/indian-express-malayalam/media/media_files/uploads/2023/10/Kamal-Haasan-Mani-Ratnam.jpg)
പുതിയ ചിത്രത്തിന് 'കെഎച്ച്234' എന്നാണ് താൽക്കാലികമായി പേരു നൽകിയിരിക്കുന്നത്
'വിക്രം' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ തന്റെ മങ്ങിപ്പോയ പ്രതാപം വീണ്ടെടുത്ത് വൻ തിരിച്ചുവരവ് നടത്തിയ കമൽ ഹാസനെയാണ് കഴിഞ്ഞ വർഷം നമ്മൾ കണ്ടത്. നിലവിൽ തമിഴിലെ ഏറ്റവും തിരക്കുള്ള താരമാണ് കമൽ. കാരണം താരത്തിന്റെ നാലു ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്നത്. ഇന്ത്യൻ 2, കൽക്കി2898എഡി, എച്ച് വിനോദിന്റെ കെഎച്ച് 233 തുടങ്ങിയവയാണ് കമലിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. ഇപ്പോഴിതാ, ഒരു വമ്പൻ ചിത്രം കൂടി അനൗൺസ് ചെയ്യപ്പെട്ടിരിക്കുകയാണ്.
36 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രത്തിന് 'കെഎച്ച്234' എന്നാണ് താൽക്കാലികമായി പേരു നൽകിയിരിക്കുന്നത്. 1987ൽ പുറത്തിറങ്ങിയ 'നായകൻ' എന്ന കൾട്ട് ക്ലാസിക് ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്നത് ആരാധകരെയും ആവേശത്തിലാക്കുകയാണ്. വെള്ളിയാഴ്ച ചെന്നൈയിൽ ആയിരുന്നു ചിത്രത്തിന്റെ ലോഞ്ച് നടന്നത്.
ചിത്രത്തിന്റെ സംഗീതസംവിധായകൻ എ ആർ റഹ്മാൻ, എഡിറ്റർ ശ്രീകർ പ്രസാദ് എന്നിവരും ലോഞ്ചിൽ പങ്കെടുത്തു. വിക്രം, ലിയോ, കൈതി, ഡോക്ടർ തുടങ്ങിയ ചിത്രങ്ങളിലെ ആക്ഷൻ രംഗങ്ങൾക്ക് പേരുകേട്ട സ്റ്റണ്ട് കൊറിയോഗ്രാഫർ അൻപ്അറിവാണ് ചിത്രത്തിലെ സംഘട്ടനം കൈകാര്യം ചെയ്യുന്നത്. ആക്ഷൻ ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. മണിരത്നത്തിന്റെ 'കന്നത്തിൽ മുത്തമിട്ടാൽ' , 'ആയുധ എഴുത്ത്' തുടങ്ങിയ ചിത്രങ്ങളിലെ ഛായാഗ്രാഹകൻ ആയിരുന്ന രവി കെ ചന്ദ്രനും ചടങ്ങിൽ പങ്കെടുത്തു. ഇദ്ദേഹം തന്നെയാണ് 'കെഎച്ച്234' ന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
Begin The Begin and May The Journey Unfoldhttps://t.co/rU5gWygEiu#KH234#Ulaganayagan#KamalHaasan#CelebrationBeginsNov7#HBDUlaganayagan@ikamalhaasan#ManiRatnam@arrahman#Mahendran@bagapath@MShenbagamoort3@RKFI@MadrasTalkies_@RedGiantMovies_@turmericmediaTM…
— Raaj Kamal Films International (@RKFI) October 27, 2023
രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ശർമ്മിഷ്ഠ റോയി ആണ്. കോസ്റ്റ്യൂം ഡിസൈനർ, ഏകാ ലഖാനി. ചിത്രത്തിന്റെ പേര് ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
നിലവിൽ, റിയാലിറ്റി ഷോയായ ബിഗ് ബോസ് തമിഴ് സീസൺ 7ന്റെ തിരക്കുകളിലാണ് കമൽഹാസൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.