scorecardresearch

മലയാള സിനിമയിലെ ആർക്കിടെക്റ്റുകൾ

ആർക്കിടെക്ചർ കരിയർ വിട്ട് സിനിമയിലേക്ക് എത്തിയവർ

ആർക്കിടെക്ചർ കരിയർ വിട്ട് സിനിമയിലേക്ക് എത്തിയവർ

author-image
Entertainment Desk
New Update
Architect turned actress | Vincy Aloshious | Aparna Balamurali | Unnimaya Prasad | Shruti Ramachandran

ആർക്കിടെക്ചർ കരിയർ വിട്ട് സിനിമയിലേക്ക് എത്തിയവർ

അക്കാദമിക് ആയി ഉയർന്ന വിദ്യാഭ്യാസം നേടിയിട്ടും, സാമ്പത്തിക ഭദ്രതയുള്ള ജോലി ലഭിച്ചിട്ടും അതെല്ലാം രാജിവച്ച് സിനിമയെന്ന പാഷനു പിന്നാലെ ഇറങ്ങിതിരിച്ച നിരവധി അഭിനേതാക്കളുടെ കഥകൾ നമുക്ക് പറയാനുണ്ടാവും. അഭിനേതാവുക എന്ന ആഗ്രഹം ആഴത്തിൽ ഉള്ളിൽ വേരൂന്നിയിട്ടുണ്ടെങ്കിൽ അത്തരം ഉൾവിളികളെ കണ്ടില്ലെന്നു നടിക്കാൻ ഒരു കലാകാരനും സാധിക്കില്ല.

Advertisment

മലയാള സിനിമയിലുമുണ്ട്, ജോലിയും അതുമായി ബന്ധപ്പെട്ട കരിയർ സ്വപ്നങ്ങളുമെല്ലാം ഉപേക്ഷിച്ച് സിനിമയെ തേടിയെത്തിയ നിരവധി പേർ. വക്കീലായ മുഹമ്മദ് കുട്ടി മെഗാസ്റ്റാർ മമ്മൂട്ടിയായ പോലെ… ഡോക്ടർ പഠനവും പ്രാക്റ്റീസും ഉപേക്ഷിച്ച് സിനിമയിലേക്ക് എത്തിയ സായ് പല്ലവി, ഐശ്വര്യലക്ഷ്മി, അജ്മൽ അമീർ, എഞ്ചിനീയറിംഗ് വിട്ട് നടനായി മാറിയ സിദ്ദിഖ്, ടൊവിനോ തോമസ്, നിവിൻ പോളി, ക്ലിനിക്ക് സൈക്കോളജിസ്റ്റിന്റെ ജോലി ഉപേക്ഷിച്ച് നടിയായി മാറിയ ലെന…. എന്നിങ്ങനെ ആ പട്ടിക നീളും.

ആർക്കിടെക്ചർ മേഖല വിട്ട് അഭിനയത്തിലേക്ക് വന്ന നാലു മലയാള അഭിനേത്രിമാരെ പരിചയപ്പെടാം.

ഉണ്ണിമായ പ്രസാദ്
കാസ്റ്റിംഗ് ഡയറക്ടർ, നടി എന്നീ നിലകളിൽ അറിയപ്പെടും മുൻപ് ഒരു ആർക്കിടെക്റ്റായി ജോലി ചെയ്യുകയായിരുന്നു ഉണ്ണിമായ പ്രസാദ്. തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നുമാണ് ഉണ്ണിമായ ആർക്കിടെക്ചറിൽ ബിരുദം നേടിയത്. പിന്നീട് മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഫ് ടെക്നോളജിയിൽ നിന്നും ഉന്നതബിരുദവും കരസ്ഥമാക്കി.

Advertisment
publive-image
ഉണ്ണിമായ

"തിരുവനന്തപുരം സിഇടി കോളേജിലെ ആർക്കിടെക്റ്റ്- എഞ്ചിനീയറിംഗ് പഠനകാലത്താണ് സിനിമയെ സ്‌നേഹിക്കുന്ന കുറെ നല്ല സുഹൃത്തുക്കളെ ലഭിക്കുന്നത്. ലോക സിനിമകൾ പലതും കണ്ടത് ഇക്കാലത്താണ്. അഭിനയത്തിൽ മാത്രമല്ല, ക്യാമറയ്ക്കു പിന്നിലെ പ്രവർത്തനങ്ങളെക്കുറിച്ച് ശ്രദ്ധിച്ചു തുടങ്ങിയതും ഇവിടെ വെച്ചാണ്. സിനിമയിലെത്തുക എന്ന ലക്ഷ്യത്തോടെ ചില ടെലിവിഷൻ ഷോകൾ അവതരിപ്പിച്ചിരുന്നു," സിനിമയിലേക്കുള്ള തന്റെ യാത്രയെ കുറിച്ച് മുൻപൊരിക്കൽ ഉണ്ണിമായ പറഞ്ഞതിങ്ങനെ.

അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിൽ സേതുലക്ഷ്മി എന്ന സ്‌കൂൾ ടീച്ചറെ അവതരിപ്പിച്ചുകൊണ്ടായിരുന്നു ഉണ്ണിമായയുടെ തുടക്കം. തുടർന്ന് പറവ, മായാനദി, വരത്തൻ, ഒരു കുപ്രസിദ്ധ പയ്യൻ, ഫ്രഞ്ച് വിപ്ലവം, വൈറസ്, ഹലാൽ ലൗ സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു.

വിൻസി അലോഷ്യസ്
നടി വിൻസി അലോഷ്യസും ആർക്കിടെക്ചറിൽ ബിരുദം നേടിയിട്ടുണ്ട്. ഏഷ്യൻ സ്കൂൾ ഓഫ് ആർക്കിടെക്ചറിൽ നിന്നുമാണ് വിൻസി ബിരുദം നേടിയത്. ആർക്കിടെക്ചറിനു പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് വിൻസി മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നായിക - നായകൻ റിയാലിറ്റി ഷോയിൽ എത്തുന്നത്.

publive-image
വിൻസി

ഈ റിയാലിറ്റി ഷോ മിനിസ്ക്രീൻ പ്രേക്ഷകർക്കിടയിൽ വിൻസിയെ ഏറെ പ്രശസ്തയാക്കി. ചിക്കൻ കറി എങ്ങനെ ഉണ്ടാക്കാം? എന്ന സ്കിറ്റിലെ വിൻസിയുടെ അഭിനയം വൈറലായി. ആ റിയാലിറ്റി ഷോ തന്നെയാണ് വിൻസിയെ കുട്ടിക്കാലം മുതൽ മനസ്സിലുള്ള സിനിമയെന്ന വലിയ സ്വപ്നത്തിലേക്ക് കൈപ്പിടിച്ചു നടത്തിച്ചത്. 'വികൃതി' എന്ന ചിത്രത്തിൽ സൗബിന്റെ നായികയായി അഭിനയിച്ചുകൊണ്ട് സിനിമ രംഗത്തും വിൻസി അരങ്ങേറ്റം കുറിച്ചു. കനകം കാമിനി കലഹം, ഭീമന്റെ വഴി, ജന ഗണ മന, രേഖ തുടങ്ങിയ ചിത്രങ്ങളിൽ മികവാർന്ന പ്രകടനമാണ് വിൻസി കാഴ്ച വച്ചത്.

രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരവും വിൻസിയെ തേടിയെത്തി.

ശ്രുതി രാമചന്ദ്രൻ
ആർക്കിടെക്ചറിൽ ബിരുദം നേടിയ ശ്രുതി രാമചന്ദ്രൻ സിനിമയിലെത്തും മുൻപ് ആർക്കിടെക്ചർ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.

മൈസൂരിലെ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡിസൈനിൽ നിന്നുമാണ് ശ്രുതി ആർക്കിടെക്ചറിൽ ബിരുദം നേടിയത്. ബാച്ചിലേഴ്‌സിന് ശേഷം, ബാഴ്‌സലോണയിലെ ഐഎഎസിയിൽ നിന്ന് 'സെൽഫ് സഫിഷെന്റ് ബിൽഡിംഗ്സ്' എന്ന വിഷയത്തിൽ ബിരുദാനന്തര ബിരുദവും നേടി. കുറച്ചുകാലം ചെന്നൈയിലെയും ബോംബെയിലെയും ആർക്കിടെക്ചർ സ്ഥാപനങ്ങളിലും ശ്രുതി ജോലി ചെയ്തിട്ടുണ്ട്. കൊച്ചിയിലെ ഏഷ്യൻ സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ ഇന്നൊവേഷൻസിൽ പ്രൊഫസറായും ശ്രുതി പ്രവർത്തിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിൽ, നടി വിൻസി അലോഷ്യസ് ശ്രുതിയുടെ സ്റ്റുഡന്റായിരുന്നു.

publive-image
ശ്രുതി രാമചന്ദ്രൻ

പ്രേതം, സൺഡേ ഹോളിഡേ, കാണെക്കാണെ തുടങ്ങിയ ചിത്രങ്ങളിൽ ശ്രുതി വേഷമിട്ടിട്ടുണ്ടെങ്കിലും മധുരത്തിലെ ചിത്രയെന്ന കഥാപാത്രമാണ് ഏറെ ശ്രദ്ധ നേടി കൊടുത്തത്. അഭിനയത്തിൽ മാത്രമല്ല ഡബ്ബിങ്ങിലും തിരക്കഥ എഴുതുന്നതിലും ശ്രുതി തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. 'കമല' എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്കാരവും ശ്രുതി നേടി. ഭർത്താവ് ഫ്രാൻസിസുമായി ചേർന്ന് 'പുത്തൻ പുതു കാലയ്' എന്ന ആന്തോളജി ചിത്രത്തിൽ 'ഇളമയ് ഇദോ ഇദോ' എന്ന ചിത്രത്തിന് തിരക്കഥ എഴുതുകയും ചെയ്തു.

അപർണ ബാലമുരളി
തൃശൂർ സ്വദേശിനിയായ അപർണ ബാലമുരളി പാലക്കാട് ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചറിൽ നിന്നും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

കലാമണ്ഡലം സീമ, കലാമണ്ഡലം ഹുസ്നബാനു, കലാക്ഷേത്ര ഷഫീകുദ്ദീൻ എന്നിവരിൽ നിന്ന് നൃത്തം അഭ്യസിച്ച അപർണ കുച്ചിപ്പുടി, ഭരതനാട്യം , ലളിത സംഗീതം എന്നിവയിൽ സംസ്ഥാന തല വിജയിയായിരുന്നു. ‘ഇന്നലെയേത്തേടി’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് തുടക്കം കുറിക്കുന്നത്.

വിനീത് ശ്രീനിവാസൻ നായകനായ ഒരു സെക്കന്റ് ക്ലാസ് യാത്രയിലൂടെ നായികയായി വേഷമിട്ടു. ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ജിംസി എന്ന കഥാപാത്രം അപർണയെ ഏറെ പോപ്പുലറാക്കി.

Aparna Balamurali | അപർണ ബാലമുരളി
അപർണ ബാലമുരളി

ഒരു മുത്തശ്ശി ഗദ, സൺഡേ ഹോളിഡേ, സർവ്വോപരി പാലക്കാരൻ, കാമുകി, ബിടെക്, അല്ലു രാമേന്ദ്രൻ, മിസ്റ്റർ ആൻഡ് മിസ്സിസ്സ് റൗഡി, സുന്ദരി ഗാർഡൻസ്, കാപ്പാ, തങ്കം, 2018, പത്മിനി എന്നിവയാണ് അപർണയുടെ ശ്രദ്ധേയ മലയാളചിത്രങ്ങൾ.

തമിഴിലും സജീവമായ അപർണ സൂരറൈ പോട്ര്‌ എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്ക്കാരവും സ്വന്തമാക്കി.

Actress Aparna Balamurali

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: