/indian-express-malayalam/media/media_files/uploads/2023/08/sai-pallavi-aishwarya-lakshmi.jpg)
മെഡിക്കൽ പ്രൊഫഷനിൽ നിന്നും അഭിനയത്തിലേക്ക് എത്തിയവർ
എല്ലാ കാലത്തും സമൂഹത്തിൽ ഏറ്റവും ബഹുമാനം തേടുന്ന പ്രൊഫഷനുകളിൽ ഒന്നാണ് ഡോക്ടർമാരുടേത്. എംബിബിഎസ് മോഹവുമായി ഓരോ വർഷവും എൻട്രൻസ് എഴുതുന്നത് ലക്ഷകണക്കിന് ചെറുപ്പക്കാരാണ്. എൻട്രൻസിൽ റാങ്ക് നേടിയാലും ഒട്ടും എളുപ്പമല്ല മുന്നോട്ടുള്ള പഠനം. അഞ്ചു വർഷത്തെ എംബിബിഎസും പിന്നീടുള്ള തുടർപഠനവുമെല്ലാമായി ജീവിതത്തിന്റെ നല്ലൊരു പങ്കും പഠനത്തിനായി മാറ്റിവയ്ക്കേണ്ടി വരും. അത്രയേറെ കഷ്ടപ്പെട്ടും അധ്വാനിച്ചും നേടിയ എംബിബിഎസ് ബിരുദവും ഡോക്ടർ ജോലിയും ഉപേക്ഷിച്ച് അനിശ്ചിതത്വമേറെയുള്ള സിനിമാലോകത്ത് കരിയർ പടുത്തുയർത്താനായി ഇറങ്ങിതിരിച്ച ഏതാനും അഭിനേതാക്കളും നമുക്കുണ്ട്.
മലയാള സിനിമയിലുമുണ്ട് ആറു ഡോക്ടർമാർ. ആരാണ് ആ അഭിനേതാക്കൾ എന്നറിയേണ്ടേ?
/indian-express-malayalam/media/media_files/uploads/2022/06/Sai-Pallavi.jpg)
സായ് പല്ലവി
ജനനം കൊണ്ട് തമിഴ്നാട് സ്വദേശിയാണെങ്കിലും സായ് പല്ലവി മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയാണ്. ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ സായ് പല്ലവിയുടെ സിനിമാ അരങ്ങേറ്റം അൽഫോൺസ് പുത്രന്റെ പ്രേമം എന്ന ചിത്രത്തിലൂടെ ആയിരുന്നു. ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് സായ് പല്ലവി.
അഭിനയരംഗത്ത് സജീവമായ കാലത്തു തന്നെയാണ് സായ് പല്ലവി തന്റെ മെഡിസിൻ പഠനം പൂർത്തിയാക്കിയത്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ജോർജിയയിലെ ടിബിലിസി സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 2016 ലാണ് സായ് പല്ലവി മെഡിക്കൽ ബിരുദം നേടിയത്. എന്നാൽ ഇതുവരെ താരം ഇതുവരെ ഇന്ത്യയിൽ മെഡിക്കൽ പ്രാക്ടീഷണറായി രജിസ്റ്റർ ചെയ്തിട്ടില്ല.
/indian-express-malayalam/media/media_files/uploads/2023/03/WhatsApp-Image-2023-03-16-at-3.31.18-PM.jpeg)
ഐശ്വര്യ ലക്ഷ്മി
ഐശ്വര്യ ലക്ഷ്മിയും മെഡിസിൻ പഠനം കഴിഞ്ഞാണ് സിനിമയിലേക്ക് വരുന്നത്. എറണാകുളത്തെ ശ്രീ നാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നിന്നും എം.ബി.ബി.എസ്. ബിരുദം നേടിയ ഐശ്വര്യ ബിരുദ പഠനകാലത്തു തന്നെ മോഡലിംഗ് തുടങ്ങിയിരുന്നു. ഹൗസ് സർജൻസി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ആദ്യ സിനിമയിലേക്ക് അവസരം ലഭിച്ചത്. 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ ആയിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റചിത്രം. അതിനുമുമ്പ് പ്രേമം എന്ന ചലച്ചിത്രത്തിൽ 'മേരി' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുവാൻ അവസരം ലഭിച്ചിരുന്നുവെങ്കിലും പഠനത്തിരക്കുകൾ കാരണം അഭിനയിക്കുവാൻ കഴിഞ്ഞില്ല.
മോഡലിംഗിൽ നിന്നും സിനിമയിലേക്ക് എത്തിയ ഐശ്വര്യ ഇതിനകം തന്നെ നിരവധി വിജയചിത്രങ്ങളിലെ നായികയായി തിളങ്ങിയിട്ടുണ്ട്. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും, അർജന്റീന ഫാൻസ് കാട്ടൂർക്കടവ്, ബ്രദേഴ്സ് ഡേ, കാണെക്കാണെ, അർച്ചന 31 നോട്ട് ഔട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ഏറെ ജനപ്രീതി നേടാനും ഐശ്വര്യയ്ക്ക് കഴിഞ്ഞു. ആക്ഷൻ, ജഗമെ തന്തിരം, ഗാർഗി, ക്യാപ്റ്റൻ, മണിരത്നം സംവിധാനം ചെയ്ത ബ്രഹ്മാണ്ഡചിത്രം ‘പൊന്നിയിൻ സെൽവനി'ലും ഐശ്വര്യ തിളങ്ങി.
/indian-express-malayalam/media/media_files/uploads/2023/08/image.png)
റോണി ഡേവിഡ്
റോണി ഡേവിഡാണ് മലയാളസിനിമയിലെ മറ്റൊരു ഡോക്ടർ. സേലം വിനായക കോളേജിൽ നിന്നുമാണ് റോണി എം ബി ബി എസ് പൂർത്തിയാക്കിയത്. എം ബി ബി എസ് കഴിഞ്ഞ് കുറച്ചുകാലം ചെന്നൈയിലും സൗദി അറേബ്യയിലും റോണി ജോലി ചെയ്തിട്ടുണ്ട്. കിംസ് ആശുപത്രിയിൽ ഫിസിഷ്യനായി പ്രാക്ടീസ് ചെയ്തിരുന്നു.
പഠിയ്ക്കുന്ന കാലത്തുതന്നെ കലാപ്രവർത്തനങ്ങളിൽ തത്പരനായ റോണി പ്രീഡിഗ്രിയ്ക്കു പഠിയ്ക്കുന്ന സമയത്ത് ജി ശങ്കരപ്പിള്ളയുടെ ഉമ്മാക്കി എന്ന നാടകത്തിൽ ഉമ്മാക്കി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കേരള സർവ്വകലാശാലയിലെ രണ്ടാമത്തെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കമൽ സംവിധാനം ചെയ്ത പച്ചക്കുതിര എന്ന ചിത്രത്തിലൂടെയായിരുന്നു റോണി ഡേവിഡിന്റെ സിനിമ അരങ്ങേറ്റം. ചോക്ക്ലേറ്റ്, കുരുക്ഷേത്ര, ഡാഡികൂൾ, ആഗതൻ, ചട്ടമ്പിനാട്, ട്രാഫിക്, ആനന്ദം, ഗ്രേറ്റ് ഫാദർ, ഉണ്ട, റോയ്, നിഴൽ, ചതുർമുഖം, ഫോറൻസിക്, കള്ളൻ ഡിസൂസ, കർണൻ നെപ്പോളിയൻ ഭഗത് സിംഗ്, സത്യം മാത്രമേ ബോധിപ്പിക്കൂ, വാശി, നല്ല നിലാവുളഅള രാത്രി, 2018 തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ റോണിയ്ക്കു സാധിച്ചു.
/indian-express-malayalam/media/media_files/uploads/2023/08/image-2.png)
അജ്മൽ അമീർ
നടൻ അജ്മൽ അമീറും മെഡിക്കൽ രംഗത്തു നിന്നുമാണ് സിനിമയിലേക്ക് എത്തിയത്. ഉക്രൈനിൽ നിന്നുമാണ് അജ്മൽ മെഡിക്കൽ പഠനം പൂർത്തിയാക്കിയത്.
പ്രണയകാലം എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു അജ്മൽ അമീറിൻറെ സിനിമ അരങ്ങേറ്റം. അഞ്ചാതെ, മാടമ്പി, കോ, ലോഹം, ടു കൺട്രീസ്, ബെൻ, നെട്രികൺ, പത്താം വളവ്, ഗോൾഡ് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ഡോ.ഷാജു
ഡോ. ഷാജുവാണ് ഈ ലിസ്റ്റിലെ മറ്റൊരു ഡോക്ടർ. സീരിയൽ താരമായ ഡോ. ഷാജു നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ഡെന്റിസ്റ്റായ ഷാജു സേലത്തു നിന്നാണ് പഠനം പൂർത്തിയാക്കിയത്. ഷാജു മാത്രമല്ല, ഭാര്യ ആഷയും ഡോക്ടറാണ്. സേലം വിനായക മിഷൻ കോളേജിൽ പഠിക്കുന്നതിനിടയിൽ പരിചയപ്പെട്ടതാണ് ഡോ.ആഷയെ.
/indian-express-malayalam/media/media_files/uploads/2023/08/Dr.-Shaju.jpg)
പഠനകാലത്തു തന്നെ നാടകങ്ങളിൽ സജീവമായിരുന്നു ഡോ. ഷാജു. വൈദ്യശാസ്ത്രപഠനം കഴിഞ്ഞ് കുറച്ചു കാലം പ്രാക്റ്റീസ് ചെയ്തതിനു ശേഷമാണ് ഷാജു അഭിനയരംഗത്തേക്ക് എത്തുന്നത്. കെ. സജി സംവിധാനം ചെയ്ത ഇണക്കം പിണക്കം എന്ന സീരിയലിലൂടെയായിരുന്നു ഡോ. ഷാജുവിന്റെ അരങ്ങേറ്റം. മോഹനം, സ്ത്രീജന്മം, അങ്ങാടിപ്പാട്ട്, ദേവരാഗം മിന്നാരം, മിന്നുകെട്ട്, പാദസരം എന്നിവയാണ് പ്രധാന സീരിയലുകൾ ഭാസ്കർ ദ റാസ്കൽ, ഒരു സെക്കന്റ് ക്ലാസ് യാത്ര, തൃശൂര്‍ പൂരം, ഫുക്രി, പോക്കിരി സൈമൺ, അയാൾ ശശി, ക്യാപ്റ്റൻ, ലസാഗു ഉസാഗ, അടൂരും തോപ്പിലും അല്ലാത്ത ഒരു ഭാസി തുടങ്ങിയ സിനിമകളിലും ഷാജു വേഷമിട്ടിട്ടുണ്ട്.
ഡോ: മോഹൻദാസ്
അരവിന്ദന്റെ ഉത്തരായനം, കെജി ജോർജിന്റെ സ്വപ്നാടനം തുടങ്ങിയ ചിത്രങ്ങളിലും ഒരു ഡോക്ടർ അഭിനയിച്ചിട്ടുണ്ട്, ഡോ. മോഹൻദാസ്.
അരവിന്ദന്റെ ആദ്യചലച്ചിത്രമായ 'ഉത്തരായന'ത്തിലെ നായകനായിരുന്നു ഡോക്ടർ മോഹൻദാസ്. രവി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻദാസ് അവതരിപ്പിച്ചത്. തൊഴിലന്വേഷകനായ രവിയുടെ ജീവിതത്തിലെ സംഭവ ഗതികളാണ് ചിത്രത്തിന്റെ പ്രമേയം. അഴിമതിയും വഞ്ചനയും സ്വജനപക്ഷ പാതവും നിറഞ്ഞ നഗരം ഉപേക്ഷിച്ച് രവി സത്യാന്വേഷകനാകുന്ന കഥയാണ് ചിത്രം പറഞ്ഞത്.
/indian-express-malayalam/media/media_files/uploads/2023/08/Dr.-Mohan-Das.jpg)
കെജി ജോർജിന്റെ ആദ്യചിത്രമായ സ്വപ്നാടനത്തിൽ ഡോക്ടർ മോഹൻദാസും റാണിചന്ദ്രയുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. മനശാസ്ത്രഞ്ജനായ മുഹമ്മദ് സൈക്കോ എഴുതിയ പലായനം എന്ന കഥയെ ആസ്മപദമാക്കി കെജി ജോർജും പമ്മനും ചേർന്ന് തിരക്കഥ നിർവ്വഹിച്ച ചിത്രമായിരുന്നു സ്വപ്നാടനം. കേരളത്തിൽ നിന്നും കാണാതായ ഒരു വ്യക്തിയെ കുറിച്ചുള്ള അന്വേഷണമാണ് ചിത്രം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.