ത്രിഡിയ്ക്കു പിന്നാലെ 4D ശബ്ദസന്നിവേശത്തിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുകയാണ് ശങ്കർ- രജനീകാന്ത്- അക്ഷയ് കുമാർ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡചിത്രമായ ‘2.0’. കഴിഞ്ഞ ദിവസം സത്യം സിനിമാസ് റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസറും 4D എസ് ആർ എൽ ശബ്ദ സാങ്കേതികയിൽ ഉള്ളതായിരുന്നു. ഇതിലൂടെ ഇത്തരം ശബ്ദ സന്നിവേശ സാങ്കേതികവിദ്യ ആദ്യമായി ഇന്ത്യയിൽ കൊണ്ടുവരുന്ന ചിത്രം എന്ന സവിശേഷത കൂടി കൈവരിക്കുകയാണ് ‘2.0’. സ്ക്രീനിൽ നിന്നും സറൗണ്ടിംഗ് വാളുകളിൽ നിന്നും ശബ്ദം കേൾക്കുന്നതിനു പുറമെ സീറ്റിനടിയിൽ നിന്നു കൂടി ശബ്ദം കേൾക്കാം എന്നതാണ് ഈ സാങ്കേതികയുടെ പ്രത്യേകത.
ടീസറിന്റെ റിലീസിംഗ് ചടങ്ങിനിടെ ശങ്കർ തന്നെയാണ് ചിത്രത്തിൽ ഉപയോഗിച്ച പുതിയ ശബ്ദസന്നിവേശ സാങ്കേതികയെ കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവെച്ചത്. “ഈ കഥ സൃഷ്ടിക്കുമ്പോൾ തന്നെ, മികച്ച വിഷ്വലുകൾ തരാൻ കഴിയുന്ന ത്രിഡി എഫക്റ്റിൽ തന്നെ ചിത്രമൊരുക്കണം എന്നു ഞാൻ ആഗ്രഹിച്ചിരുന്നു. അതുപോലെ തന്നെ മികച്ച ശബ്ദസന്നിവേശം സാധ്യമാക്കുന്ന സൗണ്ട് ടെക്നോളജിയും ഉറപ്പുവരുത്തണം എന്നുണ്ടായിരുന്നു. ചിത്രം തിയേറ്ററിലിരുന്ന് നിങ്ങൾ കാണുമ്പോൾ ഇരുവശത്തുമായി നൽകിയ സ്പീക്കറുകളിൽ നിന്നും മുകളിലെ സ്പീക്കറിൽ നിന്നും മാത്രമല്ല, സീറ്റിനു താഴെ നിന്നു കൂടി ശബ്ദം കേൾക്കുന്ന ഒരനുഭവമാണ് 4D നിങ്ങൾക്ക് സമ്മാനിക്കുക. ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ തിയേറ്ററുകളിലും ത്രിഡി സൗകര്യമൊരുക്കാനും പുതിയ ശബ്ദസന്നിവേശ സാങ്കേതികതയെ പ്രോത്സാഹിപ്പിക്കാനും എല്ലാ വിതരണക്കാരോടും ഞാൻ അഭ്യർത്ഥിക്കുകയാണ്. കാരണം ത്രിഡി സൗകര്യമുള്ള തിയേറ്ററുകളിൽ മാത്രമേ ഈ 4D എസ് ആർ എൽ ശബ്ദ സാങ്കേതികയ്ക്ക് സപ്പോർട്ടിംഗ് സിസ്റ്റമുള്ളൂ. സിനിമ അതിന്റെ മുഴുവൻ സാങ്കേതിക മികവോടെയും തന്നെ ആസ്വദിക്കൂ,” ശങ്കർ പറയുന്നു.
ഓസ്കാർ അവാർഡ് ജേതാവും മലയാളിയുമായ റസൂൽ പൂക്കുട്ടിയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ. കഴിഞ്ഞ ദിവസം ചിത്രത്തിനു വേണ്ടി ഉപയോഗിച്ച പുതിയ ശബ്ദ സാങ്കേതികയുടെ വിവരങ്ങൾ റസൂൽ പൂക്കുട്ടിയും തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഈ പുതിയ സാങ്കേതികത വേറിട്ടൊരു സിനിമാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുക.
രജനീകാന്തിന്റെ ഏറെ പ്രതീക്ഷകളുള്ള ചിത്രമാണ് ‘2.0’. ബോളിവുഡ് താരം അക്ഷയ് കുമാറും പ്രധാന വേഷത്തിലെത്തുന്നു എന്നത് ചിത്രത്തിന്റെ പ്രതീക്ഷകളെ വാനോളം ഉയർത്തുന്നുണ്ട്. എമി ജാക്സൺ ആണ് ചിത്രത്തിലെ നായിക. ‘യെന്തിരൻ’ ഒന്നാം ഭാഗത്തിലെന്ന പോലെ ഈ ചിത്രത്തിലും ഇരട്ടവേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറും സുഭാസ്കരനും ചേർന്നാണ് ബ്രഹ്മാണ്ഡചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി വേർഷൻ കരൺ ജോഹറാണ് അവതരിപ്പിക്കുക. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി നവംബർ 29 ന് ചിത്രം റിലീസിനെത്തും.