സിനിമയ്ക്ക് അപ്പുറത്തും ഊഷ്മളമായ സൗഹൃദം സൂക്ഷിക്കുന്ന താരങ്ങളുടെ കൂട്ടായ്മയാണ് ‘എയ്റ്റീസ് ക്ലബ്’. കരിയറിലെ മത്സരങ്ങളേക്കാൾ ജീവിതത്തിൽ സൗഹൃദത്തിന് പ്രാധാന്യം നൽകിയ താരങ്ങൾ. ദക്ഷിണേന്ത്യൻ സിനിമയിൽ തങ്ങളുടെ കയ്യൊപ്പു പതിപ്പിച്ച പ്രതിഭകൾ. അവരുടെ കൂട്ടായ്മയാണ് എയ്റ്റീസ് ക്ലബ്ബ് അഥവാ എവർഗ്രീൻ ക്ലബ്ബ് ’80’.
എൺപതുകളിൽ തെന്നിന്ത്യൻ സിനിമയുടെ സ്പന്ദനമായിരുന്ന ഈ താരങ്ങൾ സമയം കിട്ടുമ്പോഴൊക്കെ ഒന്നിച്ചു കൂടാറുണ്ട്. ഇപ്പോഴിതാ, നടി ലിസി പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. സുഹാസിനി, രേവതി, റഹ്മാൻ, ശോഭന, രമ്യ കൃഷ്ണൻ, ഖുശ്ബു, ലിസി, പൂർണിമ ഭാഗ്യരാജ്, ഭാഗ്യരാജ്, രാജ്കുമാർ എന്നിവർക്കൊപ്പം മണിരത്നത്തെയും ചിത്രത്തിൽ കാണാം. നിറചിരിയുമായി ഇരിക്കുന്ന താരങ്ങളുടെ ചിത്രം ഇതിനകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
2009 ലാണ് സുഹാസിനി മണിരത്നവും ലിസിയും ചേർന്ന് ഇത്തരമൊരു റീയൂണിയൻ ആരംഭിക്കുന്നത്. ‘ചെന്നൈ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ കാര്യങ്ങൾ ചർച്ച ചെയ്യാനായി തെന്നിന്ത്യൻ താരങ്ങൾ ഒന്നിച്ച് സുഹാസിനിയുടെ വീട്ടിൽ ഒത്തു കൂടിയ യോഗത്തിൽ നിന്നാണ് ഇത്തരമൊരു കൂട്ടായ്മയുടെ പിറവി’യെന്ന് ‘ദ ഹിന്ദു’വിന് നൽകിയ അഭിമുഖത്തിൽ മുൻപ് സുഹാസിനി തന്നെ വ്യക്തമാക്കിയിരുന്നു. കൂട്ടായ്മ സംഘടിപ്പിക്കാൻ സുഹാസിനിയും ലിസിയും മുൻകൈ എടുത്തു. ആദ്യം, 80കളിലെ താരറാണിമാർ മാത്രമുണ്ടായിരുന്ന കൂട്ടായ്മ പതിയെ വളർന്നു, താരങ്ങളും കൂട്ടായ്മയുടെ ഭാഗമായി മാറി.
സുഹാസിനി, ലിസി, ഖുശ്ബു, ശോഭന, രേവതി, രജനീകാന്ത്, കമൽഹാസൻ, മോഹൻലാൽ, വെങ്കിടേഷ്, സത്യരാജ്, പ്രഭു, പൂനം ധില്ലൻ, രാധ, സുമലത, അബരീഷ്, സ്വപ്ന, മേനക, പാർവ്വതി, ജയറാം, കാർത്തിക്, മുകേഷ്, പ്രതാപ് പോത്തൻ, മോഹൻ, സുരേഷ്, ശങ്കർ, അംബിക, രമേശ് അരവിന്ദ്, നരേഷ്, ഭാഗ്യരാജ്, പൂർണിമ ഭാഗ്യരാജ്, ചിരഞ്ജീവി, സുമൻ, നദിയാ മൊയ്തു, റഹ്മാൻ, രാജ്കുമാർ, സരിത, ജയസുധ, ജാക്കി ഷെറോഫ്, രാധിക ശരത്കുമാർ, രമ്യ കൃഷ്ണൻ എന്നു തുടങ്ങി തമിഴ്, തെലുങ്ക്, കന്നട, മലയാളം സിനിമകളിലെ ഒരു പ്രമുഖ താരനിര തന്നെ ഈ കൂട്ടായ്മയുടെ ഭാഗമാണ്.

പാട്ടും നൃത്തവും തമാശകളുമൊക്കെയായി ഉത്സവമേളം സമ്മാനിക്കുന്ന രീതിയിലാണ് ഇവരുടെ ഓരോ ഒത്തുച്ചേരലുകളും. ഡ്രസ് കോഡും തീമുമെല്ലാമുള്ള താരസംഗമം നിറപ്പകിട്ടിന്റെ കൂടി ഉത്സവമാകുന്ന കാഴ്ചകളാണ് ഓരോ ഒത്തുചേരലിനും ശേഷമുള്ള ചിത്രങ്ങൾ കാണിച്ചു തരുന്നത്.







എന്നാൽ, ഒരു കിറ്റിപാർട്ടിയുടെ സ്വഭാവമാണ് ഈ കൂട്ടായ്മയ്ക്ക് എന്നു ധരിച്ചിരുന്നവരുടെ ധാരണകളെല്ലാം തിരുത്തി, വെറും സൗഹൃദ സംഗമമെന്നതിന് അപ്പുറത്തേക്ക് സാമൂഹിക ഉത്തരവാദിത്വം കൂടിയുള്ള ഒരു കൂട്ടായ്മയാണ് ഞങ്ങളുടേതെന്ന് തെളിയിച്ചിരിക്കുകയാണ് തെന്നിന്ത്യൻ സിനിമയിലെ ഈ നിത്യഹരിത താരങ്ങൾ. വാർഷിക ഒത്തു കൂടൽ വേണ്ടെന്നു വച്ചാണ് ഇവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 40 ലക്ഷം രൂപ തുക നൽകിയത്. കൂട്ടായ്മയിലെ താരങ്ങൾ പലരും നൽകിയ വ്യക്തിഗത സംഭാവനകൾക്ക് പുറമെയാണ് ഇത്.