Latest News

ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമോ?; പ്രേക്ഷകരുടെ കണ്ണുനനച്ച ആ സിനിമയ്ക്കിന്ന് 32 വയസ്സ്

കൃത്രിമ ബീജസങ്കലനം, വാടക ഗർഭപാത്രം തുടങ്ങിയ കാര്യങ്ങൾ മലയാളികൾക്ക് അത്ര പരിചിതമല്ലാതിരുന്ന ഒരു കാലത്താണ് ‘ദശരഥം’ പിറക്കുന്നത്

Dasharatham, Dasharatham movie, Mohanlal, 32 years of Dasharatham, Siby Malayail, Lohitha das, Rekha, Murali, Sukumari, ദശരഥം

കാലത്തിനു മുന്നേ സഞ്ചരിച്ച ചിത്രമാണ് സിബി മലയിൽ സംവിധാനം ചെയ്ത ‘ദശരഥം’. കൃത്രിമ ബീജസങ്കലനം, വാടക ഗർഭപാത്രം തുടങ്ങിയ കാര്യങ്ങൾ മലയാളികൾക്ക് അത്ര പരിചിതമല്ലാതിരുന്ന ഒരു കാലത്താണ് സിബിമലയിൽ- ലോഹിതദാസ്- മോഹൻലാൽ കൂട്ടുക്കെട്ടിൽ ‘ദശരഥം’ പിറക്കുന്നത്. ദശരഥത്തിന്റെ 32-ാം വാർഷികമാണ് ഇന്ന്. തികഞ്ഞ നിഷേധിയായ, സ്ത്രീകളെ വെറുക്കുന്ന, മുഴുക്കുട്ടിയനായ, അതിസമ്പന്നനായ രാജീവ് മേനോൻ മോഹൻ ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്. സിനിമയുടെ ക്ലൈമാക്സിൽ, ഉള്ളിന്റെയുള്ളിൽ അനാഥത്വം പേറി “ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമോ?” എന്ന് ചിരിച്ച് കൊണ്ട് രാജീവ് മേനോൻ ചോദിക്കുമ്പോൾ ഉള്ളു വിങ്ങാത്ത പ്രേക്ഷകർ കുറവായിരിക്കും.

തന്നെ സ്നേഹിക്കാൻ ഒരു കുഞ്ഞു വേണം എന്ന ആഗ്രഹം അവിവാഹിതനായ ആ ചെറുപ്പക്കാരനെ എത്തിക്കുന്നത് ക്യത്രിമ ബീജസങ്കലനം, വാടക ഗർഭപാത്രം എന്ന ചിന്തയിലേക്കാണ്. ഒടുവിൽ അതിന് ആനി എന്ന യുവതി തയ്യാറാവുന്നു. അതിനവളെ സജ്ജമാക്കുന്നത് ഭർത്താവിന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം നേടാം എന്നതു മാത്രമാണ്. രേഖയാണ് ആനിയായി വേഷമിടുന്നത്. ആനിയുടെ ഭർത്താവ് ‘ചന്ദ്രദാസ്’ എന്ന കഥാപാത്രമായെത്തുന്നത് മുരളിയാണ്.

ഒട്ടേറെ വൈകാരിക രംഗങ്ങൾ കോർത്തിണക്കിയ സിനിമയാണ് ‘ദശരഥം’. ഗർഭപാത്രം വാടകക്ക് തരാൻ ഒരു സ്ത്രീ തയ്യാറാവുന്നു എന്ന് കേൾക്കുന്ന നിമിഷം മുതൽ രാജീവ് മേനോനിൽ ഉണരുന്നത് അയാളിലെ അച്ഛൻ മാത്രമല്ല, അയാൾക്കുള്ളിലെ കുട്ടി കൂടിയാണ്. അവിടന്നങ്ങോട്ട് അയാളുടെ ജീവിതം സ്വപ്നാടനം പോലെയാണ്. സ്നേഹിക്കാൻ തന്റെ രക്തത്തിൽ പിറന്നൊരാൾ എത്തുന്നു എന്ന സന്തോഷം അയാളുടെ ദിനരാത്രങ്ങൾക്ക് നിറപ്പകിട്ടു സമ്മാനിക്കുന്നു. തന്റെ കുഞ്ഞ് ആനിയുടെ വയറ്റിൽ അനങ്ങി തുടങ്ങി എന്നറിയുമ്പോഴുള്ള രാജീവിന്റെ സന്തോഷം, ലേബർ റൂമിന്റെ മുന്നിൽ കാത്തു നിൽക്കുമ്പോഴുള്ള ടെൻഷൻ, മകനെ ആദ്യം കയ്യിൽ ഏറ്റുവാങ്ങുമ്പോഴുള്ള ആത്മഹർഷം എല്ലാം തന്നെ വളരെ ഹൃദയസ്പർശിയായ രീതിയിലാണ് മോഹൻലാൽ ആവിഷ്കരിച്ചിരിക്കുന്നത്.

തന്റെ മകൻ അവന്റെ അമ്മയോട് ഒട്ടിച്ചേർന്ന് കിടന്ന പോലെ തന്നെയും അമ്മ ചേർത്ത് കിടത്തിരിക്കുമോ എന്ന രാജീവിന്റെ ചോദ്യം ഇന്നും കാഴ്ചക്കാരെ പൊള്ളിക്കുന്ന ഒന്നാണ്. മകനെ വിട്ടു കൊടുക്കാൻ തയ്യാറല്ലാത്ത ആനിയ്ക്ക് മുന്നിൽ അയാൾ യാചകനാവുകയാണ്, അത്രനാൾ തന്നെ മുന്നോട്ടുനയിച്ച മനോഹരമായ ആ ‘ആകാശയാത്ര’യിൽ നിന്നും വേദനകളുടെ നിലയില്ലാകയങ്ങളിലേക്ക് പതിക്കുകയാണ് രാജീവ് മേനോൻ.

തിയേറ്ററിൽ ഇല്ലാതിരുന്ന എന്നാൽ വീഡിയോ കാസറ്റിൽ ഉണ്ടായിരുന്ന ചിത്രത്തിലെ ഒരു രംഗവും അടുത്തിടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. ആശുപത്രിയിൽ രാജീവ് ബീജം കളക്റ്റ് ചെയ്യാനായി പോകുന്ന രംഗം. ഇതെങ്ങനെയാണ് എടുക്കുന്നത്? എന്ന് രാജീവ് നിഷ്കളങ്കമായി ഡോക്ടർ ഹമീദിനോട് ചോദിക്കുന്നതും “പത്ത് മുപ്പത്തിരണ്ട് വയസായില്ലെ ,ഇനി ഇതും ഞാൻ തന്നെ പറഞ്ഞ് തരണോ?” എന്ന് ഡോക്ടർ ഹമീദ് മറുപടി പറയുന്നതുമാണ് രംഗം. സെമൻ കളക്റ്റ് ചെയ്ത് വന്നതിന് ശേഷം ഡോക്ടർ ഹമീദിനെ നോക്കി രാജീവിന്റെ ഒരു ചിരിയുണ്ട്, മലയാളികളെ വശീകരിക്കുന്ന, മോഹൻലാലിനു മാത്രം സാധ്യമായ ആ ചിരിയ്ക്ക് എന്തൊരു അഴകാണ്.

നിസ്സഹായത കൊണ്ട് മാത്രം, ഭാര്യ മറ്റൊരാളുടെ കുഞ്ഞിന് ജന്മം നൽകുന്നതിന് സാക്ഷിയാവേണ്ടി വരുന്ന ഭർത്താവായി മുരളിയും അസാമാന്യ പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ച വച്ചത്.

‘വിരലുകൾ കൊണ്ടുപോലും അഭിനയിക്കുന്ന നടൻ,’ മോഹൻലാലിന്റെ​ അഭിനയജീവിതത്തെ കുറിച്ചു പരാമർശിക്കുമ്പോൾ പ്രേക്ഷകർ പലകുറി ഉദ്ധരിച്ചിട്ടുള്ള ഒരു പ്രയോഗമാണിത്. ആ വിശേഷണത്തിനൊപ്പം മലയാളികളുടെ മനസ്സിലേക്ക് കയറി വരുന്ന മുഖം, ദശരഥത്തിലെ രാജീവ് മേനോൻ എന്ന കഥാപാത്രം തന്നെയാവും. അത്രയേറെ ഹൃദ്യമാണ് ആ ക്ലൈമാക്സ് സീൻ. ആത്മാവോളം ആഴത്തിൽ തന്റെയുള്ളിൽ വേരുറച്ച അനാഥത്വബോധവും അതുണ്ടാക്കുന്ന അപകർഷതാബോധവും നിസ്സഹായതയും മറികടക്കാൻ അയാൾ അണിഞ്ഞ നിഷേധിയുടെ മുഖംമൂടി ഊരിവച്ച് മാഗ്ഗിയ്ക്ക് മുന്നിൽ അയാളൊരു പച്ചമനുഷ്യനാവുകയാണ്.

ആനിയ്ക്ക് മകനോടുള്ള സ്നേഹം അയാൾക്ക് നഷ്ടപ്പെട്ട അമ്മവാത്സല്യം വീണ്ടും അയാളെ ഓർമ്മിപ്പിക്കുകയാണ്. ജീവിതത്തിൽ അയാൾ അപ്പോൾ ഏറ്റവുമധികം കൊതിക്കുന്നത്, നിസ്വാർത്ഥമായ സ്നേഹത്തിനുവേണ്ടിയാണ്. അതുകൊണ്ടാണ്, ആനി മോനെ സ്നേഹിക്കുന്ന പോലെ മാഗിക്കെന്നെ സ്നേഹിക്കാമോ? എന്ന് ഉള്ളിലെ കടലിരമ്പം മറച്ചുപിടിച്ചുകൊണ്ട് മുഖത്ത് ചിരിവരുത്തി അയാൾ ചോദിക്കുന്നത്. കാലമെത്ര ചെന്നാലും ആ കഥാപാത്രത്തെ മറക്കാൻ മലയാളിക്ക് ആവില്ല. അല്ലെങ്കിലും, ഉള്ളിൽ കരഞ്ഞുകൊണ്ട് പുറമെ ചിരിക്കുന്ന മനുഷ്യന്റെ ചിരിയോളം വേദനിപ്പിക്കുന്ന മറ്റെന്താണുള്ളത്!

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: 32 years of dasaratham movie mohanlal

Next Story
ബിസിനസ്സ് രംഗത്തെ മിന്നും താരങ്ങള്‍actress, business, kavya madhavan, poornima indrajith, lena, kaniha, jomol, reena basheer
The moderation of comments is automated and not cleared manually by malayalam.indianexpress.com