അറുപത്തിയഞ്ചാമത് ദക്ഷിണേന്ത്യന്‍ ജിയോ ഫിലിം ഫെയര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രം ഉള്‍പ്പെടെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും മൂന്നു പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.

മികച്ച സംവിധായകനുള്ള പുരസ്‌കാരം ദിലീഷ് പോത്തനും, മികച്ച നടനുള്ള പുരസ്‌കാരം ഫഹദ് ഫാസിലും, മികച്ച സഹനടനുള്ള പുരസ്‌കാരം തൊണ്ടിമുതലിലെ പ്രകടനത്തിന് അലന്‍സിയറും സ്വന്തമാക്കി.

ടേക്ക് ഓഫ് എന്ന ചിത്രത്തിലെ പ്രകടനത്തിന് പാര്‍വ്വതിയാണ് ഏറ്റവും നല്ല നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടത് ശാന്തികൃഷ്ണയാണ്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലെ പ്രകടനമാണ് ശാന്തികൃഷ്ണയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. മികച്ച നടിക്കുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് ഉദാഹരണം സുജാതയിലൂടെ മഞ്ജു വാര്യരും നടനുള്ള ക്രിട്ടിക്‌സ് അവാര്‍ഡ് മായാനദിയിലൂടെ ടൊവിനോ തോമസും സ്വന്തമാക്കി.

പുരസ്‌കാരക്കൊയ്ത്തു നടത്തിയത് ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രമാണ്. ടൊവിനോ നേടിയ പുരസ്‌കാരത്തിനു പുറമേ മൂന്ന് പുരസ്‌കാരങ്ങള്‍ കൂടി മായാനദി സ്വന്തമാക്കി. മികച്ച സംഗീത സംവിധാനകനായി റെക്‌സ് വിജയനും, ഗാനരചയിതാവായി അന്‍വര്‍ അലിയും പിന്നണി ഗായകനായി ഷഹബാസ് അമനും തിരഞ്ഞെടുക്കപ്പെട്ടു. മായാനദിയിലെ മിഴിയില്‍ നിന്നും എന്ന ഗാനമാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്. കാംബോജി എന്ന ചിത്രത്തിലെ നടവാതില്‍ എന്ന ഗാനത്തിലൂടെ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം മലയാളത്തിന്റെ പ്രിയ ഗായിക കെ.എസ് ചിത്ര സ്വന്തമാക്കി.

തെലുങ്കിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ബാഹുബലി രണ്ടാം ഭാഗവും തമിഴില്‍ നയന്‍താര കേന്ദ്രകഥാപാത്രമായെത്തിയ അരവും ആയിരുന്നു. അരുവി എന്ന ചിത്രത്തിലൂടെ അദിതി ബാലനും പുരസ്‌കാരത്തിന് അര്‍ഹയായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook