പിന്നെയും പിന്നെയും മനസിന്റെ പടി കടന്നെത്തുന്ന പാട്ടിന്റെ ഗാനപ്രപഞ്ചം മലയാളത്തിന് സമ്മാനിച്ച അപൂര്‍വ്വപ്രതിഭ മറഞ്ഞിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം. പ്രണയവും വിരഹവും സന്തോഷവും സങ്കടവും അക്ഷരങ്ങളിലൂടെ സംഗീത മഴപെയ്യിച്ച ഗിരീഷ്  പുത്തഞ്ചേരിയുടെ ഗാനങ്ങള്‍ക്ക് അന്നും ഇന്നും എന്നും സംഗീതാസ്വാദകര്‍ ഏറെയാണ്.

എക്കാലവും ഓര്‍ക്കാവുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച് യാത്രയായ ഈ അനശ്വര ഗാനരചയിവാന്റെ നഷ്ടം മലയാളികള്‍ക്കും മലയാള ചലച്ചിത്ര ലോകത്തിനും നികത്താനാകാത്ത നഷ്ടം തന്നെയാണ്.

300 ഓളം ചലച്ചിത്രങ്ങള്‍ക്കായി ആയിരത്തി അഞ്ഞൂറിലധികം ഗാനങ്ങളാണ് പുത്തഞ്ചേരിയുടെ തൂലികയില്‍ പിറന്നത്.

ഏതാണ്ട് 1998 മുതല്‍ 2010 വരെയുള്ള വ്യാഴവട്ടക്കാലം മലയാളചലച്ചിത്ര ഗാനശാഖയും ഗിരീഷ് പുത്തഞ്ചേരിയും രണ്ടായിരുന്നില്ല.

കോഴിക്കോട്ടെ ഉള്ളിയേരിയില്‍ മലയാളഭാഷയേയും ഗാനശാഖയേയും സൂര്യകിരീടമണിയിക്കുവാനുള്ള നിയോഗവുമായി 1959 സെപ്റ്റംബര്‍ 23ന് പുളിക്കല്‍ കൃഷ്ണപ്പണിക്കരുടെയും മീനാക്ഷിയമ്മയുടേയും മകനായി പിറന്ന ഗിരീഷ് പുത്തഞ്ചേരി 328 ഓളം ചലച്ചിത്രങ്ങള്‍ക്കായി 1,556 ല്‍പ്പരം ഗാനങ്ങളാണ് രചിച്ചത്.

ഇനിയും തീരാത്ത അനവദ്യ സുന്ദര ഗാനങ്ങളുടെ അക്ഷയപാത്രവുമായി പാതിയില്‍ നിലച്ച തന്തിപോലെ ഗിരീഷ് മാഞ്ഞു.

ഭൂമിക്ക് സിന്ദൂരം ചാര്‍ത്തിയാണ് സൂര്യന്‍ മറയുന്നത്.  ഒരു സിന്ദൂരക്കുറി തുടച്ചുകൊണ്ട് ഗിരീഷ് പുത്തഞ്ചേരി കാലയവനികയ്ക്ക് പിന്നിലൊളിച്ചു. എങ്കിലും ഇവിടെ അവശേഷിക്കുന്ന ഒരായിരം വരികളിലൂടെ ആ സിന്ദൂരം ശോഭിതമായി നില്‍ക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook