ദേശീയ ചലച്ചിത്ര പുരസ്കാര നിർണയങ്ങള്‍ പൂര്‍ത്തിയായി: മികച്ച നടി ചരിത്രം കുറിക്കുമോ?

മെയ്‌ 3ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ജേതാക്കള്‍ക്ക് സമ്മാനിക്കും

shekhar kapur smriti irani

65-ാമത് ദേശീയ സിനിമാ പുരസ്കാര നിർണയങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി അറിയിച്ചു.

“65-ാമത് ദേശീയ സിനിമാ പുരസ്കാരങ്ങളുടെ വിവിധ ജൂറികളുടെ അധ്യക്ഷന്മാര്‍ ഇന്ന് അവരരുടെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. അവര്‍ക്കും എല്ലാ ജൂറി മെമ്പര്‍മാര്‍ക്കും നന്ദി അറിയിക്കുന്നു.”, സ്‌മൃതി ഇറാനി  വ്യാഴാഴ്ച ട്വിറ്റെറില്‍ കുറിച്ചു.

രാജ്യം മുഴുവന്‍ ആകാംഷയോടെ കാത്തിരിക്കുന്ന ദേശീയ സിനിമാ പുരസ്കാരങ്ങളുടെ പ്രഖ്യാപനം വൈകാതെ ഉണ്ടാകും. എല്ലാ വര്‍ഷങ്ങളിലേയും പോലെ ഇക്കൊല്ലവും മെയ്‌ 3നാണ് പുരസ്കാര ദാന ചടങ്ങ്.

ജൂറി റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുന്ന സ്മൃതി ഇറാനി

മികച്ച നടിക്കുള്ള പുരസ്കാരത്തിന് അടുത്തിടെ അന്തരിച്ച നടി ശ്രീദേവിയും മൽസരിക്കുന്നതായി സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. രവി ഉദ്യാവര്‍ സംവിധാനം ചെയ്ത ‘മോം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശ്രീദേവി പരിഗണിക്കപ്പെടുക. കൂട്ടബലാത്സംഗത്തിനിരയായ മകളെ ആക്രമിച്ചവരെ തേടി ചെന്ന് പ്രതികാരം ചെയ്യുന്ന ഒരമ്മയുടെ കഥയാണ് ‘മോം’. ചിത്രത്തില്‍ ശ്രീദേവിയ്ക്കൊപ്പം നവാസുദ്ദീന്‍ സിദ്ദിഖി, അക്ഷയ് ഖന്ന, പാക്കിസ്ഥാനി താരങ്ങളായ അദ്നാന്‍ സിദ്ദിഖി, സജല്‍ അലി എന്നിവരും അഭിനയിച്ചിരുന്നു. ചിത്രത്തിന്‍റെ റിലീസ് വേളയില്‍ തന്നെ ശ്രീദേവിയുടെ പ്രകടനത്തെക്കുറിച്ച് വലിയ അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് ദേശീയ പുരസ്കാരം ലഭിച്ചേക്കും എന്നും ചില നിരൂപകര്‍ പറഞ്ഞിരുന്നു.

എന്നാല്‍ മരണാനന്തരം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നല്‍കാറില്ല. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ റെഗുലേഷന്‍സില്‍ പുരസ്കാര ജേതാവ് നേരിട്ടെത്തി പുരസ്കാരം സ്വീകരിക്കണം എന്നൊരു നിബന്ധനയുണ്ട്. ശ്രീദേവിയ്ക്ക് അവാര്‍ഡ്‌ നല്‍കാന്‍ തീരുമാനിച്ചാല്‍ ആ നിബന്ധനയില്‍ മാറ്റം വരുത്തേണ്ടി വരും. അങ്ങനെയെങ്കില്‍ മികച്ച നടിയ്ക്കുള്ള ‘ഉര്‍വ്വശി’ അവാര്‍ഡ്‌ മരണാനന്തരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ നടിയാകും ശ്രീദേവി.

അഞ്ചു ദശാബ്ദങ്ങളോളം നീണ്ട തന്‍റെ സിനിമാ ജീവിതത്തില്‍ അഭിനയത്തികവിന്‍റെ പര്യായമായി നില കൊണ്ട ശ്രീദേവിയ്ക്ക് ഇതുവരെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടില്ല. അസാമാന്യ അഭിനയ പാടവം കാഴ്ചവച്ച ‘സദ്മ’യില്‍ പോലും അവര്‍ പരിഗണിക്കപ്പെട്ടില്ല. പിന്നീടുള്ള ശ്രീദേവിയുടെ താര പരിവേഷമാര്‍ന്ന സിനിമാ ജീവിതത്തില്‍ ദേശീയ പുരസ്കാരത്തിന് പരിഗണിക്കാന്‍ തക്കവണ്ണമുള്ള, കാമ്പുള്ള കഥാപാത്രങ്ങളും ഉണ്ടായിരുന്നില്ല. എന്ത് തന്നെയാണെങ്കിലും 65-ാമത് ദേശീയ സിനിമാ പുരസ്കാരങ്ങളിലെ മികച്ച നടി ചരിത്രം കുറിക്കുമോ എന്ന് കാത്തിരുന്നു കാണാം.

ഫീച്ചര്‍ ചിത്രങ്ങളുടെ ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ ആണ്. ശ്രീദേവി നായികയായി അഭിനയിച്ച ‘മിസ്റ്റര്‍ ഇന്ത്യ’ എന്ന ‘ഐക്കോണിക്ക്’ ചിത്രത്തിന്‍റെ സംവിധായകനാണ് ശേഖര്‍ കപൂര്‍.

പത്തു അംഗങ്ങള്‍ അടങ്ങുന്ന സെന്‍ട്രല്‍ പാനല്‍ ആണ് ശേഖര്‍ കപൂറിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന് ചിത്രങ്ങള്‍ വിലയിരുത്തിയത്. അഞ്ചു റീജിയണല്‍ പാനലുകള്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടത്തിയ ശേഷമാണ് സെന്‍ട്രല്‍ പാനല്‍ അവസാന റൗണ്ടിലേക്ക് കടന്നത്.

ദക്ഷിണേന്ത്യന്‍ സിനിമകള്‍ക്കായുള്ള ഒരു റീജിയണല്‍ പാനലിന്‍റെ അധ്യക്ഷന്‍മാര്‍ ഇംതിയാസ് ഹുസൈന്‍, മെഹ്ബൂബ് എന്നിവരും, ഉത്തരേന്ത്യന്‍ സിനിമകള്‍ക്കായുള്ള റീജിയണല്‍ പാനലിന്‍റെ അധ്യക്ഷ നടി ഗൗതമി തടിമല്ലയും, വെസ്റ്റേണ്‍ ഇന്ത്യ പാനല്‍ അധ്യക്ഷന്‍ രാഹുല്‍ രവേലും, ഈസ്റ്റ്‌ ഇന്ത്യന്‍ പാനല്‍ അധ്യക്ഷന്‍ പി ശേഷാദ്രിയുമായിരുന്നു. ബംഗാളി സംവിധായകന്‍ അനിരുദ്ധ റോയ് ചൗധരി, എഴുത്തുകാരന്‍ ത്രിപുരാരി ശര്‍മ, തിരക്കഥാകൃത്ത്‌ റുമി ജാഫ്രി, ‘പ്രത്യവര്‍ത്തന്‍’ സിനിമയിലൂടെ പ്രശസ്തനായ രഞ്ജിത് ദാസ്‌, എഴുത്തുകാരനും, നിര്‍മ്മാതാവും സംവിധായകനുമായ രാജേഷ്‌ മപുസ്കാര്‍ എന്നിവരാണ് മറ്റംഗങ്ങള്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: 65th national film awards jury report submitted

Next Story
നവാസുദ്ധീന്‍ സിദ്ദിഖി ചിത്രം ‘മാന്റോ’ കാന്‍സ് ഫിലിം ഫെസ്റ്റിവലിലേക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com