നവാഗത സംവിധായകന്‍ സി. പ്രേംകുമാറിന്റെ ’96’ എന്ന ചിത്രം സൂചിപ്പിക്കുന്നത് 1996 എന്ന വര്‍ഷത്തെയാണ്. ആ വര്‍ഷം തഞ്ചാവൂരിലെ സ്വകാര്യ സ്‌കൂളില്‍ നിന്നും ഒരു പത്താം ക്ലാസ് ബാച്ച് വിദ്യാര്‍ഥികള്‍ പടിയിറങ്ങിയിട്ടുണ്ട്. അവരില്‍ ഒരാള്‍ ജാനു എന്ന എസ്. ജാനകി ദേവി(ഗൗരി ജി കിഷന്‍) ആയിരുന്നു. ഏകാകിയായ ജാനകി തന്റെ കാമുകനായി കാത്തിരിക്കുകയായിരുന്നു. ’96’ എന്ന മനോഹര പ്രണയകഥയുടെ ത്രെഡ് അതാണ്. പിന്നീട് ചിത്രം ഒരുപാട് ഫ്‌ളാഷ് ബാക്കുകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. എന്നാല്‍ ചിത്രം ചുരുളഴിയുന്നത് മറ്റൊരിടത്താണ്.
റാം (വിജയ് സേതുപതി) എന്ന മറ്റൊരു കഥാപാത്രത്തിലൂടെയാണ് ചിത്രം കഥ ചുരുളഴിയുന്നത്. റാമും ഒരു ഏകാകിയാണ്. ട്രാവൽ ഫോട്ടോഗ്രാഫറായ റാം ഒറ്റപ്പെട്ട ഇടങ്ങളിലൂടെ യാത്ര ചെയ്യുന്ന ഒരാളാണ്. താന്‍ ജനിച്ചു വളര്‍ന്ന തഞ്ചാവൂരിലൂടെ കടന്നു പോകുമ്പോള്‍ തന്റെ സ്‌കൂളിലേക്ക് ഒരിക്കല്‍ കൂടി പോകാന്‍ റാം തീരുമാനിക്കുന്നു.
സ്‌കൂളിലേക്കുള്ള ആ സന്ദര്‍ശനം റാമിനെ തന്റെ ബാല്യകാല സ്മരണകളിലേക്കും ഏക പ്രണയമായ ജാനുവിലേക്കും എത്തിക്കുന്നു. ടെക്‌നോളജിയുടെ സഹായത്തോടെ റാം അക്കാലത്തെ തന്റെ സ്‌കൂള്‍ സുഹൃത്തുക്കളെ ബന്ധപ്പെടുകയും എല്ലാവരും ചേര്‍ന്ന് 1996 ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം തീരുമാനിക്കുകയും ചെയ്യുന്നു. 37 വയസായ റാം 20 വര്‍ഷത്തിനു ശേഷമാണ് തന്റെ സുഹൃത്തുക്കളെ കാണുന്നത്. വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഓരോരുത്തരും തങ്ങളുടെ സ്‌കൂള്‍ കാലത്തെ ഓര്‍മ്മിച്ചെടുക്കുകയാണ്. പക്ഷെ റാമിന് അതിന്റെ ആവശ്യമില്ല. കാരണം കഴിഞ്ഞ ഇത്രയും വര്‍ഷവും അയാള്‍ ജിവിച്ചിരുന്നത് ആ ഓര്‍മകളിലാണ്, മാനസികമായി ഇപ്പോഴും അയാള്‍ ആ 17കാരനാണ്. ആദ്യമായി പ്രണയിനി തന്നെ സ്പര്‍ശിച്ചപ്പോള്‍ തലചുറ്റി വീണ അതേ 17കാരന്‍.
ജാനു (തൃഷ) ഇപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ അമ്മയാണ്. വിവാഹം കഴിഞ്ഞ് സിംഗപ്പൂരിലാണ് ജാനു ജീവിക്കുന്നത്. അവസാന നിമിഷത്തിലാണ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിനായി ചെന്നൈയിലേക്ക് തിരിക്കാന്‍ ജാനു തീരുമാനിക്കുന്നത്. റാമിന്റെ പേര് ആരെങ്കിലും പറയുമ്പോള്‍ പോലും ഇപ്പോളും ഹൃദയതാളം തെറ്റിപ്പോകുന്ന ജാനുവിനെ പ്രേക്ഷകര്‍ക്ക് കാണാം.
Read in English: 96 movie review: Vijay Sethupathi and Trisha shine in exquisite love story
ഇവിടം മുതല്‍ ചിത്രം ‘ബിഫോര്‍ സണ്‍റൈസു’മായി ചില സാമ്യതകള്‍ പുലര്‍ത്തുന്നതായി അനുഭവപ്പെട്ടേക്കാം. ഇക്കാലമത്രയും ഹൃദയത്തില്‍ കൊണ്ടു നടന്നതെല്ലാം പരസ്പരം പറഞ്ഞു തീര്‍ക്കാന്‍ ഒരു വൈകുന്നേരം മാത്രമാണ് ജാനുവിനും റാമിനും മുന്നില്‍ ഉള്ളത്. പുലര്‍ച്ചെയുള്ള ഫ്‌ളൈറ്റിന് ജാനുവിന് തിരിച്ചു പോകണം. എന്തുകൊണ്ട് ജാനുവിന് കുറച്ചു ദിവസം കൂടി ചെന്നൈയില്‍ നിന്നു കൂടാ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. സഹാനുഭൂതിയില്‍ നിന്നുമാണ് ആ ചോദ്യം വരുന്നത്. കാരണം ജാനുവും റാമും ഒന്നിച്ചിരുന്നെങ്കില്‍ എന്ന് നിങ്ങള്‍ അത്രയധികം ആഗ്രഹിക്കും. അതിന്റെ പുറകിലെ ന്യായാന്യായങ്ങളെക്കുറിച്ചൊന്നും നിങ്ങള്‍ ചോദിക്കില്ല. കാരണം കഥയും കഥാപാത്രങ്ങളും പ്രേക്ഷകരുമായി അത്രയും അടുത്തുനില്‍ക്കുന്നുണ്ട്.
സ്ലോമോഷന്‍ ഷോട്ടുകള്‍ കഥ പറച്ചിലില്‍ എത്രത്തോളം ഫലപ്രദമായി ഉപയോഗിക്കാമെന്ന് ആദ്യമായി കണ്ടത് ഈ ചിത്രത്തിലാണ്. തമിഴ് സിനിമകളില്‍ സാധാരണ ക്യാമറാ ടെക്‌നിക്കുകള്‍ ഉപയോഗിക്കുന്നത് നായകന് ഹീറോ പരിവേഷം നല്‍കാനാണ്. എന്നാല്‍ ഇവിടെ അതിന്റെ യഥാര്‍ത്ഥ ഉദ്ദേശമെന്തെന്ന് നമുക്ക് മനസ്സിലാകുന്ന തരത്തിലാണ് ക്യാമറ ഉപയോഗിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ ധാര്‍മ്മികവും വൈകാരികവുമായ വിഷമതകളെ പ്രേക്ഷകരിലേക്കെത്തിക്കാന്‍ സ്ലോമോഷന്‍ ഷോട്ടുകള്‍ അത്രയധികം സഹായിക്കുന്നുണ്ട്.
വിജയ് സേതുപതിയുടെ റാം എന്ന കഥാപാത്രം പ്രണയം കൊണ്ട് മുറിവേറ്റവന്റെ മനോഹരമായ ഒരു പരിവേഷമാണ്. ജാനുവിനെ ഒരു നോക്ക് കാണുകയോ അവളെക്കുറിച്ചുള്ള ചിന്തകളോ ഒക്കെമതി അവന് ജീവിക്കാന്‍. അവളെ ഒന്ന് തൊടാന്‍ പോലും പേടി തോന്നുന്ന അത്ര ആരാധനയാണ് റാമിന് ജാനുവിനോട്. എന്നാല്‍ ജാനുവിന് റാമിനോട് ആരാധനയല്ല, പ്രണയമാണ്. ജീവിതം മാറിമറിയുന്ന സംഭവങ്ങളെക്കുറിച്ച് വെറുതേ സങ്കല്‍പ്പിച്ച്, തന്റെ പ്രണയം റാമിനോട് തുറന്നു പറയുന്നതിനെക്കുറിച്ച് ജാനു സ്വപ്‌നം കാണുന്നുണ്ട്. ‘കാതലേ കാതലേ’ എന്ന പാട്ടില്‍ ജാനു റാമിനെ വെറുതേ കെട്ടിപ്പിടിക്കുന്നുണ്ട്. പക്ഷെ എനിക്കുറപ്പാണ്, തിരിച്ച് അവളെ കെട്ടിപ്പിടിക്കുന്ന കാര്യം റാം സ്വപ്‌നത്തില്‍ പോലും ചിന്തിക്കില്ല. തന്റെ സ്പര്‍ശം പോലും അവളെ മലിനമാക്കും എന്നായിരിക്കും റാം ചിന്തിക്കുക. അത്രമാത്രം ആരാധനയും ഭക്തിയുമാണ് അവന് അവളോട്.
അസന്തുലിതമായ ബന്ധങ്ങളെക്കുറിച്ചുള്ള ചിത്രമാണ് ’96’. റാം തന്നെ സ്‌നേഹിക്കുന്ന അത്രയും ജാനുവിന് ഒരിക്കലും അയാളെ സ്‌നേഹിക്കാന്‍ കഴിയില്ല. ജാനുവിനെ സ്‌നേഹിക്കുന്നതു പോലെ ജീവിതത്തില്‍ മറ്റൊരാളെ സ്‌നേഹിക്കാന്‍ റാമിനും കഴിയില്ല. മറ്റൊരാളെ വിവാഹം കഴിച്ച് ജീവിക്കുമ്പോളും, റാമിനെ സ്‌നേഹിച്ച അളവില്‍ ഇനിയൊരാളെ സ്‌നേഹിക്കാന്‍ ജാനുവിനും സാധിക്കില്ല.
തുടക്കത്തിലേ ഇത് വിജയ് സേതുപതിയുടേയും തൃഷയുടേയും കഥയാണെന്ന് സംവിധായകന്‍ പറയുമ്പോള്‍ തന്നെ പ്രേക്ഷകര്‍ക്ക് ആകാംക്ഷ വര്‍ദ്ധിക്കുകയാണ്. കേന്ദ്ര കഥാപാത്രങ്ങളിലേക്കായിരിക്കും നമ്മുടെ മുഴുവന്‍ ശ്രദ്ധയും. അവര്‍ക്ക് എന്തു സംഭവിക്കും എന്ന ചിന്തയിലേക്ക് നമ്മളെ എത്തിക്കുന്നത് കുട്ടിക്കാലത്തെ റാമിന്റെയും ജാനുവിന്റേയും നിഷ്‌കളങ്ക പ്രണയമാണ്. അതിനെ പരിപൂര്‍ണതയില്‍ അവതരിപ്പിച്ചിരിക്കുന്നത് ആദിത്യാ ഭാസ്‌കറും ഗൗരി ജി കിഷനുമാണ്. ഇരുവരുടേയും പ്രകടനം തീര്‍ത്തും ഹൃദയസ്പര്‍ശിയാണ്. പ്രത്യേകിച്ച് ഒരു കോഫി ഷോപ്പില്‍ വച്ച് സംഭവിക്കുന്ന കാര്യങ്ങളെ തൃഷ പുനര്‍സങ്കല്‍പ്പിക്കുന്ന രംഗത്തില്‍.