നഷ്ടപ്രണയത്തിന്റെയും നിസ്സഹായതയുടെയും ആൾരൂപം പോലൊരു പ്രണയിനി- ’96’ സിനിമയിലെ ജാനു എന്ന കഥാപാത്രത്തെ സിനിമ കണ്ട ആർക്കും അത്ര പെട്ടെന്ന് മറക്കാനാവില്ല. ജീവിതത്തിൽ എപ്പോഴെങ്കിലും പറയാതെ പോയൊരു പ്രണയം ഉള്ളിൽ സൂക്ഷിക്കുന്നവരെ സംബന്ധിച്ച് പ്രത്യേകിച്ചും, അവർക്ക് ഓർമ്മകൾ സമ്മാനിക്കുന്നൊരു നോവിന്റെ പേരുകൂടിയാവാം ജാനു എന്നത്.

തിയേറ്ററിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും സാമ്പത്തിക വിജയം നേടുകയും ചെയ്ത ചിത്രം കന്നടയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഇപ്പോഴിതാ, ’96’ന്റെ തെലുങ്ക് റീമേക്കിന്റെ ചിത്രീകരണവും പൂർത്തിയായിരിക്കുകയാണ്. തെലുങ്ക് റീമേക്കിൽ തൃഷയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സാമന്ത അക്കിനേനിയാണ്. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായ വിശേഷം ട്വിറ്ററിലൂടെ സാമന്ത ആരാധകരുമായി പങ്കുവച്ചു.

ഇതെനിക്കൊരു സ്പെഷ്യൽ ചിത്രമാണെന്നും ജാനുവെന്ന കഥാപാത്രം ഏറെ ചലഞ്ചിംഗ് ആയിരുന്നുവെന്നും സാമന്ത പറയുന്നു. ഷർവാനന്ദ് ആണ് ചിത്രത്തിൽ വിജയ് സേതുപതിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹൈദരാബാദ്, വിശാഖപട്ടണം, മാലിദ്വീപ്, കെനിയ എന്നിവിടങ്ങളിൽ ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. 96 ന്റെ മ്യൂസിക് ഒരുക്കിയ ഗോവിന്ദ് വസന്ത തന്നെയാണ് തെലുങ്ക് റീമേക്കിന്റെയും സംഗീതമൊരുക്കുന്നത്. പ്രേം കുമാർ തന്നെയാണ് തെലുങ്ക് റീമേക്കും സംവിധാനം ചെയ്യുന്നത്.

തമിഴ് നാട്ടിലും മലയാളക്കരയിലും ഒരേപോലെ തരംഗം തീർത്ത ചിത്രമായിരുന്നു പ്രേംകുമാർ സംവിധാനം ചെയ്ത ’96’. നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ ’96’ എന്ന ചിത്രത്തിനൊപ്പം തന്നെ നായകനായെത്തിയ വിജയ് സേതുപതിയുടെ റാമിനെയും തൃഷയുടെ ജാനുവിനെയും സിനിമാപ്രേക്ഷകർ ഒന്നടക്കം നെഞ്ചിലേറ്റിയപ്പോൾ ബോക്സ് ഓഫീസിൽ പ്രതീക്ഷകൾക്ക് അപ്പുറത്തുള്ള​ വിജയമാണ് ചിത്രം നേടിയത്. 2018 ൽ​ ഏറ്റവും മികച്ച വിജയം നേടിയ ചിത്രങ്ങളിൽ ഒന്നു കൂടിയായിരുന്നു ’96’.

സഹപാഠികളായിരുന്ന കെ രാമചന്ദ്രന്റെയും ജാനകി ദേവിയുടെയും സഫലമാവാതെ പോയ പ്രണയത്തിന്റെ കഥയാണ് ’96’ പറഞ്ഞത്. സ്‌കൂൾകാലത്തെ നിഷ്കളങ്കമായ അവരുടെ പ്രണയത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന വിരഹവും രണ്ടു വഴിയെ സഞ്ചരിക്കേണ്ടി വരുന്ന റാമിന്റെയും ജാനുവിന്റെയും നിസ്സഹായതയും. 22 വർഷങ്ങൾക്കിപ്പുറം സഹപാഠികൾക്കൊപ്പമുള്ള കൂടിച്ചേരലിൽ വച്ച് അവർ വീണ്ടും കാണുന്നതും പറയാതെ പോയ പ്രണയം തുറന്നു പറയുകയും ഏതാനും മണിക്കൂറുകൾ ഒന്നിച്ച് ചെലവഴിച്ച് നിസ്സഹായരായി പിരിഞ്ഞു പോവുകയും ചെയ്യുന്നു.

തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിച്ച ചിത്രം കൂടിയായിരുന്നു ’96’. ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറായാണ് വിജയ് സേതുപതിയെത്തിയത്. സഹപാഠികളായിരുന്ന റാമും ജാനുവും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും ’96’ ബാച്ചിലെ വിദ്യാര്‍ഥികളുടെ ഒത്തുചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

Read more: ആ നഷ്ടപ്രണയം ഒരു വർഷം പിന്നിടുമ്പോൾ; ’96’ ഓർമ്മകളിൽ സേതുപതിയും തൃഷയും

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook