ങളിലെ പ്രകടനം തന്നെയാവും വിജയിയെ തീരുമാനിക്കുക,” രാജീവ് പിള്ളയുടെ വാക്കുകൾ.

ബോളിങ്ങിനൊപ്പം ബാറ്റിങ്ങിലും പ്രാവീണ്യം നേടിയാണ് നടൻ മണിക്കുട്ടൻ ഇത്തവണ കളിക്കാനിറങ്ങുന്നത്. ആദ്യം മുതൽ ഇതുവരെയുള്ള എല്ലാ സിസിഎല്ലിലും കളിച്ചിട്ടുള്ള പ്ലെയറാണ് മണിക്കുട്ടൻ. “ആദ്യ സീസണിൽ രണ്ടുമൂന്നുമാസം മുൻപു തന്നെ പരിശീലനം തുടങ്ങിയിരുന്നു, എന്നാൽ അന്ന് ഞങ്ങൾക്ക് കളിയുടെ ടെക്നിക്കൽ വശങ്ങളിൽ അത്ര അറിവില്ലായിരുന്നു. ഈ വർഷം ടെക്നിക്കലായ കാര്യങ്ങളിൽ കൂടുതൽ ഫോക്കസ് ചെയ്തുകൊണ്ടാണ് പരിശീലനം മുന്നോട്ട് പോവുന്നത്. പുതിയ ഫോർമാറ്റിലായതിനാൽ എല്ലാവരും ഇറങ്ങിയേ പറ്റൂ എന്നൊരു അവസ്ഥയുണ്ട്. അതുകൊണ്ട് ബാറ്റിങ്ങിലും ശ്രദ്ധിച്ചുതുടങ്ങി. അതിന്റെ റിസൾട്ട് കണ്ടുവരുന്നുണ്ട്. രാവിലെ നേരത്തെ തുടങ്ങുന്ന പ്രാക്ടീസ് തീരുന്നത് സന്ധ്യയ്ക്കാണ്, സൂര്യൻ അസ്തമിച്ചു കഴിഞ്ഞാണ് ഞങ്ങൾ റൂമിലേക്ക് തിരിച്ചുപോവുന്നത്.”

പ്രൊഫഷണലായി ക്രിക്കറ്റ് കളിച്ചു പരിചയമുള്ള ടീം അംഗങ്ങളിൽ ഒരാളാണ് വിവേക് ഗോപൻ. സിനിമയിൽ എത്തുന്നതിനു മുൻപു തന്നെ, ക്രിക്കറ്റിൽ അടിസ്ഥാനപരമായ പരിശീലനം വിവേകിനു ലഭിച്ചിട്ടുണ്ട്. ജില്ലാ ടീമിനും സ്റ്റേറ്റ് ടീമിനുമൊക്കെയൊപ്പം നിരവധി മാച്ചുകളിൽ വിവേക് കളിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റിന്റെ സ്റ്റേറ്റ് ക്യാമ്പിൽ ശ്രീശാന്തിനൊപ്പം ക്രിക്കറ്റ് കളിച്ചിട്ടുള്ള അനുഭവവും വിവേകിനുണ്ട്.

“മുൻപത്തേക്കാളും മെച്ചപ്പെട്ടിട്ടുണ്ട് ടീം. ടീമംഗങ്ങൾക്ക് ഉണ്ടായിരുന്ന തുടക്കത്തിലെ ആ അങ്കലാപ്പൊക്കെ മാറി. എല്ലാവരും ബോൾ ചെയ്യുന്നു, ബാറ്റ് ചെയ്യുന്നു, ഫീൽഡ് ചെയ്യുന്നു. പരുക്കുകളൊന്നും വരുത്താതെ എങ്ങനെ കളിക്കാം എന്നൊക്കെ എല്ലാവരും മനസ്സിലാക്കി തുടങ്ങി. അതുപോലെ നിശ്ചിത സമയപരിധിക്കുള്ളിൽ ഓവർ തീർക്കാനായി, ഫീൽഡ് അഡ്ജസ്റ്റ് ചെയ്യാനൊക്കെ എല്ലാവരും പഠിച്ചു. പോവുക, ഗ്രൗണ്ടിലിറങ്ങുക, ആസ്വദിച്ച് കളിക്കുക, ടീം സ്പിരിറ്റോടെ മുന്നോട്ടുപോവുക എന്നതാണ് ക്യാപ്റ്റൻ ഞങ്ങളോട് പറയുന്ന കാര്യം. ഇത്തവണ സിസിഎല്ലിന് ഇറങ്ങുന്ന എല്ലാവരും മികച്ച ടീമുകളാണ്. ഒരു ടീമിനെയും കുറച്ചു കാണുന്നില്ല, പക്ഷേ, നമ്മുടെ ടീം അവരേക്കാളും കരുത്തരാണ്. നല്ല പെർഫോമൻസ് ഈ ടീമിന് കാഴ്ചവയ്ക്കാൻ കഴിയും,” വിവേക് ആത്മവിശ്വാസം പങ്കിട്ടു.

ഓരോ വർഷം കഴിയുന്തോറും ടീമുകൾ കൂടുതൽ ശക്തരായി കൊണ്ടിരിക്കുകയാണെന്ന് വിലയിരുത്തുകയാണ് നടൻ അലക്സാണ്ടർ പ്രശാന്ത്. “ആദ്യ തവണ കർണാടകയുടെ ബാറ്റിങ് കണ്ട് പേടിച്ചവരായിരുന്നു ഞങ്ങൾ. പക്ഷേ അവിടുന്ന് പിന്നെ കുറേ കളികൾ ജയിച്ചു കയറാൻ പറ്റി. കലൂർ സ്റ്റേഡിയത്തിൽ നടന്ന കളിയിൽ മുംബൈയ്ക്ക് എതിരെ 10 വിക്കറ്റിൽ ജയിച്ചു. അതൊക്കെ വളരെ ആത്മവിശ്വാസം തന്ന ഗെയിമായിരുന്നു. തുടക്കത്തിൽ ഇത്ര ശക്തരായ കളിക്കാർ ഇല്ലായിരുന്നു, പക്ഷേ, ഇപ്പോൾ എല്ലാ ടീമിലും നല്ല പരിശീലനം കിട്ടിയ വെടിക്കെട്ട് കളിക്കാരുണ്ട്. കർണാടകയിൽ രാജീവ് എന്നൊരു പ്ലെയറുണ്ട്, അയാളൊക്കെ നല്ല ഹിറ്ററാണ്. അതുപോലെ, തെലുങ്ക് ടീമിൽ നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനിയുണ്ട്, അസാധ്യ പ്ലെയറാണ്. അവരെയൊക്കെയാണ് നമ്മൾ നോട്ടമിട്ടിരിക്കുന്നത്,” ചിരിയോടെ അലക്സാണ്ടർ പറയുന്നു.

സിസിഎൽ ടീമിലേക്ക് ഈ വർഷം പുതുതായി എത്തിയ അംഗങ്ങളാണ് ആന്റണി വർഗീസ് പെപ്പെ, സിജു വിത്സൻ, സിദ്ധാർത്ഥ് മേനോൻ, വിജയ് യേശുദാസ്, ജീൻപോൾ ലാൽ എന്നിവർ. വന്നവരെല്ലാം ക്രിക്കറ്റിനോട് നല്ല പാഷനുള്ള മിടുക്കരായ പ്ലെയേഴ്സാണെന്നാണ് ആദ്യം മുതൽ സിസിഎല്ലിൽ കളിക്കുന്ന നടൻ കലാഭവൻ പ്രജോദ് നിരീക്ഷിക്കുന്നത്. “ഈ വർഷം ടീമിലേക്ക് വന്നവരാണ് പെപ്പെയും സിജുവും സിദ്ധാർത്ഥുമൊക്കെ. അവരും കൂടി എത്തിയതോടെ ടീം നല്ല രീതിയിൽ സ്ട്രോങ്ങായിട്ടുണ്ട്.”

ആദ്യമായി സിസിഎല്ലിൽ കളിക്കുന്നതിന്റെ ആവേശത്തിലാണ് നടനും ഗായകനുമായ സിദ്ധാർത്ഥ് മേനോൻ. “എല്ലാവരുമൊന്നിച്ച് കളിക്കാൻ കഴിയുന്നതിന്റെ ത്രില്ലിലാണ് ഞാൻ. രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, മണിക്കുട്ടൻ ഇവരുടെയൊക്കെ കളികൾ മുൻപ് ടിവിയിൽ കാണുമ്പോൾ നന്നായി ആസ്വദിച്ചിരുന്നു. ഇപ്പോൾ അവർക്കൊപ്പം കളിക്കാൻ കഴിയുന്നു എന്നത് സന്തോഷമാണ്. കൂട്ടത്തിൽ ഏറ്റവും ജൂനിയറായ ആൾ ഞാനാണെന്നു തോന്നുന്നു. ക്രിക്കറ്റ് എന്നും എന്റെ ഫസ്റ്റ് ലവ്വാണ്. ഇതുവരെ നടന്ന പ്രാക്ടീസ് മാച്ചുകളിൽ എല്ലാം ഞങ്ങൾ ജയിച്ചു, അതൊരു പോസിറ്റീവിറ്റി തരുന്ന കാര്യമാണ്.”

ചെറിയ ചെറിയ ഗ്രൗണ്ടുകളിൽ കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിച്ചുനടന്നിട്ട് ഇപ്പോൾ സിസിഎൽ പോലൊരു വലിയ പ്ലാറ്റ്ഫോമിൽ അതേ കൂട്ടുകാർക്കൊപ്പം തന്നെ കളിക്കാൻ ഇറങ്ങുന്നതിന്റെ ത്രില്ലിലാണ് ഗായകനും നടനുമായ വിജയ് യേശുദാസ്. “ഞാനും ചാക്കോച്ചനും ഉണ്ണി മുകുന്ദനുമൊക്കെ ഒന്നിച്ച് കലൂരും പല ഗ്രൗണ്ടുകളിലും കളിച്ചവരാണ്. അവർക്കൊപ്പം ഇപ്പോൾ സിസിഎല്ലിൽ എത്തി നിൽക്കുന്നു. അതാണ് വലിയ സന്തോഷം. നമ്മൾ മാത്രമല്ല, എല്ലാ ടീമും ഇതേപോലെ ഫൺ സ്പിരിറ്റിൽ വന്നു കളിക്കുന്നവരാണ്. ഗ്രൗണ്ടിൽ ഇറങ്ങുമ്പോൾ വാശിയും വീറുമൊക്കെ കാണിക്കും, പോർവിളിക്കും. പക്ഷേ ആ ആവേശവും വാശിയുമെല്ലാം ഗ്രൗണ്ടിൽ തന്നെ വിടും. ആഫ്റ്റർ പാർട്ടിയിൽ എല്ലാവരും എല്ലാം മറന്ന് എൻജോയ് ചെയ്യും. അതാണ് സിസിഎല്ലിന്റെ ഒരു ആവേശം. സൗത്തും നോർത്തും ബോളിവുഡും എല്ലാം ഒന്നിച്ചുവരികയല്ലേ!”

ഒരു നടനെന്ന രീതിയിലും ക്രിക്കറ്റ്‌ പ്രേമിയെന്ന രീതിയിലും ലഭിക്കാവുന്നതിൽ വെച്ച് വലിയൊരു പ്ലാറ്റ്ഫോമാണ് സിസിഎൽ എന്നാണ് നടൻ അർജുൻ നന്ദകുമാർ നിരീക്ഷിക്കുന്നത്. “എല്ലാ ഇൻഡസ്ട്രിയിലെയും നടന്മാരെ ഗ്രൗണ്ടിൽ മുഖാമുഖം കാണുന്നു, അവരോട് മത്സരിക്കുന്നു, അതൊക്കെ നല്ല അനുഭവമാണ്. മാച്ചിനു ശേഷമുള്ള പാർട്ടികളിൽ എല്ലാ ടീമുകളെയും അടുത്തു പരിചയപ്പെടാനൊക്കെ സാധിക്കാറുണ്ട്. എല്ലാ സിനിമകളും എല്ലാ ഭാഷകളിലും റിലീസാവുന്ന ഒരു സാഹചര്യമുണ്ട് ഇന്ന്, എന്നാൽ ആ രീതിയിൽ പാൻ ഇന്ത്യൻ ലെവലിലേക്ക് ആദ്യം വന്നൊരു സംഭവം സിസിഎൽ തന്നെയാണ്. ഇതിന്റെ ഭാഗമാവുന്നതോടെ കൂടുതൽ എക്സ്പോഷർ കിട്ടുകയാണ് ഞങ്ങൾക്കെല്ലാം.”

“കുട്ടിക്കാലം മുതൽ ക്രിക്കറ്റ് കളിക്കാൻ ആഗ്രഹമുള്ളയാളാണ് ഞാൻ. ജേഴ്സിയൊക്കെയിട്ട് സ്റ്റേഡിയത്തിലൊക്കെ കളിക്കുക, ആളുകൾ നമുക്കായി ആർപ്പുവിളിക്കുക, കേരളത്തിനെ പ്രതിനിധീകരിക്കുക അതൊക്കെ സ്വപ്നത്തിൽ പോലും കണ്ടിരുന്നില്ല. ഇപ്പോൾ ഒരു ഭാഗ്യം പോലെ അതെല്ലാം അനുഭവിക്കുന്നു. സിനിമ ചെയ്യുന്നതുപോലെയല്ല, ഇതു മറ്റൊരു അനുഭവമാണ്. റീടേക്കുകളൊന്നും പറ്റില്ലല്ലോ ഇവിടെ, ഗ്രൗണ്ടിൽ ഓരോ പ്ലെയറും ഒറ്റയ്ക്കാണ്. ലൈവാണ് എല്ലാം. നമ്മുടെ ഭാഗത്തുനിന്നു പറ്റുന്ന തെറ്റുകൾ പോലും ജീവിതകാലത്തേക്കുള്ള സംഭവമാണ്. അതിന്റെ ഒരു ത്രിൽ ഇതിനുണ്ട്. കളിക്കളത്തിനപ്പുറം ഞങ്ങൾ എല്ലാവരും ഒരു ഫ്രണ്ട്‌ലി മൂഡിലാണ്. കോളേജിൽ നിന്നും ഗെറ്റ് ടുഗദറിനൊക്കെ പോവുന്ന ഒരു ഫീലാണ് ക്യാമ്പിൽ. എല്ലാകാര്യങ്ങളും നമ്മൾ ഒന്നിച്ചാണ് ചെയ്യുന്നത്. രണ്ടു മാസത്തോളം ഇങ്ങനെ ഒന്നിച്ചു ചെലവഴിച്ചിട്ടു ഇനിയിതു കഴിയുമ്പോഴാണ് എല്ലാവരെയും മിസ്സ് ചെയ്യുക,“ അർജുൻ നന്ദകുമാർ കൂട്ടിച്ചേർത്തു.

ഒരു പ്ലെയർ ഒരു ദിവസം ഫോമായാൽ മൊത്തം ഗെയിമിന്റെ ഗതി തന്നെ മാറുമെന്നാണ് അർജുൻ പറയുന്നത്. “ബോളിവുഡ് ടീമിനെ മുൻപ് 10 വിക്കറ്റിന് ഞങ്ങൾ തോൽപ്പിച്ചതാണ്. പക്ഷേ, പിന്നീടൊരു കളിയിൽ അവർ ഞങ്ങളെ തോൽപ്പിച്ചു. നിലവിലുള്ള എട്ടു ടീമിൽ ആറു ടീമും നല്ല സ്ട്രോങ്ങാണ്. ആരു വേണമെങ്കിലും കേറി വരാം. കേരളത്തിനെതിരെ രണ്ടു സെഞ്ച്വറി അടിച്ച ആളാണ് കർണാടക ടീമിലെ രാജീവ്. തെലുങ്കിലെ അഖിൽ അക്കിനേനിയാ വട്ടെ, ന്യൂസിലാൻഡിലൊക്കെ പോയി പ്രൊഫഷണൽ ക്രിക്കറ്റ് കളിച്ചിട്ടുള്ളയാ ളാണ്. സ്റ്റേഡിയമൊക്കെ വാടകയ്ക്ക് എടുത്താണ് അവരൊക്കെ പ്രാക്ടീസ് ചെയ്യുന്നത് എന്നു കേട്ടിട്ടുണ്ട്. സംസ്ഥാനങ്ങൾ തമ്മിലുള്ള മത്സരമായും വലിയ പ്രെസ്റ്റിജസ് ഇവന്റുമായുമൊക്കെയാണ് മിക്ക ടീമും സിസിഎല്ലിനെ കാണുന്നത്. ആ വീറും വാശിയും കളിക്കളത്തിലും കാണാം.”

മണിക്കുട്ടനും ഷഫീഖ് റഹ്മാനും

സിസിഎല്ലിൽ വീണ്ടും മത്സരിക്കുന്നതിന്റെ സന്തോഷമാണ് നടൻ ഷഫീഖ് റഹ്മാനും പങ്കുവയ്ക്കുന്നത്. “സിസിഎൽ മൂന്നാം സീസൺ മുതൽ ടീമിൽ ഞാനുമുണ്ട്. നമ്മൾ വീട്ടിലിരുന്ന് ടിവിയിൽ ഇന്ത്യയുടെയൊക്കെ കളികാണുമ്പോൾ ഇഷ്ടപ്പെട്ട ടീം ജയിക്കാനും സിക്സ് അടിക്കാനുമൊക്കെ പ്രാർത്ഥിക്കുകയും ആവേശത്തോടെ കയ്യടിക്കുകയുമൊക്കെ ചെയ്യില്ലേ? അതുപോലെയാണ് നമ്മൾ ഇപ്പോൾ കളിക്കുമ്പോൾ നമ്മുടെ കുടുംബവും സുഹൃത്തുകളും ക്രിക്കറ്റ് പ്രേമികളുമൊക്കെ നോക്കി കാണുന്നത്. അതൊരു വലിയ ഭാഗ്യമാണ്. നാഷണൽ പ്ലെയർമാർ കളിച്ച അതേ മൈതാനങ്ങളിൽ കളിക്കുന്നു, ലൈവായി സംപ്രേഷണം ചെയ്യുന്നു, നമ്മളൊരു സിക്സ് അടിച്ചാലോ ക്യാച്ച് എടുത്താലോ ഒക്കെ തീം മ്യൂസിക് പ്ലേ ചെയ്യുന്നു. ഇതൊക്കെ വേറൊരു വൈബാണ്. “

ഐപിഎൽ, രഞ്ജി ക്രിക്കറ്റ് താരമായ സച്ചിൻ ബേബിയാണ് ടീമിന്റെ മെൻഡർ. പരുക്കു കാരണം ഇപ്പോൾ മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന സച്ചിൻ പൂർണപിന്തുണയുമായി കൂടെയുണ്ട്. “വളരെ പ്രൊഫഷണലായി ക്രിക്കറ്റിനെ നോക്കി കാണുന്ന ഒരു ടീമാണിത്. പലരുടെയും സ്കിൽ കണ്ടിട്ട് അത്ഭുതം തോന്നുന്നു. ഉണ്ണി മുകുന്ദന്റെ ബാറ്റിങ്ങൊക്കെ ഞാൻ ആദ്യമായാണ് നേരിൽ കാണുന്നത്. നല്ല കഴിവുള്ള ബാറ്റ്സ്‌മാൻ ഉണ്ണി. വിവേക് ഗോപനും ഞാനും മുൻപ് ഒരുമിച്ച് ഒരേ ക്ലബ്ബിൽ കളിച്ചിട്ടുണ്ട്. നല്ലൊരു ടീമാണ് നമുക്കുള്ളത്, ഇവർ സെറ്റാണ്, ബാക്കി ഗ്രൗണ്ടിൽ കാണാം,” സച്ചിൻ പറഞ്ഞു നിർത്തി.

ഗ്രൗണ്ടിൽ അപ്പോൾ, ഏഴാമത്തെ പ്രാക്ടീസ് മാച്ചും വിജയിച്ചതിന്റെ ആഹ്ളാദത്തിലായിരുന്നു താരങ്ങൾ. മാച്ചു കാണാനെത്തിയവരെല്ലാം മടങ്ങിയിട്ടും, സൂര്യൻ അസ്തമിച്ചിട്ടും ഗ്രൗണ്ട് വിട്ടുപോകാതെ കളിയെ അപഗ്രഥിച്ചും പുതിയ തന്ത്രങ്ങൾ നെയ്തും കോച്ചിനൊപ്പം ചർച്ചകളിൽ മുഴുകിയിരിക്കുകയാണ് താരങ്ങൾ. കാഠിന്യമേറിയ ഒരു പകൽ കൂടെ അസ്തമിക്കുമ്പോഴും, ഒരു ദിവസത്തിന്റെ മൊത്തം ക്ഷീണമകറ്റാൻ കെൽപ്പുള്ള ഒരു സ്വപ്നം അവരുടെ കണ്ണുകളിൽ അപ്പോഴും തിളങ്ങുന്നുണ്ടായിരുന്നു, സിസിഎൽ 2023.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: A day with c3 kerala strikers celebrity cricket league 2023