കഴിഞ്ഞ വര്‍ഷം തമിഴ് സിനിമ കണ്ട ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു പ്രേം കുമാര്‍ സംവിധാനം ചെയ്ത ’96.’ നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് വിജയ് സേതുപതിയും തൃഷയുമായിരുന്നു. വലിയ വിജയം കൈവരിച്ച ചിത്രം ഇതരഭാഷകളിലേക്കും റീമേക്ക് ചെയ്യപ്പെടുന്നുണ്ട്. കന്നഡയില്‍ ചിത്രം ഒരുങ്ങുമ്പോള്‍ നായികയാകുന്നത് മലയാളത്തിന്റെ സ്വന്തം ഭാവനയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
തമിഴില്‍ ചിത്രം ഒരുക്കിയ പ്രേംകുമാര്‍ തന്നെയാണ് തെലുങ്കിലും ചിത്രം സംവിധാനം ചെയ്യുന്നത്. സാമന്തയും ഷര്‍വാനന്ദുമാണ് കേന്ദ്ര കഥാപാത്രങ്ങളായ ജാനു, റാം എന്നിവരെ അവതരിപ്പിക്കുന്നത്. ശ്രീവെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ച് മാസം ഷൂട്ടിംഗ് ആരംഭിക്കും.
’96’ന്റെ തെലുങ്ക് പതിപ്പിനെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ ചിത്രത്തെക്കുറിച്ച് നായിക സാമന്ത പണ്ട് നടത്തിയ ഒരു പ്രസ്താവന ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. ’96’ റിലീസ് ചെയ്ത വേളയില്‍ ‘ഇതിന്റെ തെലുങ്ക് പതിപ്പില്‍ നിങ്ങള്‍ അഭിനയിക്കുമോ?’ എന്ന് സാമന്തയോട് ഒരാള്‍ ചോദിച്ചിരുന്നു. അതിനു മറുപടിയായി അവര്‍ പറഞ്ഞത് ‘ഈ ചിത്രം ഒരിക്കലും റീമേക്ക്’ ചെയ്യപ്പെടാന്‍ പാടില്ല എന്നാണ്. ഇതിന്റെ പശ്ചാത്തലതില്‍ ആണ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ തെലുങ്ക് പതിപ്പ് നടക്കാന്‍ പോകുന്നു എന്ന വിവരം അറിയാതെയാണ് അന്ന് സംസാരിച്ചത് എന്നും പിന്നീടു അവരെ കാര്യം പറഞ്ഞു മനസ്സിലാക്കി ‘കണ്‍വിന്‍സ്’ ചെയ്ത് ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതിപ്പിക്കുകയായിരുന്നു എന്ന് നിര്‍മ്മാതാവ് ദില്‍ രാജു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Read More: ’96’ തെലുങ്ക് പതിപ്പില്‍ അഭിനയിക്കുമോ?: ആരാധകന് സാമന്തയുടെ മറുപടി
വിജയ് സേതുപതിയുടെയും തൃഷയുടെയും ’96’ലെ അഭിനയം കണ്ട് സാമന്ത ട്വിറ്ററിൽ തന്റെ ആസ്വാദനാനുഭവം പങ്കുവച്ചിരുന്നു. “ദൈവമേ! എന്തൊരു പെർഫോമൻസ്! അത്രയേറെ അഭിനയിച്ചു ഫലിപ്പിക്കാൻ ബുദ്ധിമുട്ടുളള കഥാപാത്രം, നിങ്ങൾ എത്ര മനോഹരമാക്കിയെന്ന് പറയാൻ വാക്കുകളില്ല. അഭിനയത്തിലെ മാസ്റ്റർ ക്ലാസ്സ്!” എന്നാണ് സിനിമ കണ്ട് സാമന്ത ട്വിറ്ററിൽ കുറിച്ചത്.
@trishtrashers watched #96TheFilm .. my god What a performance !! Can’t begin to tell you how amazing you were masterclass in acting and such a difficult chatecter to play . God bless .. continue to just rock this show
— Samantha Akkineni (@Samanthaprabhu2) October 17, 2018
തൃഷയുടെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ ‘വിണ്ണെത്താണ്ടി വരുവായ’യുടെ തെലുങ്ക് റീമേയ്ക്കായ ‘യോ മായ ചെസാവേ’യിൽ തൃഷയുടെ വേഷം ചെയ്തത് സാമന്ത ആയിരുന്നു. തമിഴിൽ നേടിയ വിജയം ആ ചിത്രത്തിന് തെലുങ്കിൽ ആവർത്തിക്കാനായിരുന്നില്ല. എങ്കിലും ആ ചിത്രത്തിലെ അഭിനയത്തോടെയാണ് നാഗചൈതന്യയും സാമന്തയും തെലുങ്കരുടെ ഇഷ്ടജോഡിയായി മാറിയത്. ആ സൗഹൃദം പിന്നീട് പ്രണയത്തിലും വിവാഹത്തിലുമെത്തി.