മലയാള സിനിമയിലെ സമീപകാലത്തെ ഏറ്റവും വലിയ വിജയ ചിത്രം ‘ലൂസിഫർ’ ബോക്സ് ഓഫീസിൽ നൂറുദിനങ്ങൾ പൂർത്തിയാക്കി മുന്നേറ്റം തുടരുമ്പോൾ, ചിത്രത്തിലെ 58 തെറ്റുകൾ എണ്ണിപ്പറയുകയാണ് ഡ്രീം ഹൗസ് എന്റര്‍ടെയിന്റ്മെന്റ്സ് എന്ന യൂടൂബ് ചാനൽ. Continuity Error എന്ന് വിളിക്കുന്ന ചിത്രീകരണത്തുടര്ച്ചയിലെ പാളിച്ചകള്‍ ആണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. ഇതിലൂടെ സിനിമയെ വിമർശിക്കുകയല്ല, മറിച്ച് എന്റർടെയിൻമെന്റ് മാത്രമാണ് ഉദ്ദേശം എന്ന് വീഡിയോയിൽ പ്രത്യേകം പറയുന്നുണ്ട്.
വാച്ചിലെ സമയം, വസ്ത്രത്തിന്റെ നിറം, ഇന്ദ്രജിത്ത് അവതരിപ്പിച്ച ഗോവർദ്ധൻ എന്ന കഥാപാത്രം ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന രംഗങ്ങൾ തുടങ്ങി 58 തെറ്റുകളാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം കുഞ്ഞുകുഞ്ഞ് പിഴവുകൾ കണ്ടു പിടിക്കാൻ അസാധ്യമായ നിരീക്ഷണ പാടവം ആവശ്യമാണ് എന്നാണ് വീഡിയോയുടെ താഴെ മിക്കവരും പോസ്റ്റ് ചെയ്തിരിക്കുന്ന കമന്റുകൾ.
ആശിർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ‘ലൂസിഫർ’ 200 കോടി രൂപയുടെ ബിസിനസ്സ് സ്വന്തമാക്കി ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന മലയാളചിത്രം എന്ന ബഹുമതി ഇതോടകം സ്വന്തമാക്കി.
മലയാള സിനിമയിലെ ഏറ്റവും വലിയ വിജയ ചിത്രമായാണ് മലയാളസിനിമാലോകം ലൂസിഫറിനെ നോക്കി കാണുന്നത്. മലയാളത്തിൽ നിന്നും പുലി മുരുകനു ശേഷം നൂറുകോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രം എന്ന വിശേഷണവും ലൂസിഫർ സ്വന്തമാക്കിയിരുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫർ’ എട്ട് ദിവസംകൊണ്ട് നൂറ് കോടി ഗ്രോസ് കളക്ഷൻ സ്വന്തമാക്കിയാണ് ആദ്യം റെക്കോർഡ് ഇട്ടത്. അത്രയും ചുരുങ്ങിയ കാലയളവു കൊണ്ട് നൂറുകോടി ക്ലബ്ബിൽ ഇടം നേടുന്ന ആദ്യത്തെ മലയാളചിത്രമായി മാറുകയായിരുന്നു ‘ലൂസിഫർ’.
Read More: ബോക്സ് ഓഫീസിൽ നൂറു ദിനങ്ങൾ പൂർത്തിയാക്കി ‘ലൂസിഫർ’: പ്രേക്ഷകർ ഇനി കാത്തിരിക്കുന്നത് ‘എമ്പുരാൻ’
ഏറെക്കാലത്തിനു ശേഷം മോഹൻലാൽ ആരാധകർക്ക് അവരുടെ ‘വിന്റേജ് ലാലേട്ടനെ’ തിരിച്ചു കൊടുക്കാനായി എന്നതാണ് ‘ലൂസിഫറി’ന്റെ പ്രധാന വിജയങ്ങളിലൊന്ന്. മോഹൻലാലെന്ന താരത്തെ അടുത്തിടെ ഏറ്റവും സ്റ്റൈലിഷ് ആയി അവതരിപ്പിച്ച ചിത്രമെന്ന വിശേഷണവും ‘ലൂസിഫറി’നുണ്ട്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മോഹൻലാൽ, മഞ്ജുവാര്യർ, വിവേക് ഒബ്റോയ്, ടൊവിനോ തോമസ് എന്നിവർക്കൊപ്പം സായ്കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, , സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ,സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.
Read More: മോഹന്‍ലാലിനെ അടവുകള്‍ പഠിപ്പിച്ച് പൃഥ്വി; ചിത്രീകരണ വീഡിയോ പുറത്ത്
Empuraan: ‘എമ്പുരാൻ’ വരുന്നു; നയിക്കാൻ അതേ നാൽവർ സംഘം
ആരാധകർ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ‘എമ്പുരാൻ’ എന്ന ‘ലൂസിഫര്‍’ രണ്ടാം ഭാഗത്തിനു വേണ്ടിയാണ്. മലയാള സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ മാസം മോഹൻലാലിന്റെ കൊച്ചി തേവരയിലുള്ള വസതിയിൽ വെച്ച് ‘ലൂസിഫർ’ ടീം നടത്തിയിരുന്നു. ‘എമ്പുരാൻ’എന്നായിരിക്കും രണ്ടാം ഭാഗത്തിന്റെ പേര് എന്ന് പ്രഖ്യാപിച്ചത് സംവിധായകൻ പൃഥ്വിരാജ് ആണ്. 2020 രണ്ടാം രണ്ടാം പകുതിയോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.