Rajinikanth’s 2.0 Review: തന്റെ രൂപവുമായി സാദൃശ്യമുള്ള ഒരു യന്ത്രമനുഷ്യനെ ഉണ്ടാക്കുന്ന രജനികാന്തിന്റെ ‘യന്തിരന്‍’, കണ്ടിരിക്കാന്‍ നല്ല രസമുള്ള ഒരു സിനിമയായിരുന്നു. 2010ലെ ചിത്രത്തില്‍ പ്രൊഫസര്‍ വസീഗരന്‍, ചിട്ടി റോബോ എന്നീ വേഷങ്ങളിലാണ് രജനി എത്തിയത്. നന്മയ്ക്ക് മേമ്പൊടിയായി അറിവുമുള്ള, സുന്ദരിയായ ഐശ്വര്യാ റായെ പ്രണയിക്കുന്ന, മഷീനുകളുമായി ചങ്ങാത്തമുള്ള വസീഗരന്‍. തീര്‍ത്തും ലളിതമായ കഥയില്‍ ശങ്കറിന്റെ വക ബ്രഹ്മാണ്ഡ തുല്യമായ സ്പെഷ്യല്‍ എഫ്ഫക്റ്റ്‌സ് ചേര്‍ന്നപ്പോള്‍ ചിരിയ്ക്കും ചിന്തയ്ക്കും വകയുണ്ടായി.
എട്ടു വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന ‘ടു പോയിന്റ് ഓ’, നല്ല റോബോയും ചീത്ത മനുഷ്യനും എന്ന പഴയ കഥാപരിസരത്തിനു ചുറ്റും തന്നെയാണ് കറങ്ങുന്നത്. പക്ഷേ അതില്‍ ഒതുങ്ങുന്നില്ല സിനിമ. പരിസ്ഥിതി എന്ന കത്തിപ്പിടിക്കുന്ന ഒരു വിഷയവുമുണ്ട് സിനിമയില്‍. കൂടാതെ രജനിയുടെ യന്ത്ര-മനുഷ്യന്‍ ദ്വയത്തിനു കൂട്ടായി അക്ഷയ് കുമാറുമുണ്ട്.
രണ്ടു വലിയ താരങ്ങളുടെ ഏറ്റുമുട്ടലാണ് ‘2.0’ എന്നത് തുടക്കം മുതല്‍ തന്നെ വ്യക്തമാണ്. ഓപ്പണിംഗ് ക്രെഡിറ്റ്‌സില്‍ രജനികാന്തിന് ‘സൂപ്പര്‍ സ്റ്റാര്‍’ എന്ന വിശേഷണം കൊടുക്കുന്ന സിനിമ അക്ഷയ് കുമാറിന് മറ്റു താരങ്ങളുടെ മുകളിലുള്ള ഒരു സ്ഥാനമാണ് കൊടുക്കുന്നത്. തന്റെ കൈയിലുള്ള എല്ലാ സ്പെഷ്യല്‍ എഫ്ഫക്റ്റ്‌സ് ആയുധങ്ങളും എടുത്തു പെരുമാറി, ഒടുവില്‍ ഒരു സ്റ്റേഡിയം നിറഞ്ഞു നില്‍ക്കുന്ന രണ്ടു സൂപ്പര്‍ഹീറോകളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നുണ്ട്, ശങ്കര്‍ എന്ന സംവിധായകന്‍.
രണ്ടുള്ളത് കൊണ്ട് രസവും ഇരട്ടിക്കും എന്ന് കരുതിയാല്‍ തെറ്റി. മെറ്റലിന്റെ മുരളിച്ചയും കിലുക്കവും, പറന്നു കളിക്കുന്ന ത്രീ ഡി ഗ്രാഫിക്സ് ഇമേജെറിയുമൊന്നും ചിത്രത്തിന് മാറ്റ് കൂട്ടുന്നില്ല. ആദ്യ ഭാഗമായ ‘യന്തിരനെ’ക്കാളും തീര്‍ത്തും സാധാരണമായ തിരക്കഥ. മികച്ച കോമിക്ക് കഥകള്‍ക്ക് പ്രേക്ഷകന് പിന്നീട് അന്വേഷിച്ചു പോകാനും മാത്രമുള്ള വിവിധ തലങ്ങളുണ്ടാകും. മികച്ച സൂപ്പര്‍ഹീറോ കഥകള്‍ക്കാകട്ടെ, പിന്നീട് ആലോചിച്ചു രസിക്കാന്‍ എന്തെങ്കിലുമൊക്കെ ബാക്കിയുണ്ടാവുകയും ചെയ്യും.
എന്നാല്‍ ഇവിടെ, കുറിക്കു കൊള്ളുന്ന ഒന്ന് രണ്ടു സംഭാഷണങ്ങളിലും, ഒന്നോ രണ്ടോ സ്പെഷ്യല്‍ എഫ്ഫക്റ്റ്‌സ് സീനുകളിലും തൃപ്തിപ്പെടേണ്ടി വരും. അടുത്തിരിന്ന് സെല്‍ഫോണില്‍ കുത്തിക്കൊണ്ടിരിക്കുന്ന ആളുടെ തലയ്ക്കടിക്കാന്‍ തോന്നിയെങ്കില്‍ അത്ഭുതപ്പെടേണ്ട, അതും സിനിമയുടെ ഒരു ‘പ്ലോട്ട് പോയിന്റ്’ ആണ്. സിനിമയുടെ ചുരുക്കം നല്ല വശങ്ങളില്‍ ഒന്ന്.
ശങ്കറിന് ഒരു നല്ല ആശയം ഉണ്ടായിരുന്നു എന്ന് തീര്‍ച്ച. പകര്‍ച്ച വ്യാധി പോലെ പരക്കുകയാണ് സെല്‍ഫോണ്‍ ഉപയോഗം. നമ്മുടെ ബുദ്ധിയേയും ആശയവിനിമയത്തേയും മാത്രമല്ല അവ ബാധിക്കുന്നത്, സെല്‍ ടവര്‍ റേഡിയേഷന്‍ മൂലം പരിസ്ഥിതിയ്ക്ക് വലിയ അളവില്‍ കേടുപാടുണ്ടാക്കുന്നുണ്ട് അവ. എന്നാല്‍ ഈ പ്രധാനപ്പെട്ട വിഷയത്തിലേക്ക് എത്തുമ്പോഴേക്ക്, സിനിമ പകുതി കഴിയും.
അതിമോഹികളായ കോര്‍പ്പറേറ്റ്കളുടേയും സര്‍ക്കാരിന്റെയും ഇടയില്‍ നടക്കുന്ന, ബാന്‍ഡ്വിഡ്ത്തിനേയും കൈക്കൂലിയെയും സംബന്ധിച്ച പരിചിതമായ അന്തര്‍ധാര കണ്ടു കൊണ്ടിരിക്കേ, എന്ത് കൊണ്ടാണ് രജനിയെ ഇത്ര ‘സബ്ഡൂഡ്’ ആയി അവതരിപ്പിച്ചിരിക്കുന്നത് എന്ന് തോന്നിയേക്കാം. ചുവന്ന ലിപ്സ്റ്റിക്കില്‍ തിളങ്ങുന്ന അമി ജാക്ക്സനോടൊത്ത് സമയം ചിലവിടുമ്പോള്‍ പോലും അത്ര കണ്ടു ഒതുങ്ങിയിട്ടാണ് അദ്ദേഹം. ഉത്തരവാദിത്തമുള്ള ‘നേതാ’ ആയി ആദില്‍ ഹുസൈന്‍ എത്തുന്നുണ്ടെങ്കിലും രജനി-അക്ഷയ് ദ്വയത്തിനിടയില്‍പ്പെട്ടു, അധികം ഒന്നും ചെയ്യാനില്ലാതെയാവുന്നു അദ്ദേഹത്തിനും.
സിനിമ ഒന്ന് ‘ക്ലച്ച് പിടിക്കുന്നത്’ ഇന്റെര്‍വലിനു ശേഷമാണ് – പക്ഷിരാജയായി അക്ഷയ് കുമാര്‍ എത്തിയതിനു ശേഷം. വില്ലനായിത്തീര്‍ന്ന നല്ലവനാണയാള്‍ – ഭയം കൊണ്ടും, ദേഷ്യം കൊണ്ടും. തന്റെ കൂട്ടുകാരെ രക്ഷിക്കാനായി പക്ഷിരാജ എന്തും ചെയ്യും. കൊല്ലണമെങ്കില്‍ കൊല്ലും, സെല്‍ ഫോണ്‍ പിടിച്ചിരിക്കുന്ന കൈകള്‍, സെല്‍ ടവറുകള്‍, കെട്ടിടങ്ങള്‍ എന്നിവ നിഷ്കരുണം തകര്‍ക്കും. സിനിമയ്ക്ക് ആവശ്യമുള്ള എനെര്‍ജി കൊണ്ട് വരുന്നത് അക്ഷയാണ്, ഹൃദയത്തില്‍ തൊടുന്ന ചില നിമിഷങ്ങളും. സ്വര്‍ണ്ണ തിളക്കമുള്ള ആ കണ്ണുകള്‍ ഒരു മെറ്റല്‍ കേസില്‍ വച്ച് പൂട്ടിക്കഴിഞ്ഞാല്‍, ക്ലൈമാക്സില്‍ ഇനി ശങ്കര്‍ എന്ത് ചെയ്യും എന്ന ചോദ്യം ബാക്കി നില്‍ക്കും. സംവിധായകന്‍ പക്ഷേ എന്തൊക്കെയോ ചെയ്യുന്നുണ്ട്. ആദ്യത്തെ ഞെട്ടലും, അന്തംവിടലും കഴിഞ്ഞാല്‍ ഒന്നും മനസ്സില്‍ തട്ടുന്നില്ല എന്ന് മാത്രം.
കെട്ടിക്കിടക്കുന്ന വെള്ളം പോലെ ജീവനറ്റതാണ് ‘2.0’വിന്റെ ഒന്നാം പകുതി. ഒരൽപ്പം ഭേദമാണ് അക്ഷയ് കുമാര്‍ എത്തുന്ന രണ്ടാം പകുതി. ഒടുവില്‍ ഒരൽപ്പനേരത്തേക്ക് മാത്രം കാണുന്ന രജനി വൈഭവം. അത്ഭുതപ്പെടുത്തുന്ന ചില നിമിഷങ്ങള്‍ ഇല്ല എന്നല്ല.,എങ്കിലും കൊട്ടിഘോഷിച്ച പോലെ ഒന്നുമില്ല ഈ ചിത്രത്തില്‍.
‘3.0’ ഉണ്ടാകുമോ? നിങ്ങള്‍ അതാലോച്ചിക്കുമ്പോഴേക്കും 3ഡി കണ്ണട തിരിച്ചേല്‍പ്പിക്കട്ടെ.