പോയ് മറഞ്ഞ കാലം.. വന്നു ചേരുമോ…
പെയ്തൊഴിഞ്ഞ മേഘം.. വാനം തേടുമോ..
വർണമേഴും ചാർത്തും.. മാരിവില്ലുപോലെ
അഴകെഴുന്ന ബാല്യം വരുമോ പ്രിയേ…
ആദ്യാനുരാഗം മധുരം…പ്രിയേ
പോയ് മറഞ്ഞ കാലം വന്നു ചേരുമോ…

‘വിശ്വാസപൂർവം മന്‍സൂര്‍’ എന്ന ചിത്രത്തിലെ ഈ ഗാനത്തിനാണ് മലയാളത്തിന്‍റെ ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ തേടി എട്ടാം തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം എത്തിയത്. പാട്ടില്‍ ഇപ്പോള്‍ പഴയത് പോലെ സജീവമല്ലെങ്കിലും ആലാപന മികവില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഗായകന്‍ താന്‍ തന്നെയാണ് എന്ന് ഒന്ന് കൂടി തെളിയിച്ചിരുക്കുകയാണ് യേശുദാസ്. തെളിയിച്ചാലും ഇല്ലെങ്കിലും നിത്യഹരിത വസന്തമായി മലയാളിയുടെ സ്വത്വത്തില്‍ അലിഞ്ഞ ശബ്ദമാണ് കെ.ജെ.യേശുദാസ്. 2017ല്‍ ലഭിച്ച പദ്മവിഭൂഷനൊപ്പം ഇരട്ടി മധുരമാകുന്നു ‘പോയ് മറഞ്ഞ കാലത്തി’നുള്ള ഈ അവാര്‍ഡ്‌. റഫീഖ് അഹമ്മദിന്‍റെ വരികള്‍ക്ക് രമേശ്‌ നാരായണന്‍ സംഗീതം പകര്‍ന്ന ഗാനമാണിത്.

1993ലാണ് ഇതിനു മുന്‍പ് മലയാളത്തിന്‍റെ ദാസേട്ടന് ദേശീയ പുരസ്കാരം ലഭിക്കുന്നത്. ജയരാജ് സംവിധാനം ചെയ്ത ‘സോപാനം’ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി. ശാസ്ത്രീയ സംഗീത കീര്‍ത്തനങ്ങള്‍ ധാരാളമുണ്ടായിരുന്ന ഈ ചിത്രത്തിന്‍റെ മറ്റു ഗാനങ്ങള്‍ രചിച്ചത് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്. സംഗീതം എസ്.പി.വെങ്കടേഷ്. 1991ല്‍ ‘ഭരതം’ എന്ന ചിത്രത്തിലെ ‘രാമകഥ ഗാനലയം’, 1987ല്‍ ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന ചിത്രത്തിലെ ശീര്‍ഷക ഗാനം, 1982ല്‍ മേഘസന്ദേശം എന്ന തെലുങ്ക്‌ ചിത്രത്തിലെ ‘ആകാശ ദേശന’, 1976ല്‍ ഹിന്ദി ചിത്രമായ ‘ചിത്ചോറി’ലെ ‘ഗോരി തേരാ ഗാവ് ബഡാ പ്യാരാ’, 1973ല്‍ ഗായത്രിയിലെ എന്ന ചിത്രത്തിലെ ‘പത്മതീര്‍ത്ഥമേ ഉണരൂ’, 1972ല്‍ ‘അച്ഛനും ബാപ്പയും’ എന്ന ചിത്രത്തിലെ ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു’ എന്നീ ഗാനങ്ങള്‍ളാണ് ഇതിനു മുന്‍പ് യേശുദാസിന് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ഗാനങ്ങള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook