പ്രേക്ഷകരില്‍ പ്രണയത്തിന്റെ മധുരവും വിരഹത്തിന്റെ വേദനയും നിറച്ച്, വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച ചിത്രം 96 ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. തമിഴ്‌നാട്ടില്‍ മാത്രമല്ല, കേരളത്തിലും മികച്ച സ്വീകരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. അതിനിടയില്‍ ചിത്രത്തിലെ ഒഴിവാക്കിയ ചില രംഗങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ യൂടൂബില്‍ റിലീസ് ചെയ്യുകയും സമൂഹ മാധ്യമങ്ങളില്‍ ഇവ വൈറലാകുകയും ചെയ്യുന്നുണ്ട്.

Read More: ആരാധകരെ ഞെട്ടിച്ച് 96 ലെ ഒഴിവാക്കിയ സീൻ പുറത്ത്- വീഡിയോ

റാമിന്റേയും ജാനുവിന്റേയും സ്‌കൂള്‍ പ്രണയകാലത്തെ ഒരു രംഗമാണ് ഇപ്പോള്‍ യൂടൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്. റാമിനായി ജാനു ‘കണ്‍മണി അന്‍പോട് കാതലന്‍’ എന്ന ഗാനം പാടുന്ന രംഗം 19 മണിക്കൂറിനുള്ളില്‍ 11 ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു.

നേരത്തെ ജാനകിയുടെയും രാമകൃഷ്ണന്റെയും വര്‍ഷങ്ങള്‍ക്കു ശേഷമുള്ള നിര്‍ണായക കൂടിക്കാഴ്ച സമയത്തെ ഒരു രംഗവും പുറത്തുവിട്ടിരുന്നു. എസ്.ജാനകി ചിത്രത്തില്‍ അതിഥിയായി എത്തിയിരുന്നുവെന്ന് അന്നാണ് പ്രേക്ഷകരും അറിഞ്ഞത്. ഈ രംഗം ഒഴിവാക്കരുതായിരുന്നു എന്ന് ഒരുകൂട്ടര്‍ പറഞ്ഞപ്പോള്‍ ഒഴിവാക്കിയത് നന്നായി എന്നായിരുന്നു മറ്റൊരു കൂട്ടരുടെ അഭിപ്രായം.

സി.പ്രേംകുമാര്‍ സംവിധാനം ചെയ്ത ചിത്രം 1996 ൽ സ്‌കൂള്‍ പ്രണയവും വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും കണ്ടുമുട്ടുന്നതുമൊക്കെയാണ് അവതരിപ്പിച്ചിട്ടുള്ളത്. വര്‍ഷ ബൊല്ലമ്മ, ഗൗരി ജി.കിഷന്‍, ദേവദര്‍ശിനി, ആദിത്യ ഭാസ്‌കര്‍, ജനകരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook