തമിഴകത്തെ ഏറ്റവും താരമൂല്യമുള്ള നടനാണ് രജനീകാന്ത്. എഴുപതുകളുടെ മധ്യത്തിലായിരുന്നു തമിഴ് സിനിമയില്‍ രജനീകാന്ത് എന്ന താരം അഭിനയിച്ച് തുടങ്ങിയത്. എൺപതുകളായിരുന്നു രജനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടം.

രജനിയുടെ താര പരിവേഷം ക്രമേണ വാനോളമുയരുകയായിരുന്നു. തൊണ്ണൂറുകളിൽ മന്നൻ, മുത്തു, ബാഷ പടയപ്പ തുടങ്ങിയ ചിത്രങ്ങൾ ആരാധകർക്ക് ഉത്സവമായി. 1995-ൽ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതി നേടി. കെ സ് രവികുമാർ സംവിധാനം ചെയ്ത മുത്തു രജനീകാന്ത് എന്ന നടന്റെ ജീവിതത്തിലെ പൊൻതൂവൽ ആയിരുന്നു. ചിത്രം തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയും ചെയ്തു. ഈ ഒറ്റ ചിത്രത്തോടെ രജനി ജപ്പാനിൽ ജനപ്രിയനായി. ഏറെ വിദേശ ആരാധകരുള്ള ഇന്ത്യൻ ചലച്ചിത്രതാരങ്ങളിൽ മുൻനിരയിലാണ് രജനി.

എന്നാല്‍ ചിത്രം വീണ്ടും ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ്. 4കെ നിലവാരത്തിലേക്ക് മാറ്റിയ ചിത്രം വീണ്ടും ജപ്പാനില്‍ റിലീസ് ചെയ്യുകയാണ്. ഡിസംബര്‍ മധ്യത്തില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് വിവരം. ഇത് ആദ്യമായാണ് 4കെ ചെയ്ത് ഒരു ഇന്ത്യന്‍ ചിത്രം വിദേശത്ത് വീണ്ടും റിലീസ് ചെയ്യുന്നത്. ഒറിജിനല്‍ നെഗറ്റീവില്‍ മാറ്റം വരുത്തിയാണ് ചിത്രം 4കെ നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. കൂടാതെ സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്റെ മേല്‍നോട്ടത്തില്‍ ചിത്രത്തിന്റെ ഡിജിറ്റല്‍ റീമിക്സിലും കാര്യമായ മാറ്റങ്ങളുണ്ടാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook