scorecardresearch

പല്ലില്ലാത്തൊരു 12കാരി തിരശ്ശീല വാഴാനെത്തിയ നാൾ

ജയഭാരതി ആദ്യം അഭിനയിച്ച ചിത്രം റിലീസിനെത്തിയിട്ട് ഇന്നേക്ക് 57 വർഷം പൂർത്തിയാവുകയാണ്

ജയഭാരതി ആദ്യം അഭിനയിച്ച ചിത്രം റിലീസിനെത്തിയിട്ട് ഇന്നേക്ക് 57 വർഷം പൂർത്തിയാവുകയാണ്

author-image
Dhanya K Vilayil
New Update
Jayabharathi, Jayabharathi latest

ജയഭാരതിയുടെ ആദ്യചിത്രം 'പെൺമക്കൾ' റിലീസിനെത്തിയിട്ട് ഇന്നേക്ക് 57 വർഷം പൂർത്തിയാകുന്നു

57 വർഷങ്ങൾക്കു മുൻപ് ഇതേ ദിവസം, 1966 ജൂലൈ 17. സംവിധായകൻ ശശികുമാർ സംവിധാനം ചെയ്ത 'പെൺമക്കൾ' എന്ന ചിത്രം റിലീസാവുന്നു. ചിത്രത്തിൽ കൊട്ടാരക്കര ശ്രീധരൻനായരുടെ അഞ്ചാമത്തെ മകളായി അഭിനയിച്ചിരിക്കുന്ന പെൺകുട്ടിയ്ക്ക് പ്രായം 12 വയസ്സ്. ഈറോഡ് റിത സ്കൂളിലെ ഏഴാം ക്ലാസ്സുകാരിയായ ആ പെൺകുട്ടിയുടെ പേര് ലക്ഷ്മി ഭാരതി.

Advertisment

അഞ്ചാം വയസ്സു മുതൽ കലാമണ്ഡലം നടരാജൻ, രാജാറാം എന്നിവരുടെ കീഴിൽ നൃത്തപരിശീലനം നേടിയ ലക്ഷ്മി ഭാരതിയുടെ ജീവിതത്തിൽ നിമിത്തമായത് 11-ാം വയസ്സിൽ സംസ്ഥാന തല കലോത്സവത്തിൽ വിജയിയായ സംഭവമാണ്. ലക്ഷ്മി ഭാരതിയ്ക്ക് ട്രോഫി സമ്മാനിക്കവെ, അന്നത്തെ വിദ്യഭ്യാസ മന്ത്രിയായ സുന്ദര വടിവേലു ഉപമിച്ചത്, ഭാവിയിൽ വൈജയന്തിമാലയെ പോലെയൊക്കെ പേരെടുക്കാൻ കഴിവുള്ള നർത്തകിയാണ് ഈ കുട്ടി എന്നാണ്. ആ വാക്കുകൾ മകളുടെ നൃത്തപഠനം വിപുലപ്പെടുത്താൻ ലക്ഷ്മിഭാരതിയുടെ അമ്മയ്ക്കു പ്രചോദനമായി. ഗുരുവായ രാജാറാമിന്റെ നിർദ്ദേശപ്രകാരം ഭരതനാട്യ ഗുരുവായ വഴവൂർ രാമയ്യ പിള്ളയുടെ കീഴിൽ വർണം പഠിക്കാൻ ലക്ഷ്മിഭാരതി എത്തി. വഴവൂരിന്റെ ശിഷ്യനായിരുന്നു രാജാറാം. നൃത്തത്തിനോടുള്ള ആ പ്രണയമാണ് ലക്ഷ്മി ഭാരതിയെ മലയാളസിനിമയിലേക്ക് എത്തിച്ചത് എന്നു പറയാം

മുൻനിരയിലെ പല്ലുകളിൽ പലതും അടർന്ന മുഖവുമായി തന്റെ ലൊക്കേഷനിൽ അഭിനയിക്കാൻ എത്തിയ ആ 12കാരി പെൺകുട്ടിയെ കുറിച്ച് സംവിധായകൻ ശശികുമാർ പിന്നീട് പല അവസരങ്ങളിലും പറഞ്ഞിട്ടുണ്ട്. ആദ്യ സിനിമ കഴിഞ്ഞതോടെ ലക്ഷ്മി ഭാരതി തിരിച്ചു ഈറോഡിലേക്കു തന്നെ മടങ്ങി. വളരെ ചെറിയ കുട്ടിയായതുകൊണ്ട് പ്രേംനസീർ ഒക്കെ ആ കുട്ടിയോട് നാട്ടിലേക്ക് തിരിച്ചുപോവാൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ വിധിവിഹിതം പോലെ ആ പെൺകുട്ടി വീണ്ടും മലയാളത്തിലേക്ക് നായികയായി തിരിച്ചെത്തി, പിൽക്കാലത്ത് ജയഭാരതിയായി ഖ്യാതി നേടി. മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകളിൽ പ്രധാന വേഷത്തിലെത്തിയ നായികയായി മാറി.

publive-image
ജയഭാരതി

'പെൺമക്കൾ' എന്ന ചിത്രത്തെ കുറിച്ച് നേരിയ ഓർമ മാത്രമേ ജയഭാരതിയ്ക്ക് ഇന്നുള്ളൂ. "കൊട്ടാരക്കര ശ്രീധരൻനായരുടെ അഞ്ചാമത്തെയോ ആറാമത്തെയോ മകളായിരുന്നു ചിത്രത്തിൽ ഞാൻ. അംബികാമ്മയും സലീമ്മയുമൊക്കെ ആ ചിത്രത്തിലുണ്ടായിരുന്നു. അന്നത്തെ കാര്യങ്ങൾ അധികമൊന്നും എനിക്കോർമ്മയില്ല. എനിക്ക് മലയാളം അറിയില്ലായിരുന്നു." ഭാഷയറിയാതെ, ഇവിടുത്തെ കലാകാരന്മാരെ അറിയാതെ മലയാളത്തിലേക്ക് എത്തിയതും പിന്നീട് മലയാളികളുടെ പ്രിയ നായികയായി മാറിയതുമെല്ലാം ജയഭാരതിയെ സംബന്ധിച്ച് സ്വപ്നസമാനമായൊരു അനുഭവമാണ്.

Advertisment

ജീവിതത്തിലേക്ക് തേടിയെത്തിയ അഭിനയമെന്ന കലയേയും കലാജീവിതം തന്ന സൗഭാഗ്യങ്ങളെയും ഭഗവാൻ തന്ന അനുഗ്രഹമായി കാണാനാണ് ജയഭാരതിയ്ക്കിഷ്ടം. "ഭഗവാൻ നൽകിയ വരമായിരിക്കും. എന്ത് കൾച്ചറാണ് എന്നു പോലുമറിയാതെയാണ് ഞാൻ വന്നത്. അമ്മൂമ്മ വീട്ടിൽ മലയാളം സംസാരിക്കുന്നതു മാത്രമാണ് അതുവരെ കേട്ടിരുന്നത്."

ശാരദയും ഷീലയുമൊക്കെ സീനിയർ നായികമാരായി വിലസുന്ന മലയാള സിനിമയിലേക്കാണ് ജയഭാരതി എത്തുന്നത്. ശ്രീദിവ്യയും വിധുബാലയും ഏറെക്കുറെ ജയഭാരതിയുടെ സമപ്രായക്കാരായിരുന്നു. രൂപത്തിലെ മലയാളി ലുക്കും സ്വാഭാവിക അഭിനയസിദ്ധിയും കാരണമാവാം സമകാലികരായ മറ്റു നടികളെ അപേക്ഷിച്ച് കൂടുതൽ അവസരങ്ങൾ ജയഭാരതിയ്ക്കു ലഭിച്ചു. അക്കാലത്ത് ഒരു വർഷം 40 ചിത്രങ്ങളിലൊക്കെ നായികയായി ജയഭാരതി അഭിനയിച്ചിരുന്നു. 19 വയസ്സ് ആയപ്പോഴേക്കും 100 പടങ്ങളിൽ അവർ അഭിനയിച്ചു കഴിഞ്ഞിരുന്നു.

അഭിനയത്തിനൊപ്പം തന്നെ ഡാൻസ് പ്രോഗ്രാമുകളും ഒന്നിച്ചു മുന്നോട്ടു കൊണ്ടുപോയി. "മൂന്നു സിനിമയിൽ അഭിനയിക്കുന്ന കാശ് ഒരു പ്രോഗ്രാമിൽ കിട്ടും. അക്കാലത്ത് കുറച്ചു സിനിമകളിൽ അഭിനയിക്കും, പിന്നെ പ്രോഗ്രാം ചെയ്യും."

publive-image
ജയഭാരതി

അഭിനേതാക്കളുടെ കലാപരമായ ജീവിതം മാത്രമല്ല, വ്യക്തിപരമായ ജീവിതം കൂടി തങ്ങൾക്ക് തീറെഴുതി കിട്ടിയതാണെന്ന് വിശ്വസിക്കുകയും നിരന്തരം ഓഡിറ്റ് ചെയ്യുകയും അന്യൻ്റെ സ്വകാര്യതയിലേക്ക് ഉറ്റുനോക്കുന്ന പ്രവണത സൂക്ഷിക്കുന്നതുമായ ഒരു സമൂഹമാണ് കേരളം. അതുകൊണ്ടു തന്നെ, ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾക്കൊപ്പം തന്നെ ഉണ്ടാവാത്ത കാര്യങ്ങൾ കൂടി കേൾക്കേണ്ടി വരുന്നു എന്നതാണ് പല അഭിനേതാക്കളുടെയും വിധി. അത്തരം കീഴ്വഴക്കങ്ങളോടുള്ള അതൃപ്തിയാലാവാം, സിനിമയുടെയും പ്രശസ്തിയുടെയും വെള്ളിവെളിച്ചത്തിൽ നിന്നെല്ലാം മാറി മകൻ ഉണ്ണിയ്ക്കും കുടുംബത്തിനുമൊപ്പം നാട്ടിലും ഇംഗ്ലണ്ടിലുമായി സ്വകാര്യ ജീവിതം നയിക്കുകയാണ് ജയഭാരതി ഇന്ന്.

എങ്കിലും കേരളവും മലയാള സിനിമ തന്ന സൗഭാഗ്യങ്ങളും അവരുടെ മനസ്സിലുണ്ട്. മുടങ്ങാതെ ഗുരുവായൂരും ചോറ്റാനിക്കരയിലും വടക്കും നാഥക്ഷേത്രത്തിലും പാറമേക്കാവിലും തൃപ്രയാറിലുമൊക്കെ തൊഴാൻ എത്തുമായിരുന്ന ശീലത്തിന് കഴിഞ്ഞ മൂന്നുവർഷമായി കോവിഡിന്റെ പശ്ചാത്തലത്തിൽ മുടക്കം നേരിട്ടതിന്റെ വിഷമം അവർക്കുണ്ട്. ജയഭാരതി എന്ന പേരിന്റെ വർണ തിളക്കമാർന്ന ഉടയാടകളെല്ലാം മാറ്റിവച്ച് ലക്ഷ്മി ഭാരതിയായി വിശ്രമജീവിതം ആസ്വദിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ഈ നായിക.

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: