24മത് കൊല്‍കൊത്ത രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിഞ്ഞു. നവംബര്‍ 10 മുതല്‍ 17 വരെയാണ് കൊല്‍ക്കത്തയില്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള അരങ്ങേറുക. മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കപ്പെടും.  171 സിനിമകളും 150 ഹ്രസ്വ ചിത്രങ്ങളുമാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. കൂടാതെ 70 രാജ്യങ്ങളില്‍ നിന്നുമുള്ള ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും. ബംഗാളി സിനിമയുടെ 100 വര്‍ഷത്തിന്റെ ആഘോഷവും മേളയുടെ ഭാഗമാണ്.

No automatic alt text available.

കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചില ചിത്രങ്ങള്‍ ഇവയൊക്കെ.

ബ്രസീലിയന്‍ സംവിധായകന്‍ എഡ്വര്‍ഡോ നണ്‍സാണ് ‘യൂണികോര്‍ണ്ണിയോ’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. പിതാവ് തിരിച്ചു വരുന്നതും കാത്ത് അമ്മയോടൊപ്പം ഒറ്റപ്പെട്ട ഒരു പ്രദേശത്ത് ജീവിക്കുന്ന 13 കാരിയുടെ ജീവിതാണ് ചിത്രം പറയുന്നത്. അവര്‍ക്കിടയിലേക്ക് മറ്റൊരു വ്യക്തി കടന്നു വരുന്നതോടെയാണ് ചിത്രം ഗതി മാറുന്നത്.

ഈജിപ്ത്യന്‍ സംവിധായകന്‍ അബു ബാക്കര്‍ ഷോക്കിയുടെ ചിത്രമാണ് ‘യോമെദ്ദിന്‍’. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ദിഓറിനായി മത്സരിച്ച ചിത്രമാണ്.

ചുര്‍ണി ഗാംഗുലിയുടെ ‘താരിഖും’ മേളയിലെ ശ്രദ്ധേയ ചിത്രമാണ്. പൂര്‍ണ്ണമായും ആഫ്രോ-അമേരിക്കന്‍ അഭിനേതാക്കള്‍ മാത്രം അഭിനയിച്ച ആദ്യത്തെ മെക്‌സിക്കന്‍ ഫിക്ഷന്‍ ചിത്രമായ ‘ലാ നീഗ്രാഡ’ ആണ് മറ്റൊരു പ്രധാന ചിത്രം. ടര്‍ക്കിഷ് ഡ്രാമയായ ‘സിബെലും’ പ്രദര്‍ശനത്തിനുണ്ട്. കാഗ്ല സെന്‍സിര്‍സിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടോറോന്റോ ഫിലിം ഫെസ്റ്റിവല്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്.

 

ദേശീയ അവാര്‍ഡ് ജേതാവായ മലയാളി സംവിധായകന്‍ ഷാജി എന്‍ കരുണിന്റെ ‘ഓള്’ എന്ന സിനിമയും മത്സര വിഭാഗത്തിലുണ്ട്. ആഷ് മെയ്‌ഫെയറിന്റെ ‘ദ തേര്‍ഡ് വൈഫ്’, ഹംഗേറിയന്‍ ചിത്രം ‘ജെനസിസ്, ഓറേലിയ മെന്‍ഗിന്‍ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം ‘ഫോര്‍നെയ്‌സ്’, എന്നിവയും അന്താരാഷ്ട്ര വിഭാഗത്തിലുണ്ട്.

ഇന്ത്യന്‍ ഹ്രസ്വ ചിത്ര വിഭാഗത്തില്‍ 12 സിനിമകളാണുള്ളത്. അത്ര തന്നെ ഡോക്യുമെന്ററി വിഭാഗത്തിലുമുണ്ട്. ഗൗരവ്വ് മദന്റെ ‘ഹെ്ഡ് ബൈ ഷാഖ്യേ’, ‘സംഭവ്ത’, അഷോക് വെയ്‌ലോയുടെ ‘ലുക്ക് അറ്റ് ദ സ്‌കൈ’ എന്നിവയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. അപര്‍ണ സാന്യാലിന്റെ ‘ദ മോങ്‌സ് ഹു വണ്‍ ദ ഗ്രാമിയും; സ്യുപ്ത കുണ്ടുവിന്റെ ‘ലാഡ്‌ലി’യും ഈ വിഭാഗത്തിലുണ്ട്.

13 ചിത്രങ്ങളാണ് ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളിലുള്ളത്. പ്രവീണ്‍ മോര്‍ച്ചലെയുടെ ‘വിഡോ ഓഫ് സൈലന്‍സ്’, റിഷി ദേശ് പാണ്ഡെയുടെ ‘നിര്‍മന്‍ എന്റൂട്ട്’, അതുല്‍ ടെയ്ഷ്‌റ്റെയുടെ ‘വാര്‍ത്തക് നഗര്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ ഉള്ളത്. എഴ് ലക്ഷമാണ് സമ്മാനത്തുക. കൂടാതെ സംവിധായകന് അഞ്ച് ലക്ഷവും ലഭിക്കും.

പ്രവീണ്‍ മോര്‍ച്ചലെയുടെ ‘വിഡോ ഓഫ് സൈലന്‍സ്’, കശ്മീര്‍ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം മുസ്ലീം യുവതിയുടെ ജീവിതമാണ് പറയുന്നത്. കാണാതായ ഭര്‍ത്താവിനെ തേടിയുള്ള അവരുടെ യാത്രയാണ് ചിത്രം. ബുസാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്.

ബംഗാളി സിനിമയുടെ 100 വര്‍ഷം എന്ന വിഭാഗത്തില്‍ ബംഗാളി ക്ലാസിക് സിനിമകളായ കാബൂളിവാല (തപന്‍ സിന്‍ഹ), ഉത്തര്‍ ഫല്‍ഗുനി(അസിത് സെന്‍), ഋതുപര്‍ണ ഘോഷിന്റെ ‘ഉനിഷെ എപ്രില്‍’ എന്നീ ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ളവ പ്രദര്‍ശിപ്പിക്കപ്പെടും.

സുപ്രിയ ദേവിയ്ക്കുള്ള ആദര സൂചകമായ ‘മേഘേ ധാക്ക താര’ പ്രദര്‍ശിപ്പിക്കും. പ്രശസ്ത സംവിധായകന്‍ ബിമല്‍ റായിയുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ‘പെഹ്ലാ ആദ്മി’, ‘സുജാത’ എന്നിവയാകും പ്രദര്‍ശനത്തിനുണ്ടാവുക. ഏണെസ്റ്റ് ഇഗ്മന്‍ ബെര്‍ഗമാന്റെ എട്ട് ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടാവുക. ‘വിന്റര്‍ ലൈറ്റ്’, ‘ത്രൂ എ ഗ്ലാസ് ഡാര്‍ക്ലി’, ‘സെവന്‍ത് സീല്‍’ തുടങ്ങിയവയാണുണ്ടാവുക. മജീദി മജീദിയുടെ ‘ദ സോങ് ഓഫ് സ്പാരോസും’, ‘ദ വില്ലോ ട്രീ’യും ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രമായ ‘ബിയോണ്ട് ദ ക്ലൗഡ്‌സും’ പ്രദര്‍ശിപ്പിക്കും.

മേളയുടെ ഇത്തവണത്തെ പ്രധാന ശ്രദ്ധാ കേന്ദ്രങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. 17 ചിത്രങ്ങളാണ് ഓസ്‌ട്രേലിയയില്‍ നിന്നും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഫിലിപ്പ് നൊയ്‌സിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ ചിത്രങ്ങളുമുണ്ടാകും.

ഒമ്പത് ചിത്രങ്ങളാണ് ടുണീഷ്യയില്‍ നിന്നുമെത്തുന്നത്. മുഹമ്മദ് ബെന്നിന്റെ ‘ഡിയര്‍ സണ്‍’ ആണ് പ്രധാന ചിത്രങ്ങളിലൊന്ന്. അച്ഛന്റേയും മകന്റേയും ബന്ധമാണ് ചിത്രം പറയുന്നത്. കാനില്‍ പ്രദര്‍ശിപ്പിച്ച ചിത്രമാണിത്. നെജിബ് ബെല്‍കാദിയുടെ ‘ലുക്ക് അറ്റ് മീ’യും പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ലോക സിനിമയിലെ അതികായന്മാരുടെ പ്രശസ്ത ചിത്രങ്ങളാണ് ‘മയെസ്ത്രോ’ വിഭാഗത്തിലുണ്ടാവുക. ജാഫര്‍ പനാമയുടെ ‘ത്രീ ഫെയ്‌സസ്’, ജീന്‍ ലൂക്ക് ഗൊദാര്‍ഡിന്റെ ‘ദ ഇമേജ് ബുക്ക്’, കിം കിഡുക്കിന്റെ ‘ഹ്യൂമന്‍-സ്‌പെയ്‌സ്- ടൈമും’ മേളയില്‍ പ്രദര്‍ശിപ്പിക്കും. സത്യജിത് റായിയുടെ ‘അപ്പു ട്രിളജി’യും വിറ്റോറിയോ ഡി സിക്കയുടെ ക്ലാസിക് ‘ബൈസിക്കില്‍ തീവ്‌സും’ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്.

സൂജിത്ത് സര്‍ക്കാറിന്റെ ‘ക്ടോബര്‍’, വിക്രം സെന്‍ഗുപ്തയുടെ ‘ജോനകി’, സനോയ് നാഗിന്റെ ‘യുവേഴ്‌സ് ട്രൂലി’, തുടങ്ങിയ സമീപ കാലത്ത് ഇറങ്ങിയ മികച്ച സിനിമകളും മേളയില്‍ പ്രദര്‍ശനത്തിനെത്തും.

Read in English Logo Indian Express

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook