തിരുവനന്തപുരം: 26 -ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള (IFFK) ഫെബ്രുവരി നാല് മുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കും. മേളയുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 2022 ഫെബ്രുവരി നാലിന് വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
തിരുവനന്തപുരത്തെ പന്ത്രണ്ടോളം തിയേറ്ററുകളിലായി എട്ട് ദിവസമാണ് ഇത്തവണ മേള നടക്കുക. രാജ്യാന്തര ചലച്ചിത്രമേളയുടെ എല്ലാ പ്രൗഢിയോടെയും നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ജൂലൈ മാസം നടത്താന്‍ കഴിയാതിരുന്ന രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള (IDSFFK) 2021 ഡിസംബര്‍ ഒമ്പത് മുതല്‍ 14 വരെ നടക്കും. തിരുവനന്തപുരം ഏരീസ് പ്ളക്സ് എസ് എല്‍ തിയേറ്റര്‍ കോംപ്ളക്സിലെ നാല് സ്ക്രീനുകളിലായാണ് മേള നടക്കുക. മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഏരീസ് പ്ളക്സ് എസ്.എല്‍ തിയേറ്ററിലെ ഓഡി ഒന്നിൽ ഡിസംബര്‍ ഒമ്പതിന് നിര്‍വഹിക്കും. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കനുസൃതമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും മേളകള്‍ സംഘടിപ്പിക്കുക എന്നും മന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടർന്ന് ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനായി കഴിഞ്ഞ തവണ നാല് മേഖലകളിലായാണ് ഐഎഫ്എഫ്കെ നടത്തിയത്. തിരുവനന്തപുരത്തിന് പുറമെ, കൊച്ചി, പാലക്കാട്, തലശ്ശേരി എന്നിവയായിരുന്നു വേദികൾ.