കേരളം കണ്ട മഹാവിപത്തുകളില്‍ ഒന്നാണ് അടുത്തിടെ കണ്ട പേമാരിയും അതിനോടനുബന്ധിച്ചു വന്ന വെള്ളപ്പൊക്കവും മറ്റു നാശനഷ്ടങ്ങളും. ആറു ദശാബ്ദങ്ങള്‍ കൊണ്ട് കേരളം പടുത്തുയര്‍ത്തിയതെല്ലാം ഒലിച്ചു പോയ ദിനങ്ങള്‍. അതെല്ലാം കടന്ന് ജീവതത്തിന്റെ പച്ചപ്പിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുകയാണ് കേരളം.

പേമാരിയില്‍ ആടിയുലഞ്ഞപ്പോഴും നമ്മള്‍ കണ്ടത് നന്മയുടേയും സാന്ത്വനത്തിന്റെയും ധീരതയുടേയും നേര്‍കാഴ്ചകളാണ്. അതിന്റെ ചലച്ചിത്രാവിഷ്കരണമാണ് ജൂഡ് ആന്റണി ജോസഫ്‌ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘2403 ft’ലൂടെ ലക്ഷ്യമിടുന്നത്. അണ്‍എക്ഷ്പെക്റ്റെഡ് ഹീറോസ് എന്ന് അടികുറിപ്പുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തു.

Image may contain: text

എന്താണ് ‘2403 ft’?

ഇടുക്കി അണക്കെട്ടിന്റെ പൂര്‍ണ്ണ സംഭരണ ശേഷിയാണ് (ഫുള്‍ റിസര്‍വോയര്‍ ലെവല്‍) 2403 ft. അണകെട്ട് ഫുള്‍ ഫുള്‍ റിസര്‍വോയര്‍ ലെവലില്‍ എത്തുന്നത്‌ ചരിത്രത്തില്‍ അത്യപൂര്‍വ്വമാണ്.

തലക്കെട്ട്‌ പറയുന്നത് ഇതാണെങ്കിലും സിനിമ പറയുന്നത് അതിജീവനത്തിന്റെ കഥകളാണ് എന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു.

“പ്രളയത്തില്‍ എന്‍റെ നാട്ടില്‍ വെള്ളം കയറിയ ദിവസം, രാവിലെ വീട്ടിലേക്ക് വന്ന് അപ്പന്‍ വാടകയ്ക്ക് കൊടുക്കുന്ന ചെമ്പും, വട്ടകയും എടുത്ത് കൊണ്ട് പോയി രക്ഷാപ്രവര്‍ത്തനം നടത്തിയത് നാട്ടുകാരാണ്. ചങ്കുറപ്പുള്ള നാട്ടുകാര്‍. എനിക്കുറപ്പാണ് കേരളം മുഴുവന്‍ ഇത്തരത്തില്‍ അനേകം കാഴ്ചകള്‍ നമ്മള്‍ കണ്ടിട്ടുണ്ടാകാം. ഇതവരുടെ കഥയാണ്‌. ആയിരക്കണക്കിന് ആളുകളെ ജീവന്‍ പണയം വച്ച് രക്ഷിച്ച മത്സ്യത്തൊഴിലാളികളുടെ , ഊണും ഉറക്കവുമില്ലാതെ ഓടി നടന്ന് രക്ഷാപ്രവര്‍ത്തനം നടത്തി വീര മൃത്യു വരിച്ച ധീരന്മാരുടെ, കുടുംബം പോലും വേണ്ടെന്നു വച്ച് രാപ്പകല്‍ റിപ്പോര്‍ട്ടിംഗ് നടത്തിയ മാദ്ധ്യമപ്രവര്‍ത്തകരുടെ, എവിടന്നോ വന്നു ജീവന്‍ രക്ഷിച്ച് നന്ദി വാക്കിന് കാത്ത് നില്ക്കാതെ പോയ ധീര ജവാന്മാരുടെ, ജാതിയും മതവും പാര്‍ട്ടിയും മറന്ന് ഒറ്റകെട്ടായി ചങ്ക് പറിച്ച് ഒരുമിച്ച് നിന്ന മലയാളികളുടെ, ലോകത്തിന്‍റെ പല ഭാഗങ്ങളില്‍ നിന്നും സഹായം നല്കിയ മനുഷ്യരുടെ… അതെ നമ്മുടെ അതി ജീവനത്തിന്‍റെ കഥ”, എന്നാണ് ജൂഡ് ആന്റണി ജോസഫ്‌ പോസ്റ്ററിനോപ്പം കുറിച്ചിരിക്കുന്നത്.

അപ്രതീക്ഷിത നായകന്മാര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ജോമോന്‍ ടി ജോണ്‍, എഡിറ്റിംഗ് മഹേഷ്‌ നാരായണന്‍, സംഗീതം ഷാന്‍ റഹ്മാന്‍, തിരക്കഥ ജോണ്‍ മന്ത്രിക്കല്‍, ജൂഡ് ആന്റണി ജോസഫ്‌, നിര്‍മ്മാണം ആന്റോ ജോസഫ്‌

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ