അടുത്ത കാലത്ത് തമിഴ് സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു വിജയ് സേതുപതിയും തൃഷയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ’96’. തമിഴ്‌നാട്ടില്‍ മാത്രമല്ല, ഇങ്ങ് കേരളത്തിലും ചിത്രം വലിയ അലകളാണ് ഉണ്ടാക്കിയത്. അതിനിടെ ദീപാവലിച്ചിത്രമായി സണ്‍ ടിവിയിലും 96 പ്രദര്‍ശിപ്പിച്ചു. ഇന്നിതാ ചിത്രം 75 ദിവസങ്ങള്‍ തികഞ്ഞിരിക്കുന്നു. അതേസമയം, തൃഷയുടെ അഭിനയ ജീവിതത്തിന് 16 വര്‍ഷങ്ങള്‍ തികയുക കൂടിയാണ് ഇന്ന്.

ഈ രണ്ടു സന്തോഷങ്ങളും തൃഷ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പങ്കുവച്ചു. തൃഷയുടെ ട്വീറ്റിനു താഴെ കമന്റുകളുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. ചിത്രം 75 ദിവസങ്ങള്‍ പിന്നിടുമ്പോഴും 96നോടുള്ള അടങ്ങാത്ത സ്‌നേഹം ആരാധകരുടെ കമന്റുകളില്‍ പ്രകടമാണ്.

Read More: മനസ്സിൽ നിന്നും മായാത്ത മഞ്ഞ: ഹൃദയങ്ങൾ കീഴടക്കി ’96’ കുർത്തയും

നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷകരെ പ്രണയകാല ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയ സിനിമയായിരുന്നു വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ചു വിജയമാക്കിയ ’96’. മലയാളിയായ പ്രേം കുമാര്‍ സംവിധാനം ചെയ്ത ’96’ അടുത്ത കാലത്ത് റിലീസ് ചെയ്ത പ്രണയ ചിത്രങ്ങളില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ ചിത്രമായിരുന്നു.

തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ’96’നുണ്ട്. ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറായാണ് വിജയ് സേതുപതിയെത്തുന്നത്. സഹപാഠികളായിരുന്ന വിജയ് സേതുപതിയും തൃഷയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും ’96’ ബാച്ചിലെ വിദ്യാര്‍ഥികളുടെ ഒത്തുചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രത്തിന്റെ കന്നഡ പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണിപ്പോള്‍. ജാനുവായി ഭാവനയും റാമായി ഗണേശുമായിരിക്കും വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെടുക. ‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നഡ ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പേരിലും വ്യത്യാസമുണ്ട്. 96ന് പകരം 99 എന്നാണ് പേര്. 99 സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്.

Read More: ’96’ കന്നഡയിലേക്കെത്തുമ്പോള്‍ തൃഷയുടെ വേഷം ഭാവനയ്ക്ക്

ചിത്രം തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെടുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അങ്ങനെ ഒന്നുണ്ടായാല്‍ സാമന്ത അക്കിനേനി അഭിനയിക്കുമോ എന്നൊക്കെ ആരാധകര്‍ അവരോടു ചോദിച്ചിട്ടുമുണ്ടായിരുന്നു. എന്നാല്‍ ’96 ഒരിക്കലും റീമേക്ക് ചെയ്യാന്‍ പാടില്ല’ എന്ന രസകരമായ മറുപടിയാണ് താരം ട്വിറ്ററില്‍ നല്‍കിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ