/indian-express-malayalam/media/media_files/uploads/2021/05/Premam-1.jpg)
മലയാള സിനിമയെ സുവർണലിപികളിൽ രേഖപ്പെടുത്തിയ ‘ചെമ്മീൻ’ മുതൽ ‘ഇഷ്ക്’ വരെ നീളുന്ന ചിത്രങ്ങൾ എടുത്തു പരിശോധിച്ചാൽ പ്രണയമെന്ന വികാരത്തെ അതിസംബോധന ചെയ്യാതെ പോയ ചിത്രങ്ങൾ വിരളമാണെന്നു മനസ്സിലാവും. എന്നിട്ടും ആറുവർഷം മുൻപ് ‘പ്രണയ’മെന്ന പറഞ്ഞുപഴകിയ വിഷയവുമായി എത്തി യുവസംവിധായകൻ അല്‍ഫോണ്‍സ് പുത്രൻ തിയേറ്ററിൽ സൃഷ്ടിച്ച മാജിക് ചെറുതല്ല. അടുത്തിടെയാണ് മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തി കുറിച്ച 'പ്രേമം' റിലീസ്​​ ആയതിന്റെ ആറാം വാർഷികമാണ് ഇന്ന്.
ജോർജ് എന്ന യുവാവിന്റെ ജീവിതത്തിൽ മൂന്നു കാലഘട്ടങ്ങളിലായി വന്നുപോവുന്ന പ്രണയത്തെ കുറിച്ചാണ് 'പ്രേമം' പറഞ്ഞത്. അനുപമ പരമേശ്വരൻ, സായ് പല്ലവി, മഡോണ എന്നിങ്ങനെ മൂന്നു നായികമാരും നിവിൻ പോളിയും ഒരുപറ്റം പുതുമുഖങ്ങളും തകർത്തഭിനയിച്ച ചിത്രം. എന്നിരിക്കിലും പ്രേമം എന്നു കേൾക്കുമ്പോൾ പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യമെത്തുക മലർ മിസ്സും ജോർജുമാണ്.
/indian-express-malayalam/media/media_files/uploads/2021/05/Premam.jpg)
സ്വന്തം അധ്യാപികയെ പ്രണയിച്ച ജോർജ്. അവർക്കിടയിൽ നാമ്പിടുന്ന പേരറിയാത്തൊരു വികാരം, ഭൂമിയിൽ അവർക്കുമാത്രം മനസ്സിലാവുന്ന ഒരു ബന്ധം. എന്നാൽ ഒരു അപകടത്തിൽ ഓർമശക്തി നഷ്ടപ്പെടുന്ന മലർ ജോർജിനെ മറക്കുന്നു. ഒരാൾ മറ്റൊരാളെ മറന്നുപോവുന്നതാണല്ലോ സ്നേഹത്തിൽ സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം. ആ വേദനയിൽ നീറുന്ന, വർഷങ്ങൾക്കിപ്പുറവും ഒരു നീറ്റലോടെ മലരിനെ ഓർക്കുന്ന ജോർജ് പ്രേക്ഷകരുടെ കണ്ണു നനയിച്ച കഥാപാത്രമാണ്.
എന്നാൽ, സിനിമ ഇറങ്ങിയപ്പോഴും പ്രേക്ഷകർ ഉന്നയിച്ച ഒരു സംശയം, മലർ ശരിക്കും ജോർജിനെ മറന്നുപോയതാണോ, അല്ലെങ്കിൽ മറന്നതായി ഭാവിക്കുന്നതാണോ എന്നാണ്. ആറു വർഷങ്ങൾക്കിപ്പുറവും പല പ്രേക്ഷകരിലും സംശയം ബാക്കിവയ്ക്കുന്ന ഒരു ചോദ്യമാണത്.
അധികം അവകാശവാദങ്ങളൊന്നുമില്ലാതെയാണ് അൽഫോൺസ് പുത്രൻ ചിത്രത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയത്. പ്രേമം റിലീസിനു മുൻപേ അൽഫോൺസ് ഫേസ്ബുക്കിൽ കുറിച്ചു, 'പ്രേമം എന്ന ചലച്ചിത്രത്തിന്റെ ചിത്രസംയോജനം മിനിഞ്ഞാന്നോടെ ഏതാണ്ട് ഒരു നിലയിലായി. ഈ പടത്തിന്റെ നീളം 2 മണിക്കൂറും 45 മിനിറ്റുമാണ്. കാണികളുടെ ശ്രദ്ധയ്ക്ക്, ചെറുതും വലുതുമായി 17 പുതുമുഖങ്ങളുണ്ട് ചിത്രത്തിൽ. അതല്ലാതെ വയറു നിറച്ചു പാട്ടുണ്ട് പടത്തിൽ, പിന്നെ 2 ചെറിയ തല്ലും. പ്രേമത്തിൽ പ്രേമവും കൊറച്ചു തമാശയും മാത്രമേ ഉണ്ടാവൂ. യുദ്ധം പ്രതീക്ഷിച്ച് ആരും ആ വഴി വരരുത്." എന്നാൽ അണിയറക്കാർ പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് പ്രേമത്തെ കാത്തിരുന്നത്.
മലർമിസ്സും ജോർജും തരംഗമായിട്ട് ആറു വർഷം
പ്രേമം, പ്രണയം, ഇഷ്ക്- പല പേരുകളിൽ വിളിക്കപ്പെടുമ്പോഴും ഏതു മനുഷ്യനും മനസ്സിലാകുന്ന സാർവ്വലൗകികമായൊരു വികാരമാണത്. എത്ര പറഞ്ഞാലും മടുക്കാത്ത ഒരു വികാരവും പ്രണയമാവാം. അതുതന്നെയാവാം സിനിമകളിലും സാഹിത്യത്തിലുമെല്ലാം വീണ്ടും വീണ്ടും പ്രണയം വിഷയമാവുന്നത്. മലയാളസിനിമയിലും ഏറ്റവും കൂടുതൽ പറയപ്പെട്ട വിഷയങ്ങളിലൊന്നാണ് പ്രണയമെന്നത്. മലയാള സിനിമയുടെ തുടക്കകാലം മുതല്‍ പലരും പല വട്ടം, പലതരത്തില്‍ അഭ്രപാളികളില്‍ പ്രമേയവത്കരിക്കാന്‍ ശ്രമിച്ച വിഷയമാണ് പ്രേമം.
എന്നാൽ, ഒരാളുടെ ജീവിതത്തില്‍ മൂന്നു കാലഘട്ടങ്ങളിലായി സംഭവിക്കുന്ന പ്രണയബന്ധങ്ങളെ കുറിച്ചാണ് പ്രേമത്തിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞത്. പ്ലസ്ടുവിന് പഠിക്കുമ്പോള്‍ പ്രണയിച്ച പെണ്‍കുട്ടിയെ തന്റെ തന്നെ പേരുള്ള മറ്റൊരു പയ്യൻ തട്ടിയെടുക്കുന്നതിനു സാക്ഷിയാവുകയാണ് ജോർജ് എന്ന ചെറുപ്പക്കാരൻ. പിന്നീട് ഡിഗ്രി അവസാന വർഷം കോളേജിൽ ഗസ്റ്റ് ലക്ചറർ ആയി വരുന്ന അധ്യാപികയോടായി ആ ചെറുപ്പക്കാരന്റെ പ്രണയം. എന്നാൽ അതും നഷ്ടപ്രണയമായി മാറുകയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം മുപ്പതാം വയസില്‍ ആദ്യത്തെ പ്രണയിനി മേരിയുടെ അനിയത്തിയുമായുളള പ്രണയം പൂവണിയുന്നു. വളരെ സാധാരണമായ, അധികം പ്രത്യേകതകളോ കഥയുടെ കരുത്തോ ഒന്നും അവകാശപ്പെടാനില്ലാത്ത ഒരു വിഷയമായിരുന്നിട്ടും ‘പ്രേമം’ നേടിയ വിജയം അമ്പരപ്പിക്കുന്നതായിരുന്നു.
എന്തായിരിക്കും പ്രേമം എന്ന ചിത്രത്തിന്റെ ജനപ്രീതിയ്ക്ക് പിറകിൽ? ഇപ്പോൾ പരിശോധിക്കുമ്പോൾ അതിന്റെ ചേരുവകൾ തന്നെയായിരുന്നു എന്നു പറയേണ്ടി വരും. മലയാളികളുടെ നൊസ്റ്റാൾജിയയെ സമർത്ഥമായി ഉപയോഗപ്പെടുത്താൻ പ്രേമത്തിനു സാധിച്ചിട്ടുണ്ട്. ക്യാമ്പസ് ലൈഫ്, കോളേജ് കാലത്തെ തമാശകൾ, യുവജനോത്സവ വേദികൾ, ഓണാഘോഷം തുടങ്ങിയ നൊസ്റ്റാൾജിയ ഉണർത്തുന്ന പല എലമെന്റുകളും ‘പ്രേമ’ത്തിൽ മനോഹരമായി കൂട്ടിയിണക്കപ്പെട്ടിട്ടുണ്ട്.
/indian-express-malayalam/media/media_files/uploads/2019/05/premam.jpg)
അതു വരെയുണ്ടായിരുന്ന നായികാ സൗന്ദര്യ സങ്കല്‍പ്പത്തിലും ഒരൽപം മാറ്റം കൊണ്ടുവന്ന ചിത്രമായിരുന്നു ‘പ്രേമം’. മുഖം നിറയെ മുഖക്കുരുവും അലസമായി കിടക്കുന്ന നീളൻ മുടിയും പ്രകാശമാനമായ ചിരിയുമായി സായ് പല്ലവി എന്ന അഭിനേത്രി കയറിവന്നത് സ്ക്രീനിലേക്ക് മാത്രമല്ല, മലയാളികളുടെ മനസ്സിലേക്കു കൂടിയായിരുന്നു. സാരിയിൽ സുന്ദരിയായി തനി നാടൻപെൺകുട്ടിയായി പ്രത്യക്ഷപ്പെടുന്ന, മുല്ലപ്പൂ അണിയാൻ ഇഷ്ടപ്പെടുന്ന നായിക. അതേ നായിക തന്നെയാണ് ജീൻസും ഷർട്ടും ഡപ്പാംകൂത്ത് ഡാൻസ് സ്റ്റെപ്പുകളുമായി ഞെട്ടിച്ചു കളയുന്നതും. അതുവരെ കണ്ട നായികമാരിൽ നിന്നും മലർ എന്ന നായിക വ്യത്യസ്തയായിരുന്നു.
അൽപ്പം പ്രായക്കൂടുതലുള്ള സ്ത്രീകളോട് ആൺകുട്ടികൾക്ക് തോന്നുന്ന പ്രണയം എന്ന വികാരത്തെ ‘ചാമരം’ പോലുള്ള ചിത്രങ്ങൾ മുൻപ് പറഞ്ഞിട്ടുണ്ട്. അത്തരം ഒരു ബന്ധത്തെ കുറിച്ചും ‘പ്രേമം’ പറഞ്ഞു പോവുന്നുണ്ട്. അധ്യാപികയെ പ്രണയിക്കുന്ന വിദ്യാർത്ഥി. ആ ഒരു കോമ്പിനേഷനാണ് ‘പ്രേമ’ത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതും. അതു തന്നെയാവാം, മൂന്നു പ്രണയകഥകളിലും മലർ- ജോർജ് പ്രണയം കൂടുതൽ സ്വീകരിക്കപ്പെടാൻ കാരണമായത്.
മലയാളികളുടെ ഹൃദയം കവരുന്ന മറ്റൊരു ഫോർമുലയാണ്, പിരിഞ്ഞുപോകുന്ന പ്രണയിതാക്കൾ എന്നത്. ക്ലൈമാക്സിൽ പ്രണയിതാക്കൾ ഒന്നിച്ച് ശുഭം എന്നു സ്ക്രീനിൽ എഴുതികാണിച്ച സിനിമകളേക്കാളും മലയാളികളെ നോവിപ്പിച്ചതും പിന്നെയും പിന്നെയും ഓർമ്മിപ്പിച്ചതും പരസ്പരം ഒരുമിക്കാനാവാതെ, വേദനയോടെ പിരിയേണ്ടി വന്നവരാണ്. ‘വന്ദനം’, ‘ഇന്നലെ’ പോലുള്ള ചിത്രങ്ങൾ തന്നെ അതിനുദാഹരണം. ആ ഒരു പാറ്റേണിലാണ് ‘പ്രേമ’ത്തിലെ ജോർജ്ജിന്റെയും മലരിന്റെയും പ്രണയത്തെയും സംവിധായകൻ ട്രീറ്റ് ചെയ്തത്. ഒരർത്ഥത്തിൽ, പുതിയ തലമുറ ചിത്രങ്ങളെ മറ്റൊരു തരത്തിൽ റീ ഡിഫൈൻ ചെയ്ത സിനിമയായിരുന്നു ‘പ്രേമം’. ആ ട്രീറ്റ്‌മെന്റ് വിജയിക്കുകയും ചെയ്തു.
ചിത്രം പുറത്തിറങ്ങുന്നതിനു മുൻപു തന്നെ ചിത്രത്തിലെ പാട്ടുകളെല്ലാം ഹിറ്റായിരുന്നു. ‘ആലുവാ പുഴയുടെ തീരത്ത്’ എന്ന പാട്ടായിരുന്നു ആദ്യം പുറത്തിറങ്ങിയത്. നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ് എന്ന കഥാപാത്രത്തിന്റേയും അനുപമ പരമേശ്വരൻ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിന്റേയും സ്‌കൂള്‍ കാല പ്രണയമായിരുന്നു ഈ ഗാനത്തിന്റെ പശ്ചാത്തലം. ചുരുണ്ട മുടി മുന്നിലേക്കിട്ടു നടക്കുന്ന മേരിയുടെ പിന്നാലെയായിരുന്നു അന്ന് യുവത്വം മുഴുവനും.
ആലുവാ പുഴയില്‍ നിന്നും മുങ്ങി നിവരുന്നതിനു മുമ്പേ മലർ മിസ്സ് എത്തി. ‘മലരേ നിന്നേ കാണാതിരുന്നാല്‍…’ എന്ന ഗാനം മലയാളക്കര മുഴുവന്‍ ഏറ്റുപാടി. മലര്‍ മിസ് എന്ന സായ് പല്ലവിയുടെ കഥാപാത്രത്തെ അക്കാലത്ത് മലയാളത്തിലെ മുഴുവന്‍ ചെറുപ്പക്കാരും പ്രേമിച്ചിരിക്കണം. ‘പ്രേമ’മെന്ന ചിത്രത്തെ നിഷിദ്ധമായി വിമർശിച്ചവർ പോലും ചിത്രത്തിലെ മലർ എന്ന കഥാപാത്രത്തിനെ ഇഷ്ടപ്പെട്ടു എന്നതാണ് കൗതുകം.
ചിത്രത്തിലെ പാട്ടുകൾക്കും സംഭാഷണങ്ങൾക്കും പ്രണയത്തിനുമൊപ്പം ജോര്‍ജ്, കോയ, ശംഭു എന്നിവരുടെ സൗഹൃദവും ആഘോഷിക്കപ്പെട്ടു. ഏറെ നാളുകൾക്കു ശേഷം ചെറുപ്പക്കാർ ഏറ്റുപിടിച്ച ഒരു ഫാഷൻ ട്രെൻഡ് കൂടെ കൊണ്ടുവരാൻ ‘പ്രേമ’മെന്ന ചിത്രത്തിനു സാധിച്ചിരുന്നു. താടിയും കറുത്ത ഷർട്ടും വെള്ളമുണ്ടും അണിഞ്ഞ് എത്തിയ നായകന്റെ വേഷവിതാനവും ശ്രദ്ധിക്കപ്പെട്ടു. കോളേജുകളില്‍ ഓണാഘോഷത്തിന് കറുത്ത കുര്‍ത്തയും മുണ്ടും കട്ടിത്താടിയും ട്രെന്‍ഡായി.
കേരളത്തിലെ വിപണിയെ നല്ല രീതിയില്‍ ഉപയോഗിക്കാനും മലയാളികളുടെ പള്‍സറിയാനും അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകനു കഴിഞ്ഞു. എടുത്തു പറയത്തക്ക കലാമൂല്യമുള്ളൊരു ചിത്രമല്ലെങ്കിലും, ഏകദേശം 35 വയസുവരെയുള്ള പ്രേക്ഷകരെ പ്രേമം കൈയ്യിലെടുത്തു എന്നു പറയാതെ വയ്യ. നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് തന്നെ ഒരുക്കിയ ‘നേര’ത്തിനു ശേഷം പുറത്തു വന്ന ചിത്രമായിരുന്നു ഇത്. പുതുമകളൊന്നുമില്ലാത്ത രണ്ടാമത്തെ ചിത്രം എന്നായിരുന്നു സംവിധായകന്‍ സിനിമയെ കുറിച്ചു പറഞ്ഞിരുന്നത്. അത്തരത്തില്‍ ആ ടാഗ് ലൈന്‍ വളരെ ഉചിതവുമായിരുന്നു ‘പ്രേമ’ത്തിന്. ‘പ്രേമ’ത്തില്‍ പ്രേമമുണ്ടായിരുന്നോ എന്ന് തീരുമാനിക്കേണ്ടത് പ്രേക്ഷകര്‍ തന്നെയാണ്. എങ്കിലും ‘പ്രേമം’ പരസ്യത്തിലൂടെ പ്രേക്ഷകരെ പറ്റിച്ചിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us