scorecardresearch

ജീവിതം മാറിമറിഞ്ഞ ആ ദിവസം; സുഹാസിനി ഓർക്കുന്നു

“എന്റെ 41 വർഷത്തെ കരിയർ ഞാനദ്ദേഹത്തിനു കടപ്പെട്ടിരിക്കുന്നു,” സുഹാസിനി കുറിക്കുന്നു

suhasini

സമകാലിക ഇന്ത്യന്‍ സിനിമയില്‍ ഒരു സംവിധായിക എന്ന നിലയില്‍ ദക്ഷിണേന്ത്യയില്‍ നിന്നും ഉയര്‍ന്നു കേട്ട ആദ്യ പേരുകളില്‍ ഒന്ന് സുഹാസിനിയുടേതാണ്. സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയുടെ സാങ്കേതിക മേഖലയില്‍ എത്തി, അവിടെ നിന്നും അഭിനയത്തിലേക്കും, മണിരത്നവുമായുള്ള വിവാഹത്തിനു ശേഷം തിരക്കഥ-സംവിധാന രംഗത്തേക്കും ചുവടു വയ്ക്കുകയായിരുന്നു സുഹാസിനി. 41 വർഷങ്ങൾക്ക് മുൻപ് തന്റെ ആദ്യ തമിഴ് ചിത്രമായ ‘നെഞ്ചത്തെ കിള്ളാതെ’യുടെ ഷൂട്ടിംഗിനോട് അനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിന്റെ ഓർമചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് സുഹാസിനി.

“41 വർഷങ്ങൾക്കു മുൻപ്. എനിക്ക് അദ്ദേഹത്തിന്റെ വിജി ആവാൻ കഴിയുമെന്ന് സംവിധായകൻ മഹേന്ദ്രൻ വിശ്വസിച്ചു. എന്റെ 41 വർഷത്തെ കരിയർ അദ്ദേഹത്തിനു കടപ്പെട്ടിരിക്കുന്നു. എന്റെ ഗുരു അശോക് കുമാറിനും അച്ഛൻ ചാരുഹാസനും നന്ദി, ‘നെഞ്ചത്തെ കിള്ളാതെ’യിൽ നായികയാവാൻ എന്നെ കൺവീൻസ് ചെയ്തതിന്. ഡിസംബർ 12 എനിക്ക് ഏറെ പ്രിയപ്പെട്ട ദിനമാണ്,” സുഹാസിനി കുറിക്കുന്നു.

‘നെഞ്ചത്തെ കിള്ളാതെ’ എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി​ ആദ്യമായി അഭിനയരംഗത്ത് എത്തുന്നത്. ചെന്നൈ അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യ ക്യാമറ വിദ്യാര്‍ഥിനിയായിരുന്നു സുഹാസിനി ഹാസന്‍, പഠനത്തിനു ശേഷം ഛായാഗ്രാഹകൻ അശോക് കുമാറിന്റെ സഹായിയായി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. ജെ മഹേന്ദ്രന്റെ ‘ഉതിരിപൂക്കൾ’, ഐവി ശശിയുടെ ‘കാളി’, ജെ മഹേന്ദ്രന്റെ ജോണി തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഛായാഗ്രാഹകൻ അശോക് കുമാറിന്റെ സഹായിയായി സുഹാസിനി പ്രവർത്തിച്ചു. അതിനിടയിലാണ് സംവിധായകൻ ജെ.മഹേന്ദ്രൻ ‘നെഞ്ചത്തെ കിള്ളാതെ’ എന്ന തന്റെ ചിത്രത്തിലേക്ക് സുഹാസിനിയെ കാസ്റ്റ് ചെയ്തത്.

അഭിനയത്തിനോട് തനിക്ക് തീരെ താത്പര്യം ഉണ്ടായിരുന്നില്ല എന്നും ‘ലോകം കീഴടക്കാന്‍ നടക്കുന്ന എന്നെ നിങ്ങള്‍ ക്യാമറയ്ക്ക് മുന്നില്‍ വന്നു കരയാനും ചിരിക്കാനും ഒക്കെ പറയുന്നോ?’ എന്ന് ചോദിച്ചു താന്‍ എതിര്‍ത്തിരുന്നു എന്നും സുഹാസിനി ഒരു അഭിമുഖത്തില്‍ പറഞ്ഞിരിന്നു.  അച്ഛന്‍ ചാരുഹസന്റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കുടുംബസുഹൃത്ത് കൂടിയായ മഹേന്ദ്രന്റെ ചിത്രത്തില്‍ അവര്‍ നായികയായി എത്തുന്നത്.  ആദ്യ ചിത്രത്തിലെ അഭിനയത്തെ തുടര്‍ന്ന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്ലാസ്സുകളിലേക്ക് മടങ്ങിയതായും സുഹാസിനി ഓര്‍ത്തു.

പക്ഷേ അഭിനയം സുഹാസിനിയെ വിടുന്ന മട്ടില്ലായിരുന്നു.  ക്യാമറയ്ക്ക് പിന്നില്‍ നില്‍കാന്‍ കൊതിച്ച പെണ്‍കുട്ടിയെ കാത്തിരുന്നത് ക്യാമറയ്ക്ക് മുന്നിലെ ലോകവും അംഗീകാരങ്ങളും ആയിരുന്നു. പിന്നീട് അനേകം സിനിമകളില്‍ നായികായി വേഷമിട്ട സുഹാസിനി തെന്നിന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ നായികമാരില്‍ ഒരാളായി. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പടെ നേടി.  (സിന്ധു ഭൈരവി/കെ ബാലചന്ദര്‍)

മമ്മൂട്ടി, Mammootty, സുഹാസിനി, Suhasini, koodevide, koodevide movie, koodevide full movie, koodevide songs

പത്മരാജന്റെ ‘കൂടെവിടെ’ ആയിരുന്നു സുഹാസിനി അഭിനയിച്ച ആദ്യമലയാളചിത്രം. പിന്നീട് ‘രാക്കുയിലിൻ രാജസദസ്സിൽ,’ ‘എഴുതാപുറങ്ങൾ,’ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികൾ,’ ‘ആദാമിന്റെ വാരിയെല്ല്,’ ‘സമൂഹം,’ ‘വാനപ്രസ്ഥം,’ ‘തീർത്ഥാടനം,’ ‘നമ്മൾ,’ ‘മകന്റെ അച്ഛൻ,’ ‘കളിമണ്ണ്,’ ‘ലവ് 24×7,’ ‘സാൾട്ട് മാംഗോ ട്രീ’ തുടങ്ങി റിലീസിനൊരുങ്ങുന്ന ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ വരെ മുപ്പതിലേറെ മലയാളസിനിമകളിലും സുഹാസിനി അഭിനയിച്ചു. തമിഴ്, മലയാളം, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷാചിത്രങ്ങളിലെല്ലാം സുഹാസിനി​ അഭിനയിച്ചിട്ടുണ്ട്.

പെൺ, പുത്തൻ പുതു കാലൈ എന്ന ആന്തോളജി ഫിലിമിലെ കോഫി, എനിവൺ? എന്നിവയെല്ലാം സുഹാസിനി സംവിധാനം ചെയ്ത ചിത്രങ്ങളാണ്. സുഹാസിനിയുടെ ആദ്യ സംവിധാനസംരംഭമായ ‘പെണ്‍’ എന്ന തമിഴ് ടെലിസീരീസ് തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. സണ്‍ ടിവിയാണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തത്. ഏഴോളം കഥകൾ അടങ്ങുന്ന ഈ സീരീസ്, അതു വരെ ടെലിവിഷന്‍ കണ്ട സ്ത്രീ ജീവിതങ്ങളെ പുതിയൊരു കാലത്തിൽ, പുതിയ രീതിയിൽ, അടയാളപ്പെടുത്തപ്പെടുത്തുകയായിരുന്നു സുഹാസിനി.

‘ഹേമാവുക്ക് കല്യാണം,’ അപ്പാ അപ്പടി താന്‍,’ അപ്പാ ഇരുക്കേന്‍,’ ‘മിസ്സിസ് രംഗനാഥ്,’ ‘കുട്ടി ആനന്ദ്‌,’ ‘ലവ് സ്റ്റോറി,’ ‘രാജി മാതിരി പൊണ്ണ്,’ ‘വാര്‍ത്തൈ തവറി വിട്ടായ്’ എന്ന് പേരുകളുള്ള, എട്ടു ഭാഗങ്ങളുള്ള ടെലിസീരീസാണ് ‘പെണ്‍’. യാഥാസ്ഥിതികതയില്‍ നിന്നും പുറത്തേക്കു കാലെടുത്തു വയ്ക്കാന്‍ ശ്രമിക്കുന്ന, അതില്‍ വിജയിക്കുകയും ചിലപ്പോള്‍ പരാജയപ്പെടുകയും ചെയ്യുന്ന നായികമാര്‍. അവരെ, അവരുടെ കുടുംബങ്ങളെ, ബന്ധങ്ങളെ, ആഗ്രഹങ്ങളെ, പ്രണയത്തെ ഒക്കെ ചുറ്റിപറ്റിയാണ് ഓരോ കഥയും സഞ്ചരിക്കുന്നത്. ശോഭന, രേവതി, ഭാനുപ്രിയ, ഗീത, രാധിക, അമല, ശരണ്യ, സുഹാസിനി എന്നിവരായിരുന്നു ആ ചെറുചിത്രങ്ങളിലെ നായികമാർ. സ്മാള്‍ സ്ക്രീനിന്റെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട ‘പെണ്‍’ സീരീസിന്റെ സംഗീതം ഇളയരാജ, കലാസംവിധാനം തൊട്ടാധരണി, ക്യാമറ ജി വി കൃഷ്ണന്‍, എഡിറ്റിംഗ് ലെനിന്‍, ഗോപാല്‍ എന്നിവരായിരുന്നു നിർവ്വഹിച്ചത്. കഥയും തിരക്കഥയും സംവിധാനവും സുഹാസിനി തന്നെയായിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: 41years of nenjathai killaathey suhasini maniratnam