മണിരത്നം ചിത്രമായ ‘കാട്രു വെളിയിടൈ’ എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് ദേശീയ പുരസ്കാരം സ്വന്തമാക്കി എ.ആര്.റഹ്മാന്. അതേ സിനിമയിലെ ‘വാന്‍ വരുവാന്‍’ എന്ന ഗാനം ആലപിച്ചതിന് സാഷാ തിരുപതി മികച്ച ഗായികയുമായി. ഈ ഗാനത്തിനു കീ ബോര്‍ഡ് അല്ലാതെ മറ്റൊരു ഉപകരണവും ഉപയോഗിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
അഞ്ചാം തവണയാണ് എ.ആര്.റഹ്മാന് മികച്ച സംഗീത സംവിധായകനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്. ഇതും ചേര്‍ത്ത് മൂന്നാം തവണയാണ് മണിരത്നം ചിത്രത്തിന് അവാര്‍ഡ് നേടുന്നത്. എ.ആര്.റഹ്മാനെ സിനിമയില്‍ അവതരിപ്പിച്ച ‘റോജ’, ‘കന്നത്തില്‍ മുത്തമിട്ടാല്‍’ എന്നിവയാണ് മറ്റു രണ്ടു ചിത്രങ്ങള്‍.
25 വര്‍ഷങ്ങളായി എ.ആര്.റഹ്മാന് മണിരത്നത്തിന്റെ സംഗീതമാവാന്‍ തുടങ്ങിയിട്ട്. ശീലമായിപ്പോയത് കൊണ്ടോ, സിനിമയോട് അത്രത്തോളം ഇഴ ചേരുന്നത് കൊണ്ടോ ആയിരിക്കാം, മണിരത്നം സിനിമകളില്‍ പലപ്പോഴും സംഗീതം കാഴ്ചയാവുകയും, കാഴ്ച സംഗീതമാവുകയും ചെയ്യുന്ന അവസ്ഥയാണ്. ‘കാട്രു വെളിയിടൈ’ എന്ന ചിത്രവും വ്യത്യസ്തമല്ല.
ആറു ഗാനങ്ങളാണ് ‘കാട്രു വെളിയിടൈ’യില്‍ ഉള്ളത്. വൈരമുത്തു, മദന്‍കര്‍ക്കി, ഷെല്ലി, എന്നിവര്‍ രചിച്ചതാണ് വരികള്‍. സത്യപ്രകാശ്, ചിന്മയി എന്നിവര്‍ ചേര്‍ന്ന് പാടിയ ‘നലൈ എലൈ’, അര്ജുന് ചാണ്ടി, ഹരിചരന്‍, ജോനിതാ ഗാന്ധി എന്നിവര്‍ ചേര്‍ന്ന് പാടിയ ‘അഴകിയെ’, സാഷാ തിരുപതി പാടിയ ‘വാന്‍ വരുവാന്‍’, എ ആര് രേഹാന, നികിതാ ഗാന്ധി, ടിപ്പു എന്നിവര്‍ ചേര്‍ന്ന് ആലപിച്ച സരട്ടു വണ്ടിയിലെ’, ഹരിചരന്‍, ദിവാകര്‍ എന്നിവര്‍ ചേര്‍ന്ന് പാടിയ ‘ടാന്ഗോ’, എ.ആര്.റഹ്മാന്, തേജീന്ദര്‍ സി എന്നിവര്‍ ചേര്‍ന്ന് പാടിയ ‘ജുഗ്നി’ എന്നിവയാണ് ‘കാട്രു വെളിയിടൈ’യിലെ ഗാനങ്ങള്‍.