അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടിയായി ശ്രീദേവി തിരഞ്ഞെടുക്കപ്പെട്ടു. രവി ഉദ്യാവര്‍ സംവിധാനം ചെയ്ത ‘മോം’ എന്ന ചിത്രത്തിലെ ദേവകി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ഫെബ്രുവരി 27ന് അന്തരിച്ച ശ്രീദേവിയെ തേടി ദേശീയ പുരസ്കാരം എത്തിയത്. മരണാനന്തരം ദേശീയ പുരസ്കാരം നേടുന്ന രാജ്യത്തെ ആദ്യ നടിയായി ശ്രീദേവി.

ശ്രീദേവി നായികയായി അഭിനയിച്ച ‘മിസ്റ്റര്‍ ഇന്ത്യ’ എന്ന ‘ഐക്കോണിക്ക്’ ചിത്രത്തിന്‍റെ സംവിധായകനായ ശേഖര്‍ കപൂറായിരുന്നു ശ്രീദേവിയെ മികച്ച നടിയായി തിരഞ്ഞെടുത്ത ജൂറിയുടെ അധ്യക്ഷന്‍.

“എനിക്ക് അവരോടുള്ള അടുപ്പം കൊണ്ടല്ല ഈ പുരസ്കാരം നല്‍കുന്നത്. തനിമയാര്‍ന്ന അഭിനയം കാഴ്ച വച്ചതിനാണ്”, പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കവേ ശേഖര്‍ കപൂര്‍ വെളിപ്പെടുത്തി. പല തവണ വോട്ടിങ് നടന്നുവെന്നും എല്ലാതവണയും ശ്രീദേവിയിലേക്ക് തന്നെ ജൂറി അംഗങ്ങളുടെ തീരുമാനം എത്തുകയും ചെയ്തു എന്നും അദ്ദേഹം വിശദീകരിച്ചു.

ശ്രീദേവിയുടെ കുടുംബവുമായി ശേഖര്‍ കപൂറിനു അടുത്ത ബന്ധമാണുള്ളത്. ‘മിസ്റ്റര്‍ ഇന്ത്യ’യുടെ നിര്‍മ്മാതാവ് ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ ആയിരുന്നു. ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍ എന്ന് ബോണി കപൂര്‍ പറഞ്ഞിരുന്നു.

Sridevi in Mom

‘മോമി’ല്‍ ശ്രീദേവി

സിനിമാ ജീവിതത്തില്‍ കണ്ടതില്‍ വച്ചേറ്റവും മിടുക്കനായ സംവിധായകന്‍ ആര് എന്ന ഒരഭിമുഖത്തിലെ ചോദ്യത്തിന് ശേഖര്‍ കപൂര്‍ എന്നാണു ശ്രീദേവി മറുപടി പറഞ്ഞത്. അവരിലെ നടിയെ ഏറ്റവും അടുത്തറിയുന്ന സംവിധായകന്‍റെ മേല്‍നോട്ടത്തില്‍ തന്നെയാണ് മികച്ച നടിയായി ശ്രീദേവി തിരഞ്ഞെടുക്കപ്പെടുന്നത്.

മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരവും ഈ ചിത്രത്തിനാണ്. എ.ആര്‍.റഹ്മാനാണ് ‘മോമി’ന്‍റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയത്.

മരണാനന്തരം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ നല്‍കാറില്ല. ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ റെഗുലേഷന്‍സില്‍ പുരസ്കാര ജേതാവ് നേരിട്ടെത്തി പുരസ്കാരം സ്വീകരിക്കണം എന്നൊരു നിബന്ധനയുണ്ട്. അല്ലാത്തപക്ഷം, അവരുടെ മേല്‍വിലാസത്തിലേക്ക് അവാര്‍ഡ്‌ അയച്ചു കൊടുക്കും എന്നതാണ് നിയമം. ഈ രണ്ടു നിബന്ധനകള്‍ക്കും ശ്രീദേവിയുടെ കാര്യത്തില്‍ മാറ്റം വരും.

അവര്‍ക്ക് പകരം വേദിയില്‍ അവരുടെ ഭര്‍ത്താവോ മക്കളോ എത്തി പുരസ്‌കാരം സ്വീകരിക്കുമോ? അതോ മേല്‍വിലാസക്കാരി ഇല്ലാത്ത ശ്രീദേവിയുടെ വീട്ടിലേക്ക് അവാര്‍ഡ്‌ അയയ്ക്കുമോ? 50,000 രൂപ, രജത കമലം, പ്രശസ്തി പത്രം എന്നിവ അടങ്ങിയതാണ് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം.

അഞ്ചു ദശാബ്ദങ്ങളോളം നീണ്ട തന്‍റെ സിനിമാ ജീവിതത്തില്‍ അഭിനയത്തികവിന്‍റെ പര്യായമായി നില കൊണ്ട ശ്രീദേവിയ്ക്ക് ഇതുവരെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടില്ല. അസാമാന്യ അഭിനയ പാടവം കാഴ്ചവച്ച ‘സദ്മ’യില്‍ പോലും അവര്‍ പരിഗണിക്കപ്പെട്ടില്ല. പിന്നീടുള്ള ശ്രീദേവിയുടെ താര പരിവേഷമാര്‍ന്ന സിനിമാ ജീവിതത്തില്‍ ദേശീയ പുരസ്കാരത്തിന് പരിഗണിക്കാന്‍ തക്കവണ്ണമുള്ള, കാമ്പുള്ള കഥാപാത്രങ്ങളും ഉണ്ടായിരുന്നില്ല.

ചിത്രങ്ങള്‍: ഇന്‍സ്റ്റാഗ്രാം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook