ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിട്ടും കുതിപ്പ് തുടരുകയാണ് എസ്എസ് രാജമൗലി ചിത്രം ബാഹുബലി 2. 1000 കോടിയെന്ന മാന്ത്രിസംഖ്യയും കടന്ന് ബോളിവുഡിനേയും വെല്ലുന്ന പ്രകടനമാണ് ചിത്രം കാഴ്ച്ചവെച്ച് മുന്നേറുന്നത്. ചിത്രത്തിന്റെ സംവിധായകനായ രാജമൗലി നേരത്തേയും വ്യത്യസ്ഥ പ്രമേയമുള്ള ചിത്രങ്ങളുമായി വന്നിരുന്നുവെങ്കിലും ബാഹുബലിയാണ് അദ്ദേഹത്തിന് വഴിത്തിരിവാകുന്നത്. രാജമൗലിയുടെ കണ്ടിരിക്കേണ്ട അഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയെന്ന് അറിയാം.

1. ഛത്രപതി (2005)
ബാഹുബലി എന്ന ചിത്രത്തിന് മുമ്പ് പ്രഭാസും രാജമൗലിയും ഒന്നിച്ച ചിത്രമാണ് ഛത്രപതി. ബോക്സ് ഓഫീസില്‍ കണം വാരിയ ചിത്രത്തില്‍ ഛത്രപതി എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചത്. ഇരുകൈയും നീട്ടിയാണ് ചിത്രം സ്വീകരിക്കപ്പെട്ടത്. രാജമൗലിയുടെ പിതാവായ കെവി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.

2. വിക്രമാര്‍കുദു (2006)
ഛത്രപതിയുടെ വിജയത്തിന് ശേഷം രവി തേജയെ നായകനാക്കിയാണ് രാജമൗലി തിരിച്ചെത്തിയത്. ബോക്സ്ഓഫീസില്‍ ഈ ചിത്രവും ഹിറ്റായി മാറി. വിജയത്തിന് പിന്നാലെ ചിത്രം അഞ്ച് ഭാഷകളിലേക്ക് റിമേക്ക് ചെയ്യപ്പെട്ടു. വിക്രമാദിത്യന്‍ എന്ന പേരിലാണ് ചിത്രം മലയാളത്തിലേക്ക് മൊഴി മാറ്റിയത്. ഹിന്ദിയില്‍ അക്ഷയ് കുമാറിനെ കേന്ദ്രകഥാപാത്രമാക്കി ചിത്രം റിമേക്ക് ചെയ്തു.

3. യമധോങ്ക (2007)
സൂപ്പര്‍സ്റ്റാര്‍ ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി ഒരുക്കിയ ചിത്രവും പണം വാരി. കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കിയ ചിത്രം 2007ല്‍ തെലുഗിലെ ഏറ്റവും വലിയ കൊമേര്‍ഷ്യല്‍ ഹിറ്റായിരുന്നു. വിജയകരമായി 100 ദിനം ഓടിയ ചിത്രം തെലുഗില്‍ 2007ലെ മികച്ച അഞ്ച് ചിത്രങ്ങളുടെ പട്ടികയിലും ഇടംനേടി.

4. മഗധീര (2009)
രാജമൗലി സംവിധാനം ചെയ്ത് അല്ലു അരവിന്ദ് നിർമിച്ച് 2009ൽ തീയേറ്ററുകളിൽ എത്തിയ ചരിത്രാധിഷ്ഠിത ചലചിത്രമാണ് മഗധീര. രാം ചരൺ തേജയും കാജൽ അഗർ‌വാളുമാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീഹരിയും ദേവ് ഗില്ലും മറ്റ് ചില പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. 40 കോടി രൂപമുതൽമുടക്കി നിർമ്മിച്ച ഈ ചിത്രം തെലുഗു ചലചിത്രരംഗത്തെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്. മഗധീര ലോകം മുഴുവനുമായി ഏകദേശം 115 കോടി രൂപയോളം സമാഹരിച്ചു. ധീര ദി വാരിയർ എന്ന പെരിൽ ഈ ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തി.

5. ഈഗ (2012)

സൂപ്പര്‍താരങ്ങളോ മുന്‍നിരഅഭിനേതാക്കളുടെ സാന്നിധ്യമോ ഇല്ലാതെ ഈച്ച നായകകഥാപാത്രമായെത്തിയ തെലുങ്ക് ചിത്രമാണ് ‘ഈഗ’. തെന്നിന്ത്യയിലെ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത ചിത്രത്തില്‍ പൂർവ്വജന്മവും പുനർജന്മവും നൽകി കൊണ്ടാണ് ഫാന്റസി- ഫിക്ഷന്റെ സാധ്യതകളെ രാജമൗലി ഉപയോഗപ്പെടുത്തിയത്. 130 കോടി നേട്ടത്തോടെ ചിത്രം 2012ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായി മാറി. മികച്ച ചിത്രം, വിഷ്യല്‍ എഫക്ട് എന്നിവയ്ക്കുള്ള ദേശീയ പുരസ്കാരങ്ങളും ചിത്രം നേടി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook