സമീപകാലത്ത് രാജ്യമാകെ തരംഗം സൃഷ്ടിച്ച തമിഴ് ചിത്രമാണ് 96. ആരാധകർ പ്രണയിച്ച് കണ്ട മനോഹര ചിത്രങ്ങളിലൊന്ന്. റിലീസ് ചെയ്‌തിടത്തെല്ലാം സിനിമ സൂപ്പർ ഹിറ്റായി. ഇപ്പോഴും വിജയകരമായി തന്നെ പലയിടത്തും പ്രദർശനം തുടരുന്നുണ്ട്.
വിജയ് സേതുപതി-തൃഷ കൂട്ടുകെട്ടിലെത്തിയ ചിത്രത്തിൽ അഭിനയ മികവിന് താരങ്ങൾക്ക് കിട്ടിയ കൈയ്യടി ചില്ലറയല്ല. ഇപ്പോഴിതാ 96 ൽ നിന്ന് ഒഴിവാക്കിയ ഒരു സീൻ പുറത്തായിരിക്കുകയാണ്. ഇന്റർനെറ്റിലാകെ വൈറലായി മാറിയിരിക്കുകയാണ് ഈ വീഡിയോ.
രാജ്യമാകെ ആരാധകരുളള ഗായിക എസ്.ജാനകി ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിനയിച്ചിരുന്നുവെന്നത് ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. മുഖ്യതാരങ്ങളായ തൃഷയും വിജയ് സേതുപതിയും നിഷ്‌പ്രഭരാവുന്ന പ്രകടനമാണ് ചിത്രത്തിൽ ഗായിക എസ്.ജാനകി കാഴ്ചവച്ചിരിക്കുന്നത്.
ഗായിക എസ്.ജാനകി അഭിനയിച്ചിട്ടും ഈ കാര്യം എന്തുകൊണ്ട് മറച്ചുവച്ചെന്നും എന്തുകൊണ്ടാണ് സീൻ ഒഴിവാക്കിയതെന്നും ചിത്രത്തിന്റെ അണിയറക്കാർ വ്യക്തമാക്കിയിട്ടില്ല. അതേസമയം, വീഡിയോ ഒഴിവാക്കിയത് നന്നായെന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.