തിരുവനന്തപുരം: കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ഇരുപത്തിമൂന്നാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേള  (ഐഎഫ്എഫ്കെ 2018) ഡിസംബര്‍ 7 മുതല്‍ 13 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് സാംസ്‌കാരിക  മന്ത്രി എ.കെ.ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കിയാണ് മേള സംഘടിപ്പിക്കുക. ഏഴു ദിവസമായിരിക്കും ഈ വര്‍ഷത്തെ മേളയെന്നും അദ്ദേഹം പറഞ്ഞു.

ഡെലിഗേറ്റ് ഫീസ് ഉയര്‍ത്തിയും സ്പോണ്‍സര്‍ഷിപ്പ് വഴിയുമാണ് മേള നടത്തിപ്പിനുള്ള ഫണ്ട് സ്വരൂപിക്കുക. കഴിഞ്ഞ തവണ 6 കോടി 35 ലക്ഷം രൂപയായിരുന്ന ചെലവ് ഇത്തവണ മൂന്നരക്കോടി രൂപയായി ചുരുക്കും. ഡെലിഗേറ്റ് ഫീസ് 2000 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് പകുതി നിരക്കായിരിക്കും. സൗജന്യ പാസുകള്‍ ഉണ്ടായിരിക്കില്ല. 12,000 പാസുകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

മുന്‍ വര്‍ഷങ്ങളിലെപ്പോലെ മേളയിലെ മത്സരവിഭാഗം ഉള്‍പ്പെടെയുള്ള വിഭാഗങ്ങൾ ഇത്തവണയും ഉണ്ടാകും. എന്നാൽ ‘കൺട്രി ഫോക്കസ്’, ‘കണ്ടമ്പററി മാസ്റ്റേഴ്സ്’, ‘ഹോമേജ്’ വിഭാഗങ്ങൾ ഉണ്ടാവില്ല. 16 തിയേറ്ററുകളുടെ സ്ഥാനത്ത് 12 എണ്ണത്തിലാവും പ്രദർശനം നടക്കുക. സാധാരണ ഗതിയിൽ 150 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്. അത് ഈ വർഷം 120 ആയി ചുരുങ്ങും.

രാജ്യാന്തര  മത്സര വിഭാഗത്തില്‍ 14 സിനിമകളുണ്ടാവും. നവാഗതരുടെ ആറ് സിനിമകളുള്‍പ്പെടെ ആകെ 14 മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ടു ചിത്രങ്ങള്‍ മത്സര വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കും. ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ ഒമ്പത് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ രണ്ടെണ്ണം മത്സര വിഭാഗത്തിലായിരിക്കും.

സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് ഇത്തവണ ഉണ്ടായിരിക്കില്ല. കോംപറ്റിഷന്‍, ഫിപ്രസി, നെറ്റ്പാക് അവാര്‍ഡുകളുണ്ടായിരിക്കും. ഇന്റര്‍നാഷണല്‍ ജൂറി ദക്ഷിണേഷ്യയില്‍ നിന്നായി പരിമിതപ്പെടുത്തും.

മേള നടക്കുന്ന ദിവസങ്ങളില്‍ മുഖ്യവേദിയില്‍ വൈകുന്നേരങ്ങളില്‍ നടത്താറുള്ള കലാ സാംസ്‌കാരിക പരിപാടികള്‍, ശില്‍പശാല, എക്സിബിഷന്‍, മാസ്റ്റര്‍ ക്ലാസ്, പാനല്‍ ഡിസ്‌കഷന്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. ഓപ്പണ്‍ ഫോറം തുടരും.

പ്രളയക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് നിശാഗന്ധിയില്‍ ഉദ്ഘാടന ചടങ്ങ് ലളിതമായി നടത്തി ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും. ലളിതമായ രീതിയില്‍ നടത്തുന്ന സമാപന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. അവാര്‍ഡ് ലഭിച്ച ചിത്രം പ്രദര്‍ശിപ്പിക്കും.

സ്പോണ്‍സര്‍ഷിപ്പ് ലഭിക്കുകയാണെങ്കില്‍ മാത്രം അലങ്കാരങ്ങള്‍, പരസ്യ ഹോര്‍ഡിങ്ങുകള്‍, പന്തലുകള്‍ എന്നിവ സ്ഥാപിക്കും. സ്പോണ്‍സര്‍ഷിപ്പിന് താൽപ്പര്യമുള്ളവരെ പത്രപരസ്യത്തിലൂടെ കണ്ടെത്തും. ഫെസ്റ്റിവലിന്റെ സംഘാടകസമിതി യോഗം ഇന്ന് വൈകിട്ട് അഞ്ചിന് പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിംപിയ ഹാളില്‍ ചേരും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ