Latest News

Oscars 2019: പ്രതിഷേധങ്ങൾ ഫലം കാണുന്നു; പുരസ്കാരങ്ങളെല്ലാം ഓൺ എയറായി തന്നെ നൽകുമെന്ന് അക്കാദമി

ഒരാഴ്ചയോളമായി ഉയർന്നു കൊണ്ടിരിക്കുന്ന കടുത്ത പ്രതിഷേധങ്ങൾക്കു മുൻപിൽ ഒടുവിൽ അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്സ് ആൻഡ് സയൻസസ് മുട്ടുമടക്കിയിരിക്കുകയാണ്

oscars 2019, oscars, academy awards, the academy, oscar awards, oscars contrroversy, oscar news, oscar telecast, oscars latest, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 91-ാമത് ഓസ്കാർ അവാർഡ് ദാനചടങ്ങിന് അരങ്ങൊരുങ്ങാൻ എട്ടു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്സ് ആൻഡ് സയൻസസിനെതിരെ ഷോയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന ചില വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും അന്ത്യമാവുകയാണ്.

ഒാസ്കാർ ചടങ്ങ് മൂന്നു മണിക്കൂറിനകത്തേക്ക് ചുരുക്കുക എന്ന ഉദ്യമത്തിന്റെ ഭാഗമായി ഈ വർഷം മുതൽ സിനിമോട്ടോഗ്രഫി, ഫിലിം എഡിറ്റിംഗ്, മേക്കപ്പ്, ഹെയർ സ്റ്റൈലിംഗ് എന്നിവയ്ക്കുള്ള ഓസ്കാർ പുരസ്കാരങ്ങൾ ‘ഒാഫ് എയറി’ൽ നൽകാൻ അക്കാദമി എടുത്ത തീരുമാനമാണ് വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായത്. പ്രതിഷേധങ്ങൾ ശക്തമായതോടെ ആ തീരുമാനവും ‘ഓഫ് എയർ’ പ്ലാനും ഉപേക്ഷിച്ച് പഴയ ക്ലാസ്സിക്കൽ സ്റ്റൈലിൽ തന്നെ പുരസ്കാരങ്ങൾ നൽകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അക്കാദമി ഓഫ് മോഷൻ പിക്ച്ചർ ആർട്സ് ആൻഡ് സയൻസസ്.

പബ്ലിക് റിലേഷനുമായി ബന്ധപ്പെട്ട ചില ഡിസാസ്റ്ററുകൾ, പിൻവാങ്ങലുകൾ, തെറ്റായ തീരുമാനങ്ങൾ എന്നിവയാണ് ആദ്യം ഓസ്കാർ അവാർഡുകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്നത്. ഫെബ്രുവരി 24-ാം തിയ്യതി നടക്കുന്ന അക്കാദമി പുരസ്‌കാരങ്ങളുടെ തത്സമയ സംപ്രേക്ഷണത്തിൽ നിന്നും നാല് വിഭാഗങ്ങളെ സമയപരിമിതി മൂലം ഒഴിവാക്കുകയാണെന്നും തത്സമയ പ്രക്ഷേപണത്തിന്റെ ഇടവേളകളിൽ ഈ പുരസ്‌കാരങ്ങൾ നൽകാം എന്നുമുള്ള അക്കാദമിയുടെ തീരുമാനം കൂടി വന്നതോടെ 91-ാമത് അക്കാദമി അവാർഡുകളെ കൂടുതൽ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയായിരുന്നു. സിനിമാ നിർമാണത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ചിലതെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഛായാഗ്രഹണവും എഡിറ്റിംഗും ഒഴിവാക്കിയവയിൽ ഉൾപ്പെട്ടിരുന്നു. പ്രതിഷേധങ്ങൾ ഉയർന്നപ്പോഴും വെട്ടിച്ചുരുക്കിയ ഷോ തന്നെയാണ് തുടരേണ്ടത് എന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ഓസ്കാർ ഷോയുടെ റേറ്റിംഗ് തിരികെയെത്തിക്കാനായി പരവശപ്പെടുന്ന അക്കാദമി.

ഈ വിഷയവുമായി ബന്ധപ്പെട്ട് മാർട്ടിൻ സ്കോർസെസെ, സ്പൈക്ക് ലീ, ബ്രാഡ് പിറ്റ്, ഛായാഗ്രാഹകൻ റോജർ ഡേകിൻസ്‌, സംവിധായകൻ ഡാമിയൻ ഷാസെൽ തുടങ്ങിയ ഹോളിവുഡിലെ പ്രമുഖർ ചേർന്ന് അക്കാദമിക്ക് ഒരു തുറന്ന കത്തെഴുതിയിരുന്നു. ലൈവ് ആക്ഷൻ ഷോർട്ട്, ഹെയർ സ്റ്റൈലിംഗ്, മേക്കപ്പ് ഉൾപ്പെടെയുള്ള വിഭാഗങ്ങളെ എബിസിയുടെ തത്സമയ പ്രക്ഷേപണത്തിൽ നിന്നും മാറ്റാനായി തീരുമാനമെടുത്ത നേതൃത്വത്തിനെ വിമർശിച്ചുകൊണ്ടായിരുന്നു കത്ത്.

“91-മത് അക്കാദമി അവാർഡ് ചടങ്ങിൽ സിനിമയുമായി സംബന്ധിച്ച് ഏറ്റവും പ്രധാനമായ മേഖലകളെ തരം താഴ്ത്തുക വഴി, സിനിമയോടുള്ള അഭിനിവേശം കൊണ്ട് തിരഞ്ഞെടുത്ത ഒരു തൊഴിലിനു വേണ്ടി ജീവിതമർപ്പിച്ച ഞങ്ങളെപ്പോലെയുള്ള വരെ അധിക്ഷേപിക്കുകയാണ് അക്കാദമി ചെയ്തത്. വിശിഷ്ടമായ സിനിമകൾ നിർമിക്കുന്നതിന് കാരണക്കാരായവരെ തിരിച്ചറിയാനും സംരക്ഷിക്കാനും ഉത്തരവാദിത്വമുള്ള ഒരു പ്രസ്ഥാനം തന്നെ അതിനെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ, സിനിമ എന്ന കൂട്ടായ കലയെ ആഘോഷിക്കുക എന്ന അക്കാദമിയുടെ ആദർശം നിന്നും വ്യതിചലിക്കുക കൂടിയാണ് ചെയ്യുന്നത്, ” കത്തിൽ അവർ എഴുതി.

‘തെറ്റായ വിവരം’ നൽകിയതിന്, ‘കൃത്യമല്ലാത്ത റിപ്പോർട്ടുകളെയും സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളെയും’ പഴിച്ചു കൊണ്ട് അക്കാദമിയും തിരികെ ഒരു കത്തെഴുതുകയുണ്ടായി. പ്രക്ഷേപണങ്ങളിൽ (തത്സമയം അല്ലെങ്കിൽ സ്റ്റേജിലേക്കുള്ള നടത്തം കാണാൻ സാധിക്കില്ല) ഈ വിഭാഗങ്ങളിൽ വിജയിച്ച നാല് പേരുടെ പ്രസംഗങ്ങൾ ഉൾപ്പെടുത്തുമെന്നും വരും വർഷങ്ങളിൽ ഇത്തരത്തിലുള്ള നാല് മുതൽ ആറ് വിഭാഗങ്ങളെ വരെ വെട്ടിക്കുറയ്ക്കാൻ സാധ്യതയുണ്ടെന്നും, അക്കാദമി പ്രസിഡന്റ് ആയ ഛായാഗ്രാഹകൻ ജോൺ ബെയ്‌ലിയും അക്കാഡമി ബോർഡ് ഓഫ് ഗവർണേഴ്‌സിലുള്ള മറ്റ് അംഗങ്ങളും ചേർന്ന് ഒപ്പിട്ട കത്തിൽ സൂചിപ്പിക്കുന്നു.

ഓസ്കാർ സൊ വൈറ്റ് ‘- ഓസ്കറിൽ നില നിന്നു പോന്ന റേസിസത്തെ സൂചിപ്പിക്കുന്ന #OscarSoWhite backlash എന്ന ഹാഷ്ടാഗുകൾക്കും അവാർഡ് വിവരം എഴുതിയ കവറിലുണ്ടായ ആശയക്കുഴപ്പവും ഹാർവെയ്‌ വെയ്ൻസ്റ്റീനിനെ അക്കാദമിയിൽ നിന്ന് പുറത്താക്കിയതുമായ വിവാദങ്ങളുമടക്കം ഇത്തവണത്തെ നാടകീയ സംഭവങ്ങൾ അക്കാദമി തന്നെ വരുത്തി വെച്ചതാണ്. ഗ്രാൻഡ് – ഗ്ലാമറസ്‌ എന്നിവയുടെ പര്യായമായ ഓസ്കാർ ഷോ, എക്കാലത്തെയും താഴ്ന്ന 26.5 കോടി കാഴ്ചക്കാരെന്ന കണക്കിലേക്ക് ചുരുങ്ങുകയാണ്. അതാരും ഇഷ്ടപ്പെടുന്നുമില്ല.

“ജനങ്ങൾക്ക് പൊതുവേ മാറ്റങ്ങളോട് ഒരു പരുക്കൻ സമീപനമാണുള്ളത്. ചില സന്ദർഭങ്ങളിൽ മാറ്റമെന്നത് ഗ്രഹിക്കാൻ ബുദ്ധിമുട്ടാണ്. വാർത്ത പുറത്തു വന്ന രീതിയും തെറ്റായിരുന്നു എന്നെനിക്ക് തോന്നുന്നു. പക്ഷേ റേറ്റിംഗുകളുമായി പിടിച്ചു നിൽക്കേണ്ട ആവശ്യമുണ്ട്,” ‘ദി ബാലഡ് ഓഫ് ബസ്റ്റർ സ്ക്രഗ്ഗ്‌സ്’ (The Ballad of Buster Scroggs) എന്ന ചിത്രത്തിന് ഈ വർഷം മികച്ച വസ്ത്രലങ്കാരകയ്ക്കുള്ള നാമനിർദേശം ലഭിച്ച അക്കാഡമി ബോർഡ് ഓഫ് ഗവേർനെഴ്സിലെ 54 അംഗങ്ങളിൽ ഒരാളുമായ മേരി സോഫ്രെസ് അഭിപ്രായപ്പെട്ടതിങ്ങനെയായിരുന്നു.

ഓസ്കാറിലേക്കു ‘ജനപ്രിയ ചിത്രം’ എന്ന വിഭാഗം ഉൾപ്പെടുത്താനുള്ള നടപടികൾ നടക്കുന്നുവെന്ന വിവരം വെളിച്ചത്തിലേക്ക് വന്നതു മുതലാണ് അക്കാദമിയുടെ ‘തലവേദന’ ആരംഭിച്ചത്. അത് വൻ പ്രതിഷേധത്തിന് വഴിയൊരുക്കുകയും (സിനിമ വ്യവസായം അവസാനിച്ചുവെന്ന് പോലും റോബർട്ട് ലോവിനെപ്പോലെയുള്ളവർ പറയുകയുമുണ്ടായി) ഒരു മാസത്തിനുള്ളിൽ ആ അവാർഡിനുള്ള പദ്ധതി പിൻവലിക്കുകയും ചെയ്തു.

തുടര്‍ന്ന് ഈ വർഷത്തെ അവാർഡിന് താനാണ് ആതിഥേയത്വം വഹിക്കുന്നതെന്ന് കെവിൻ ഹാർട്ട് സ്വയം പ്രഖ്യാപിക്കുകയുണ്ടായി. എന്നാൽ സ്വവർഗ്ഗരതിയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ മുൻകാല ട്വീറ്റുകളെ ചൂണ്ടിക്കാണിച്ചു പലരും പ്രശ്നമുണ്ടാക്കിയപ്പോൾ ഒരു ക്ഷമാപണം നടത്തി പ്രശ്നം പരിഹരിക്കാൻ തുനിഞ്ഞത് പിന്നെയും ശക്തമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. മണിക്കൂറുകൾക്കകം ആതിഥേയത്വത്തിൽ നിന്നും അദ്ദേഹം പിന്മാറുകയും എൽജിബിറ്റിക്യു സമൂഹത്തോട് മാപ്പെഴുതി നൽകുകയും ചെയ്തു. 91 വർഷത്തെ ചരിത്രത്തിൽ അഞ്ചാമത്തെ തവണ ഓസ്കാർ ആതിഥേയരില്ലാതെയായി. ഏറ്റവും അവസാനമായി ഇത്തരമൊരു സന്ദർഭമുണ്ടായത് കുപ്രസിദ്ധമായ റോബർട്ട് ലോവ്, സ്നോ വൈറ്റ് കൂട്ടുകെട്ട് വന്ന 1989-ലാണ്.

Read more: Oscar 2019: നാല് പുരസ്കാരങ്ങൾ ഇനി ഓഫ് എയറിൽ

പാരമ്പര്യത്തെ വളച്ചൊടിക്കാനുള്ള മറ്റു പല ശ്രമങ്ങളും വിപരീത ഫലം നൽകിയിട്ടുണ്ട്. മികച്ച ഗാനങ്ങൾക്ക് നാമനിർദേശം ചെയ്യപ്പെട്ടവരുടെ സദസ്സിലെ പ്രകടനം ചുരുക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച അക്കാദമി, പിന്നെ നാമനിർദേശം ലഭിച്ച എല്ലാ ഗാനങ്ങളും അവതരിപ്പിക്കാനുള്ള അവസരം നല്‍കുമെന്ന് വ്യക്തമാക്കി. “എല്ലാ ഗാനങ്ങളും ഉൾപ്പെടുത്തുക വഴി അവരെടുത്തത് ശരിയായ തീരുമാനമാണ്. രണ്ട് ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തുന്നത് ഉചിതമല്ല. മറ്റു ഗാനങ്ങൾ ഒന്നും തന്നെ നല്ലതല്ല എന്നു പറയുന്നത് പോലെയാകുമത്” ‘ആർബിജി’ എന്ന ചിത്രത്തിലെ ‘ഐ വിൽ ഫൈറ്റ്’ (ഞാൻ പോരാടും) എന്ന ഗാനത്തിന് നാമനിർദേശം ലഭിച്ച ഡിയാൻ വാറൻ അഭിപ്രായപ്പെട്ടു.

അടുത്ത പത്തുവർഷത്തേക്ക് ഓസ്‌കാറിന്റെ പ്രക്ഷേപണാവകാശമുള്ള എബിസി, അക്കാദമിയിൽ സമ്മർദം ചെലുത്തി ഇത്തരം നീക്കങ്ങളിലേക്ക് എത്തിച്ചതാണെന്ന് ചിലർ കുറ്റപ്പെടുത്തുന്നുണ്ട്. ഇതിനെക്കുറിച്ചു എബിസി ഇത് വരെ പ്രതികരിച്ചിട്ടില്ല.

അക്കാദമി നേതൃത്വം പ്രതീക്ഷിച്ചതിനേക്കാൾ നിഷേധസൂചകമായ പ്രതികരണമാണ് അവരുടെ പ്രമുഖ അംഗങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായത്. ഏറ്റവും ശക്തമായ രീതിയിൽ പ്രതികരിച്ചത് ഛായാഗ്രഹണത്തിൽ ഉൾപ്പെടെ നാല് വിഭാഗങ്ങളിൽ നാമനിർദ്ദേശം ലഭിച്ച അൽഫോൻസോ കുവറോൺ ആണ്. “ഛായാഗ്രഹണവും എഡിറ്റിംഗും ഇല്ലാതെ ഒരു സിനിമ പോലും നിലനിന്നിട്ടില്ല” എന്നാണ് അദ്ദേഹം പറഞ്ഞത്. “ഛായാഗ്രഹണവും എഡിറ്റിംഗും എന്നാൽ സിനിമ തന്നെയാണ്” എന്നാണ് കഴിഞ്ഞ തവണത്തെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട ‘ദി ഷെയ്പ്പ് ഓഫ് വാട്ടർ’ എന്ന ചിത്രത്തിന്റെ സംവിധായകനും, കഴിഞ്ഞ വർഷത്തെ മികച്ച സംവിധായകനുമായ ഗുല്ലെർമോ ഡി ടോറോ അഭിപ്രായപ്പെട്ടത്.

“എനിക്കത് ഇഷ്ടമായില്ല. അതൊരു നല്ല കാര്യമാണെന്നും എനിക്ക് തോന്നുന്നില്ല. ഞാനൊരു കലാകാരിയാണ്. കഠിനാദ്ധ്വാനം ചെയ്‌ത്‌ ഞങ്ങൾക്ക് ലഭിച്ച കഴിവിനെ ഞങ്ങൾ വളർത്തിയെടുക്കുന്നു. അത് ലോകത്തിനോടൊപ്പം ആഘോഷിക്കാനും ഞങ്ങൾക്ക് സാധിക്കണം. പതിനഞ്ച് മിനിറ്റ് ഒരുപാട് വ്യത്യാസങ്ങൾ വരുത്തുമെന്ന് എനിക്ക് തോന്നുന്നില്ല,” മികച്ച സപ്പോർട്ടിങ് നടിക്കുള്ള നാമനിർദേശ പട്ടികയിലുള്ള റെജീന കിംഗ് തന്റെ വിയോജിപ്പ് രേഖപ്പെടുത്തി.

നാല് മണിക്കൂറിൽ അധികമുള്ള സംപ്രേക്ഷണ സമയം മൂന്ന് മണിക്കൂറിലേക്ക് ചുരുക്കുക എന്ന ഉറച്ച തീരുമാനത്തിലാണ് അക്കാദമി. കഴിഞ്ഞ വർഷങ്ങളിൽ അവാർഡ് ഷോകളുടെ റേറ്റിംഗ് കുറയുന്ന പ്രവണതയാണ് കാണാൻ സാധിച്ചത്. പരിപാടികളുടെ സമയം കുറച്ചത് കൊണ്ട് കാഴ്ച ശീലങ്ങളെ എന്തെങ്കിലും തരത്തിൽ മാറ്റാൻ സാധിക്കുമോ എന്നുള്ളത് കണ്ടു തന്നെ അറിയണം.

പ്രേക്ഷകവൃന്ദം നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, എല്ലാരിലേക്കും എത്തിക്കാൻ കഴിയുന്ന തരത്തിൽ പ്രക്ഷേപണം നടത്താൻ കഴിയുന്ന ഒരു അവസ്ഥ ഉണ്ടാക്കിയെടുക്കുക എന്നത് വർധിച്ചു വരുന്നൊരു വെല്ലുവിളിയാണ്. സിനിമ സംരക്ഷണം, ഒരുപാട് കാലതാമസം നേരിട്ട നാന്നൂറ് കോടി ഡോളർ പദ്ധതിയായ ലോസ് ആഞ്ചെലെസ് മ്യൂസിയം എന്നിവയിൽ വർഷം മുഴുവൻ പങ്കാളിത്തമുള്ള ഒരു പ്രസ്ഥാനമായ അക്കാദമിയുടെ പ്രാഥമിക വരുമാന മാർഗം ഓസ്കാർ പ്രക്ഷേപണമാണ്.

“അവാർഡ് ടെലിവിഷനിൽ സംപ്രേക്ഷണം ചെയുക വഴി ലഭിക്കുന്നത് ആറ് മുതൽ ഏഴ് കോടി ഡോളർ വരെയാണ്. നിങ്ങൾക്ക് എങ്ങനെയാണു ഒരു വിനോദ പരിപാടിയെയും, വിജയികളെ ആദരിക്കുന്നൊരു പരിപാടിയും ഒരുമിച്ചു നടത്താൻ സാധിക്കുക?” രണ്ട് തവണ ഓസ്കാർ ലഭിച്ച മൈക്കിൾ ഡഗ്ലസ് അഭിപ്രായപ്പെട്ടു.

“ഞാൻ ഈ അടുത്ത് ഗ്രാമി അവാർഡ് കാണുകയുണ്ടായി. ഒരുപാട് കാലത്തിനിടയ്ക്ക് കണ്ട മികച്ച ഓപ്പണിങ്ങുകളിൽ ഒന്നായിരുന്നു. ഒൻപതു അവാർഡുകൾ മാത്രമുള്ള മൂന്നര മണിക്കൂർ ഷോ. അവയെല്ലാം സംഗീതവുമായി ബന്ധപ്പെട്ടവയാണ്,” ഡൗഗ്ലസ് കൂട്ടിച്ചേർത്തു.

ഓസ്കാർ പോലെത്തന്നെ ഹോളിവുഡും ചെറുതായി കൊണ്ടിരിക്കുകയാണ്. പ്രധാനപ്പെട്ട സ്റ്റുഡിയോകൾ എന്നറിയപ്പെടുന്ന ‘ബിഗ് സിക്സ്’സിന്റെ ഭാഗമായ, 83 വർഷം പ്രായമായ 20th സെഞ്ചുറി ഫോക്സ് ഈ വർഷം വാൾട്ട് ഡിസ്നിയുടെ ഭാഗമാകും. കുവറോണിന്റെ ‘റോമാ’ എന്ന ചിത്രം വഴി നെറ്റ്ഫ്ലിക്സ് ഈ വർഷം ആദ്യത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടാനും സാധ്യതയുണ്ട്.

ആതിഥേയരില്ലാത്ത, വിവാദപരമായ ഓസ്കാർ പ്രക്ഷേപണത്തിലേക്ക് എല്ലാ ശ്രദ്ധയും തിരിഞ്ഞപ്പോൾ ഈ വർഷത്തെ സിനിമകളെക്കുറിച്ചു ആരും സംസാരിക്കുന്നില്ല എന്നുള്ളതാണ് ഇതിലെ വിരോധാഭാസം. ഈ വർഷത്തെ നാമനിർദേശപ്പട്ടികയിൽ, അക്കാദമി ആഗ്രഹിക്കുന്നതു പോലെ, ഏറ്റവുമധികം ആളുകൾ കണ്ട, ഇത്തവണത്തെ ഏറ്റവും വലിയ ഡൊമസ്റ്റിക് ഹിറ്റായ ‘ബ്ലാക്ക് പാൻന്തർ’ പോലുള്ള ചിത്രങ്ങൾ ഉണ്ടായിട്ടും, സിനിമയെച്ചൊല്ലിയുള്ള ചർച്ചകൾ ഉണ്ടായില്ല എന്നുള്ളതാണ്.

പ്രക്ഷേപണത്തിന് രണ്ടാഴ്ച തികച്ചില്ലാത്ത ഈ നേരത്തു പ്രശ്നങ്ങൾ എല്ലാം പരിഹരിക്കപ്പെടുമോയെന്നു ചിലരെങ്കിലും സംശയിക്കുന്നു. “ഇനി ഏകദേശം പത്തു ദിവസം മാത്രമുള്ള സ്ഥിതിക്ക് ഓസ്‌കാറിന്‌ മുൻപായി സ്ഥിതിഗതികൾ ശാന്തമാകേണ്ടതുണ്ട്. എന്നെ കൂടുതൽ ഉത്കണ്ഠപെടുത്തുന്നത് ഓസ്‌കാറിന്‌ മുൻപേയും, അത് നടക്കുമ്പോഴും, അതിനു ശേഷവും ഉണ്ടാകാവുന്ന അസ്വസ്ഥതതകളാകും. എല്ലാരും നിയന്ത്രണവിധേയരാണെന്ന് അവർ ഉറപ്പു വരുത്തേണ്ടതുണ്ട്,” സോഫ്രേസ് അഭിപ്രായപ്പെട്ടു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: 8 days before show time a full on revolt over the oscars

Next Story
സ്വവര്‍ഗാനുരാഗവും മലയാള സിനിമയുംlesbian, malayalam, movies
The moderation of comments is automated and not cleared manually by malayalam.indianexpress.com