കേരളത്തിന്റെ ദൃശ്യകലാ പാരമ്പര്യത്തിലേക്ക് സെല്ലുലോയിഡ് കടന്നു വന്നിട്ട് തൊണ്ണൂറു വര്‍ഷം തികയുന്നു.  ഒന്‍പതു പതിറ്റാണ്ട് പിന്നിടുമ്പോള്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയ ഒരു പിടി ചിത്രങ്ങളും അനേകം മികച്ച അഭിനേതാക്കളെയും സാങ്കേതികപ്രവര്‍ത്തകരെയും വാര്‍ത്തെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് ഈ ചെറിയ ചലച്ചിത്ര മേഖലയ്ക്ക്.

തൊണ്ണൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1928 നവംബര്‍ ഏഴിനാണ് മലയാളത്തിലെ ആദ്യ ചലച്ചിത്രം ‘വിഗതകുമാരന്‍’ പ്രദര്‍ശിപ്പിക്കുന്നത്. ജെ.സി ഡാനിയേല്‍ നിര്‍മ്മിച്ച ‘വിഗതകുമാരന്‍’ നിശബ്ദ ചിത്രമായിരുന്നു. രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച ജെ.സി ഡാനിയേല്‍ തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ചന്ദ്രകുമാറായി അഭിനയിച്ചതും.

രക്ഷിതാക്കളെ വേര്‍പിരിഞ്ഞ ഒരു കുട്ടിയുടെ ജീവിതമായിരുന്നു ചിത്രത്തിന്റെ കഥാതന്തു. നാട്ടിലെ ഒരു ധനികന്റെ മകനായ ചന്ദ്രകുമാറിനെ ബാല്യകാലത്തില്‍ വില്ലനായ ഭൂതനാഥന്‍ കൊളംബോയിലേക്ക് തട്ടിക്കൊണ്ടുപോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് വിഗതകുമാരനെ മുന്നോട്ട് കൊണ്ടുപോകുന്നത്.

ഒരുപാട് പ്രതീക്ഷകളോടെ മലയാളത്തിലെ ആദ്യ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ ജെ.സി ഡാനിയേലിനെ കാത്തിരുന്നത് പക്ഷെ അപ്രതീക്ഷിത സംഭവങ്ങളായിരുന്നു. സവര്‍ണമേധാവിത്വമുള്ള സമയത്ത് അവര്‍ണ സ്ത്രീ നായികയായി അഭിനയിക്കുന്നതു കണ്ട് യഥാസ്ഥിതികരായ പ്രേക്ഷകര്‍ രോഷാകുലരായി. അങ്ങനെ ‘വിഗതകുമാരന്‍’ പ്രദര്‍ശിപ്പിച്ചപ്പോള്‍ ക്യാപിറ്റോള്‍ തിയേറ്ററിന്റെ വെള്ളിത്തിരയിലേക്ക് കല്ലേറുണ്ടായി. തിരശ്ശീല വലിച്ചുകീറി. സ്റ്റുഡിയോ അടച്ചുപൂട്ടി സിനിമ സ്വപ്നം അവസാനിപ്പിക്കുക മാത്രമേ ഡാനിയേലിന്റെ മുന്നില്‍ വഴിയുണ്ടായിരുന്നുള്ളു. മലയാള സിനിമയുടെ ആദ്യ നായികയായ പി.കെ.റോസിക്കു നേരെയും ആക്രമണം ഉണ്ടായി. ജീവന്‍ രക്ഷിക്കാന്‍ ആ നാട്ടില്‍ നിന്നും ഓടിപ്പോകുകമാത്രമായിരുന്നു റോസിക്കു മുന്നിലുണ്ടായിരുന്ന ഏകവഴി.

അത് സിനിമയുടെ മാത്രമായിരുന്നില്ല, ജെ.സി ഡാനിയേല്‍ എന്ന നിര്‍മ്മാതാവിന്റെ കൂടി പരാജയമായിരുന്നു. നെയ്യാറ്റിന്‍കരക്കു സമീപം പനച്ചമൂട് എന്ന സ്ഥലത്ത് സ്വന്തമായുണ്ടായിരുന്ന 100 ഏക്കര്‍ സ്ഥലം വിറ്റാണ് അദ്ദേഹം സിനിമക്കു വേണ്ടി പണം സ്വരൂപിച്ചത്. നാലു ലക്ഷത്തോളം രൂപ ചെലവിട്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. രണ്ടു തവണ സിലോണില്‍ പോയും ചിത്രീകരണം നടത്തുകയുണ്ടായി. തിരുവന്തപുരത്ത് പി.എസ്.സി. ഓഫീസിനു സമീപം അഭിഭാഷകനായ നാഗപ്പന്‍ നായരുടെ വസതിയായിരുന്നു പ്രധാന ലൊക്കേഷന്‍. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം നടക്കാതെ പോയതാണ് ജെ.സി ഡാനിയേല്‍ എന്ന മനുഷ്യന്റെയും തകര്‍ച്ചയ്ക്ക് കാരണമായത്. പിന്നീട് ജെ.സി ഡാനിയേലിന്റെ ഇളയമകന്‍ ഹാരിസ് തന്റെ ആറാം വയസ്സില്‍ കളിക്കിടയില്‍ ഫിലിം തീയിട്ടു നശിപ്പിച്ചതിനാല്‍ ചിത്രത്തിന്റെ പ്രിന്റും ലഭ്യമല്ല.

Image may contain: 2 people, people standing and outdoor

വര്‍ഷങ്ങള്‍ക്ക് ശേഷം 2013ല്‍, മലയാള സിനിമയുടെ പിതാവിനെക്കുറിച്ചും, ആദ്യ ചിത്രത്തെക്കുറിച്ചും ആദ്യ നായികയെക്കുറിച്ചും ‘സെല്ലുലോയ്ഡ്’ എന്ന പേരില്‍ സംവിധായകന്‍ കമല്‍ സിനിമ ഒരുക്കി. പൃഥ്വിരാജായിരുന്നു ചിത്രത്തില്‍ ജെ.സി ഡാനിയേലായി എത്തിയത്. ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ രചിച്ച ജെ.സി. ദാനിയേലിന്റെ ജീവചരിത്രത്തെയും വിനുഅബ്രഹാമിന്റെ ‘നഷ്ടനായിക’ എന്ന കഥയേയും ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ തിരക്കഥ. മികച്ച ചിത്രത്തിനുളള അവാർഡുൾപ്പെടെ 2012-ലെ ഏഴ് കേരള സംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങള്‍ ചിത്രത്തിനു ലഭിച്ചു

ചിത്രത്തില്‍ ജെ.സി ഡാനിയേലായും അദ്ദേഹത്തിന്റെ മകന്‍ ഹാരിസായും വേഷമിട്ടത് പൃഥ്വിരാജ് തന്നെയായിരുന്നു. ഭാര്യ ജാനറ്റായി മംമ്ത മോഹന്‍ദാസ് എത്തിയപ്പോള്‍ മലയാളത്തിന്റെ നഷ്ടനായിക പി.കെ റോസിയെ അവതരിപ്പിച്ചത് പുതുമുഖം ചാന്ദ്‌നി ആയിരുന്നു. ശ്രീനിവാസന്‍, ടി.ജി രവി, നെടുമുടി വേണു, സിദ്ദിഖ്, ഇര്‍ഷാദ്, തലൈവാസല്‍ വിജയ്, രമേഷ് പിഷാരടി എന്നിവരും സെല്ലുലോയ്ഡിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ജെ.സി ഡാനിയേല്‍ എന്ന പേരില്‍ ചിത്രത്തിന്റെ തമിഴ് പതിപ്പും പുറത്തിറക്കിയിരുന്നു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook