/indian-express-malayalam/media/media_files/2025/12/17/anikha-surendran-chethan-2025-12-17-15-32-37.jpg)
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആന്തോളജി ചിത്രങ്ങളിലൊന്നായ 'അഞ്ച് സുന്ദരികൾ' പുറത്തിറങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. എന്നാൽ ആ സിനിമ കണ്ടിറങ്ങിയവരുടെ മനസ്സിൽ നിന്നും മായാത്തൊരു മുഖമുണ്ട്; സേതുലക്ഷ്മി. ചിത്രത്തിന്റെ ക്ലൈമാക്സിൽ ആ സ്റ്റുഡിയോ ഫോട്ടോയിലെ സേതുലക്ഷ്മിയുടെ (ബേബി അനിഘ) നിഷ്കളങ്കമായ ചിരിയിലേക്ക് ക്യാമറ ഫോക്കസ് ചെയ്യുമ്പോൾ, പ്രേക്ഷകന്റെ ഉള്ളിൽ മുള്ളു തറയ്ക്കുന്ന വേദന പടരും. ആ ചിരിക്ക് പിന്നിലെ നിസ്സഹായതയും അവൾ ഇരയാക്കപ്പെട്ട ക്രൂരതയും ഒരു തുള്ളി കണ്ണീരായി ഓരോ സിനിമാ പ്രേമിയുടെയും കണ്ണിൽ പൊടിയും.
Also Read: ആ തള്ളയ്ക്ക് പ്രാന്താടാ; അന്ന് ജീവനും കൊണ്ട് ഓടിയത് സിദ്ദിഖ്, ഇന്ന് പ്രണവ്
വർഷങ്ങൾക്കിപ്പുറം ആ ബാലതാരങ്ങൾ വളർന്നു വലുതായിരിക്കുന്നു. ബേബി, മാസ്റ്റർ തുടങ്ങിയ പേരുകൾ അവരെ വിട്ടുപോയിരിക്കുന്നു. യുവതാരങ്ങളെന്ന രീതിയിൽ ശ്രദ്ധ നേടിയ അനിഘയും ചേതനുമായി അവർ വളർന്നിരിക്കുന്നു. ഇരുവരും ഒന്നിച്ചുള്ളൊരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. "ചെക്കൻ കേറി അങ്ങട് ചുള്ളൻ ആയല്ലോ," എന്നും "രണ്ടുപേരും ഇത്രയും വളർന്നോ" എന്നുമുള്ള കൗതുകം നിറഞ്ഞ കമന്റുകൾക്കിടയിലും പലരും ഓർത്തെടുക്കുന്നത് ആ പഴയ സേതുലക്ഷ്മിയെയാണ്.
സേതുലക്ഷ്മി പറഞ്ഞത്...
പ്രശസ്ത ഛായാഗ്രാഹകൻ ഷൈജു ഖാലിദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'സേതുലക്ഷ്മി'. പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദന്റെ 'ഫോട്ടോ' എന്ന കഥയെ ആസ്പദമാക്കി ശ്യാം പുഷ്കരനും മുനീർ അലിയും ചേർന്നാണ് തിരക്കഥയൊരുക്കിയത്. എൺപതുകളിലെ ഗൃഹാതുരത്വം തുളുമ്പുന്ന പശ്ചാത്തലത്തിൽ, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം (Child Abuse) എന്ന ഗൗരവമേറിയ വിഷയമാണ് ചിത്രം കൈകാര്യം ചെയ്തത്.
Also Read: "ഇനി ഞങ്ങൾ നല്ല സുഹൃത്തുക്കൾ": വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് നടൻ ഷിജു
പത്രങ്ങളിൽ വരുന്ന നവവധുക്കളുടെ ഫോട്ടോ വെട്ടിയെടുത്ത് തന്റെ നോട്ടുബുക്കിൽ സൂക്ഷിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയായിരുന്നു സേതുലക്ഷ്മി. ഒരു നവവധുവിനെപ്പോലെ അണിഞ്ഞൊരുങ്ങി ഫോട്ടോ എടുക്കണമെന്ന അവളുടെ കൊച്ചു ആഗ്രഹത്തിന് കൂട്ടുകാരൻ (ചേതൻ ജയലാൽ) ഒപ്പം നിൽക്കുന്നു. കൈയിലുള്ള നാണയത്തുട്ടുകളും വീട്ടിൽ നിന്ന് കവർന്നെടുത്ത മുട്ടകളുമായി അവർ സ്റ്റുഡിയോയിലെത്തുന്നു. എന്നാൽ ഫോട്ടോയ്ക്ക് വേണ്ട 25 രൂപ തികയ്ക്കാൻ അവർക്കായില്ല. പണത്തിനായി ഭീഷണിപ്പെടുത്തുന്ന സ്റ്റുഡിയോ ഉടമ, പിന്നീട് നിസ്സഹായയായ ആ പെൺകുട്ടിയെ തന്റെ ക്രൂരമായ താല്പര്യങ്ങൾക്കായി ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഉള്ളുലയ്ക്കുന്ന പ്രമേയം.
വാക്കുകളാൽ വിവരിക്കാനാവാത്ത ഭയം ഉള്ളിലൊതുക്കി, തന്റെ ചിത്രം സ്കൂൾ ചുവരുകളിൽ പതിപ്പിക്കുമെന്ന ഭീഷണിക്ക് മുന്നിൽ വഴങ്ങി ആ നരാധമന്റെ സ്കൂട്ടറിന് പിന്നിൽ ഇരുന്നുപോകുന്ന സേതുലക്ഷ്മി ഇന്നും ഒരു നൊമ്പരമാണ്.
Also Read: എനിക്ക് മെസ്സിയെക്കാളും വലുത് നവ്യയാ, അതാ ഞാനിങ്ങു പോന്നത്; സദസ്സിനെ ചിരിപ്പിച്ച് ധ്യാൻ
മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അനിഘ ഈ വേഷം ചെയ്യുന്നത്. ആ കഥാപാത്രത്തിന്റെ ഗൗരവമോ അതിലെ ക്രൂരതയോ മനസ്സിലാക്കാനുള്ള പ്രായം അന്ന് അനിഘയ്ക്കില്ലായിരുന്നു.
"മലയാളികൾ എന്നെ ഏറ്റവും കൂടുതൽ അറിഞ്ഞുതുടങ്ങിയത് അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിനു ശേഷമാണ്. അതിൽ അഭിനയിക്കുമ്പോൾ കഥ എന്താണെന്ന് പോലും അറിയാതെ, സംവിധായകൻ പറയുന്നത് മാത്രം ചെയ്യുന്ന ഒരാളായിരുന്നു ഞാൻ," എന്ന് അനിഘ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്.
ആ ചിത്രത്തിലെ പ്രകടനം കണ്ടാണ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ അനിഘയെ അജിത് ചിത്രമായ 'യെന്നൈ അറിന്താലിലേക്ക്' ക്ഷണിക്കുന്നത്. അതോടെ അനിഘ തെന്നിന്ത്യയിലെ തിരക്കുള്ള താരമായി മാറി.
Also Read: ഒടുവിൽ ആ സ്വപ്നത്തിന് തിരിതെളിഞ്ഞു; സന്തോഷം പങ്കിട്ട്​​ അനു സിതാര
2013ൽ പുറത്തിറങ്ങിയ ആന്തോളജി ചിത്രമാണ് 5 സുന്ദരികൾ. അൻവർ റഷീദ് (ആമി), അമൽ നീരദ് (കുള്ളന്റെ ഭാര്യ), ആഷിഖ് അബു (ഗൗരി), സമീർ താഹിർ (ഈശ), ഷൈജു ഖാലിദ് (സേതുലക്ഷ്മി) എന്നിങ്ങനെ അഞ്ച് സംവിധായകർ ചേർന്നൊരുക്കിയ ഈ ചിത്രം പറഞ്ഞത് അഞ്ചു സ്ത്രീകളുടെ കഥയായിരുന്നു. ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, നിവിൻ പോളി, ജയസൂര്യ, കാവ്യ മാധവൻ തുടങ്ങി വലിയൊരു താരനിര അണിനിരന്ന ഈ ചിത്രം സ്ത്രീജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെയും ഭാവങ്ങളെയുമാണ് അടയാളപ്പെടുത്തിയത്. ഇതിൽ ഇന്നും പ്രേക്ഷകരെ ഏറ്റവും കൂടുതൽ അസ്വസ്ഥമാക്കുന്നതും ചിന്തിപ്പിക്കുന്നതും 'സേതുലക്ഷ്മി' തന്നെയാണെന്ന കാര്യത്തിൽ തർക്കമില്ല.
വർഷങ്ങൾക്കിപ്പുറം അനിഘയും ചേതനും മുതിർന്നുവെങ്കിലും, മലയാളിയുടെ സിനിമാ ഭൂപടത്തിൽ ആ രണ്ട് കുട്ടികൾ ഇന്നും ആ സ്റ്റുഡിയോ ഫോട്ടോയിലെ ചിരിക്കുന്ന മുഖങ്ങൾ തന്നെയാണ്.
Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us