scorecardresearch

മാടനും മറുതയും ഹാപ്പി, നായകനും: ദേശീയ അവാർഡ് തിളക്കത്തിൽ കണ്ടിട്ടുണ്ട്!

തന്റെ നാടൻകഥകൾ ദേശീയ പുരസ്കാര വേദിയോളം എത്തിയ സന്തോഷത്തിലാണ് നാരായണപ്പണിക്കർ

തന്റെ നാടൻകഥകൾ ദേശീയ പുരസ്കാര വേദിയോളം എത്തിയ സന്തോഷത്തിലാണ് നാരായണപ്പണിക്കർ

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kandittundu National Award| Kandittundu Animation Film

ദേശീയ പുരസ്കാരം നേടിയ സന്തോഷം പങ്കുവച്ച് പാഴുമടത്തിൽ നാരായണപ്പണിക്കർ കേശവപ്പണിക്കർ

'കണ്ടിട്ടുണ്ട്!' മാടനും ആനമറുതയും ​കുട്ടിച്ചാത്തനുമൊക്കെ കഥാപാത്രങ്ങളായി കയറി വരുന്ന അനിമേഷൻ ചിത്രം. ഭൂതങ്ങളുടെ മാന്വൽ എന്നു വിശേഷിപ്പിക്കാവുന്ന ആ ചിത്രത്തിലൊരു നായകനുണ്ട്, നാടൻകഥകളുടെ അപ്പോസ്തലനായൊരാൾ. 'കണ്ടിട്ടുണ്ട്' എന്ന മുഖവുരയോടെ തന്റെ ഭൂതക്കഥകളുടെ കെട്ടഴിക്കുന്ന ആ നായകന്റെ പേര് പാഴുമടത്തിൽ നാരായണപ്പണിക്കർ കേശവപ്പണിക്കർ.

Advertisment

കഥ പറഞ്ഞു പറഞ്ഞ് ദേശീയ പുരസ്കാരവേദിയിൽ വരെ ചെന്നെത്തിയിരിക്കുകയാണ് ഈ കഥയപ്പൂപ്പൻ ഇപ്പോൾ. അദ്ദേഹത്തെ നായകനാക്കി അദിതി കൃഷ്ണദാസ് സംവിധാനം ചെയ്ത 'കണ്ടിട്ടുണ്ട്' എന്ന അനിമേഷൻ ചിത്രമാണ് ഈ വർഷത്തെ ദേശീയ പുരസ്കാരം കരസ്ഥമാക്കിയത്.

അപ്രതീക്ഷിതമായി ദേശീയ പുരസ്കാരം തേടിയെത്തുമ്പോൾ നാരായണപ്പണിക്കരും വലിയ സന്തോഷത്തിലാണ്. മകനും ചലച്ചിത്രകാരനുമായ സുരേഷ് എറിയാട്ടിന്റെ ബോംബെയിലെ വീട്ടിലാണ് അദ്ദേഹമിപ്പോൾ ഉള്ളത്. ബോംബെയിൽ സ്ഥിരതാമസമാക്കിയ മകന് ഓണക്കാലത്തൊരു സർപ്രൈസ് കൊടുക്കാൻ കുടുംബത്തോടൊപ്പം ബോംബെയിൽ പറന്നിറങ്ങിയതായിരുന്നു നാരായണപ്പണിക്കർ. വീട്ടിലെത്തിയ അച്ഛനെയും കുടുംബത്തെയും കണ്ട സന്തോഷാധിക്യത്തിൽ നിൽക്കുമ്പോഴാണ് ദേശീയ പുരസ്കാര വാർത്ത സുരേഷ് അറിയുന്നത്.

പാഴുമടത്തിൽ നാരായണപ്പണിക്കർ | കണ്ടിട്ടുണ്ട്  | സുരേഷ് എറിയാട്ട്
അച്ഛൻ പാഴുമടത്തിൽ നാരായണപ്പണിക്കർക്കൊപ്പം സുരേഷ് എറിയാട്ട്

"വളരെ സന്തോഷത്തിലാണ് ഞാൻ. വാർത്ത കേട്ടപ്പോൾ മുതൽ മനസ്സാ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. സിനിമ കണ്ട് കുറേപേർ വിളിച്ചു. നാട്ടുകാർക്കും വലിയ സന്തോഷമാണ്, അവരും എന്നെ പോലെ തന്നെ സന്തോഷത്തിലാണ്. നാട്ടുകാരനായ ഒരാൾക്ക് അനുമോദനം കിട്ടുമ്പോൾ സ്വാഭാവികമായും സന്തോഷിക്കുമല്ലോ," നാരായണപ്പണിക്കർ പറയുന്നു.

Advertisment

"അച്ഛന്റെ കുറേയേറെ റെക്കോർഡിംഗുകൾ കയ്യിലുണ്ട്. ഓരോ തവണ അച്ഛനെ കാണുമ്പോഴും റെക്കോർഡിംഗ് കൂടികൂടി വരികയാണ്. കഥകൾക്ക് പഞ്ഞമില്ലല്ലോ. കഴിഞ്ഞ തവണ ഒരു പാട്ടൊക്കെ ഉണ്ടാക്കി പാടി തന്നു. അനിമേഷനിലെ ആ കഥാപാത്രത്തെ വച്ച് ഒരു സീരീസ് പ്ലാൻ ചെയ്യുന്നുണ്ട്. ഒടിടി പ്ലാറ്റ്‌ഫോമുകളുമായൊക്കെ ചർച്ച നടക്കുന്നുണ്ട്. ഈ ദേശീയ പുരസ്കാരം അതിനൊരു ബൂസ്റ്റാവുമെന്ന് ഉറപ്പാണ്," സുരേഷ് പറയുന്നു.

&t=4s

അച്ഛന്റെ കഥ പറച്ചിലിനു ഒരു ഭംഗിയും അതിലൊരു യൂണിക്നെസ്സുമുണ്ടെന്ന് ആദ്യം തിരിച്ചറിയുന്നത് സുരേഷ് തന്നെയാണ്. "അച്ഛന്റെ കഥകൾ കുട്ടിക്കാലം മുതൽ അമ്പരപ്പോടെയാണ് ഞാൻ കേൾക്കാറുള്ളത്. സിനിമാക്കഥകളും നാടൻ കഥകളും അൽപ്പം നുണയും നർമവുമൊക്കെ ചേർത്താണ് അച്ഛൻ ആളുകളോട് സംസാരിക്കുന്നത്. പക്ഷേ പിന്നീടാണ് അതിന്റെ 'യൂണിക്നെസ്' എനിക്ക് മനസ്സിലായത്. അച്ഛൻ എല്ലാവരെയും പോലെയുള്ള ഒരാളല്ല, അൽപ്പം വ്യത്യസ്തമായൊരു വ്യക്തിയാണെന്ന് തോന്നി തുടങ്ങി. പിന്നീട് ഞാനച്ഛനെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ഒരിക്കൽ അച്ഛനെയും അമ്മയേയും കൊണ്ട് ഞാൻ മഹാരാഷ്ട്രയിലെ കൊലാട് എന്ന സ്ഥലത്തു പോയി. ശാന്തമായൊരിടത്ത് ന്യൂ ഇയർ ആഘോഷിക്കുക എന്നതായിരുന്നു പ്ലാൻ. ഒരു തടാകക്കരയിൽ ആയിരുന്നു താമസം. അവിടെ വച്ച്, അച്ഛന്റെ പഴയ കഥകളൊക്കെ ഞാൻ റെക്കോർഡ് ചെയ്തോട്ടെ എന്നു ചോദിച്ചു. ആള് സമ്മതിച്ചു. അച്ഛൻ പറഞ്ഞ കഥകളൊക്കെ അന്ന് ഞാൻ റെക്കോർഡ് ചെയ്തു. "

ഈ റെക്കോർഡിംഗുകളൊക്കെ വച്ചൊരു സിനിമ ചെയ്യാമെന്ന ആശയം പല സുഹൃത്തുക്കളോടും പങ്കുവച്ചെങ്കിലും അതിന്റെ എല്ലാ സാധ്യതകളോടെയും മനസ്സിലാക്കിയത് അദിതി കൃഷ്ണദാസ് ആയിരുന്നുവെന്ന് സുരേഷ് പറയുന്നു.

"ഞാൻ ആശയം പറഞ്ഞപ്പോൾ അദിതിയ്ക്ക് ഏറെ ഇഷ്ടമായി. വളരെ താൽപ്പര്യത്തോടെയാണ് അദിതി മുന്നോട്ട് വന്നത്. അതായിരുന്നു 'കണ്ടിട്ടുണ്ട്' എന്ന പ്രൊജക്റ്റിന്റെ പുനർജന്മം. ഈ പ്രൊജക്റ്റിനോട് അദിതി നൽകിയ ശ്രദ്ധയും കരുതലും ആത്മാർത്ഥതയും പാഷനുമെല്ലാം എടുത്തു പറഞ്ഞേ മതിയാകൂ. ചിത്രത്തിന്റെ ആർട്ടിസ്റ്റിക് വശങ്ങളിലെല്ലാം അദിതി ഏറെ സൂക്ഷ്മത പുലർത്തിയിട്ടുണ്ട്. അച്ഛനെ ഒരു കഥാപാത്രമാക്കി തന്നെ കഥ പറഞ്ഞാലോ എന്നത് അദിതിയുടെ ആശയമായിരുന്നു. യഥാർത്ഥ ജീവിതത്തിലും സംസാരവും പ്രകൃതവും ശബ്ദവുമൊക്കെ കൊണ്ട് ഒരു അനിമേറ്റഡ് കഥാപാത്രത്തെ ഓർമിപ്പിക്കുന്ന ഒരാളാണ് അച്ഛൻ. അദിതി വരച്ച ചിത്രങ്ങളും സ്കെച്ചുകളും കണ്ടപ്പോൾ അച്ഛനെ പോലെ തന്നെയുണ്ടായിരുന്നു. അങ്ങനെയാണ് ആ സ്കെച്ചുകളും അച്ഛന്റെ ശബ്ദവും മാത്രം എടുത്താൽ മതി എന്ന് തീരുമാനിച്ചത്," കണ്ടിട്ടുണ്ട് എന്ന ചിത്രം പിറന്ന വഴികളെ കുറിച്ച് സുരേഷ്.

National Film Awards

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: