രാജ്യം 72-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ സോഷ്യല്‍ മീഡിയയിലൂടെ സ്വാതന്ത്യ ദിനാശംസകള്‍ നേര്‍ന്നു താരങ്ങള്‍.

“രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ എഴുപത്തി രണ്ടാം വാര്‍ഷികത്തെ ആദരവോടു കൂടി ഓര്‍ത്തു കൊണ്ട് തന്നെ പറയട്ടെ, ഇന്ന് ഒരു സന്തോഷ ദിവസമല്ല. കഴിഞ്ഞ ദശാബ്ദങ്ങളില്‍ കണ്ടതില്‍ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കത്തില്‍ കൂടി കടന്നു പോവുകയാണ് ഞങ്ങളുടെ സംസ്ഥാനം. ആളുകള്‍ മരിക്കുന്നു, ജീവിതങ്ങള്‍ കടപുഴകുന്നു, മഴയൊട്ടു നില്‍ക്കുന്നുമില്ല”, സോഷ്യല്‍ മീഡിയയുടെ ശക്തി ഉപയോഗിച്ച് എല്ലാവരെയും ഒന്നിച്ചു കൊണ്ട് വന്നു കേരളത്തിന്‌ സഹായകരമാകുന്ന രീതിയില്‍ ഉപയോഗിക്കുക എന്നതാണു ലക്ഷ്യമിടുന്നത് എന്നും പാര്‍വ്വതി ട്വിറ്ററില്‍ പറഞ്ഞു.

കേരളത്തിനെ എങ്ങനെ സഹായിക്കാം എന്ന് കാണിച്ച സര്‍ക്കാര്‍ ആരംഭിച്ച Keralarescue.in എന്ന വെബ്സൈറ്റ് പരിചയപ്പെടുത്തുകയും ചെയ്തു പാര്‍വ്വതി.

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയവര്‍ക്ക് ആദരം എന്ന് മോഹന്‍ലാല്‍ കുറിച്ചപ്പോള്‍, മമ്മൂട്ടി തന്റെ ആശംസ ഒരു പതാകയുടെ ചിത്രത്തില്‍ ഒതുക്കി.

 

നമുക്കോരോരുത്തർക്കും അഭിമാനം കൊള്ളാനുള്ള ദിവസം എന്നു പറഞ്ഞുകൊണ്ടാണ് യുവനടൻ നിവിൻ പോളി സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നത്. സ്വാതന്ത്ര്യ ദിനാശംസകൾ നേരുന്നതോടൊപ്പം എല്ലാവരും സുരക്ഷിതരായും ജാഗരൂകരായും ഇരിക്കണമെന്ന് ടൊവിനോ തോമസ് ഓർമ്മിപ്പിച്ചു. ലോകത്തിന്റെ എല്ലാഭാഗത്തുമുള്ള ഓരോ ഇന്ത്യക്കാർക്കും സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു എന്നായിരുന്നു ദുൽഖർ സൽമാൻ തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചത്.

ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പേമാരിയിലും ദുരിതക്കെടുതിയിലായ കേരള ജനതയ്ക്ക് താങ്ങായി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. മോഹൻലാൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്തു. മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട്.

കൊച്ചിയിലെ ജില്ലാ ഭരണകൂടവും അൻപോടു കൊച്ചി എന്ന സംഘടനയും ചേർന്ന് നടത്തുന്ന ദുരിതാശ്വാസ പ്രവവർത്തനങ്ങളുടെ ഭാഗമാകാൻ നടിമാരായ പാർവ്വതി, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, പൂർണിമ ഇന്ദ്രജിത് എന്നിവരും രംഗത്തെത്തി. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കായുള്ള അവശ്യസാധനങ്ങൾ ശേഖരിച്ച് എത്തിക്കുകയാണ് ഇവർ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ