scorecardresearch

Rewind 2019: താരങ്ങളുടെ ഈ വര്‍ഷം

Rewind 2019:കഴിഞ്ഞു പോകുന്ന വര്‍ഷം നമ്മുടെ താരങ്ങള്‍ക്ക് എന്തായിരുന്നു എന്ന് നോക്കാം

Rewind 2019:കഴിഞ്ഞു പോകുന്ന വര്‍ഷം നമ്മുടെ താരങ്ങള്‍ക്ക് എന്തായിരുന്നു എന്ന് നോക്കാം

author-image
Entertainment Desk
New Update
Rewind 2019: താരങ്ങളുടെ ഈ വര്‍ഷം

മലയാള സിനിമയുടെ മികച്ച വർഷങ്ങളിൽ ഒന്നായിരുന്നു 2019 എന്നു പറയാം. ദേശീയ, അന്തർദ്ദേശീയ തലത്തിൽ വരെ മലയാളചിത്രങ്ങൾ ചർച്ചയായി. ലോകശ്രദ്ധ നേടിയ ചലച്ചിത്രമേളകളിൽ ശ്രദ്ധിക്കപ്പെടാനും 'മൂത്തോൻ', 'ജല്ലിക്കെട്ട്', 'ചോല' പൊലുള്ള ചിത്രങ്ങൾക്ക് സാധിച്ചു.

Advertisment

കച്ചവടസിനിമകൾക്ക് ഒപ്പം തന്നെ കലാമൂല്യമുള്ള ചിത്രങ്ങളും തിയേറ്ററുകളിൽ ശ്രദ്ധിക്കപ്പെട്ട വർഷമാണ് 2019. സൂപ്പർതാര ചിത്രങ്ങൾക്കൊപ്പം തന്നെ നവാഗതരുടെ ചിത്രങ്ങളും യുവതാരങ്ങളുടെ ചിത്രങ്ങളുമെല്ലാം തിയേററ്ററുകളിൽ കയ്യടികൾ നേടി. കഴിഞ്ഞു പോകുന്ന വര്‍ഷം നമ്മുടെ താരങ്ങള്‍ക്ക് എന്തായിരുന്നു എന്ന് നോക്കാം.

മമ്മൂട്ടി

മമ്മൂട്ടിയുടേതായി ഏഴു ചിത്രങ്ങളാണ് ഈ വർഷം തിയേറ്ററുകളിലെത്തിയത്. 'മധുരരാജ,' 'ഉണ്ട,' 'പതിനെട്ടാം പടി,' 'ഗാനഗന്ധർവ്വൻ,' 'മാമാങ്കം' എന്നിങ്ങനെ അഞ്ച് മലയാളചിത്രങ്ങൾ, തമിഴിൽ 'പേരൻപ്', തെലുങ്കിൽ നിന്നും 'യാത്ര'. മികവിന്റെ ഒരു വർഷം തന്നെയായിരുന്നു മമ്മൂട്ടിയ്ക്ക് ഇത്. കലാമൂല്യമുള്ള ചിത്രങ്ങളിലും കൊമേഴ്സ്യൽ ചിത്രങ്ങളിലും ഒരു പോലെ തിളങ്ങാൻ താരത്തിനായി എന്നതു തന്നെയാണ് എടുത്തു പറയേണ്ട കാര്യം. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ നേട്ടം കൈവരിക്കാനും മമ്മൂട്ടിയ്ക്ക് സാധിച്ചു. ആ വേഷങ്ങൾ ആവട്ടെ, മമ്മൂട്ടിയിലെ പ്രതിഭയെ നല്ല രീതിയിൽ ഉപയോഗപ്പെടുത്തുകയും ചെയ്തു.

publive-image

മോഹൻലാൽ

Advertisment

ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രമായ 'ലൂസിഫറാ'ണ് മോഹൻലാലിന്റെ ഈ വർഷത്തെ ഹിറ്റ്. മോഹൻലാൽ എന്ന താരത്തിന്റെ മാനറിസങ്ങളെയും സ്റ്റാർഡത്തെയും ഉപയോഗപ്പെടുത്തിയ ചിത്രമായിരുന്നു 'ലൂസിഫർ'. 'ഇട്ടിമാണി മെയ്ഡ് ഇൻ ചൈന'യാണ് ഈ വർഷം തിയേറ്ററുകളിലെത്തിയ മറ്റൊരു മോഹൻലാൽ ചിത്രം. തൃശൂർ ഭാഷ സംസാരിക്കുന്ന, രസികനായ ഇട്ടിമാണി എന്ന കഥാപാത്രം ഓണക്കാലത്ത് തിയേറ്ററുകളിൽ ഒരോളമൊക്കെ ഉണ്ടാക്കിയെങ്കിലും മോഹൻലാൽ എന്ന നടനെ ചലഞ്ചു ചെയ്യുന്ന കഥാപാത്രമായിരുന്നില്ല ഇട്ടിമാണിയുടേത്.

മമ്മൂട്ടിയെ പോലെ തന്നെ, മലയാള ഇതര ഭാഷയിലും മോഹൻലാൽ ശ്രദ്ധ ഊന്നിയ വർഷമാണ് കടന്നു പോവുന്നത്. സൂര്യയ്ക്ക് ഒപ്പം 'കാപ്പാൻ' എന്ന ചിത്രത്തിലൂടെ തമിഴിലും മോഹൻലാൽ തന്റെ സാന്നിധ്യം അറിയിച്ചു.

publive-image

മഞ്ജു വാര്യർ

മൾട്ടിസ്റ്റാർ ചിത്രത്തിനൊപ്പം തന്നെ നായികാ പ്രാധാന്യമുള്ള ചിത്രങ്ങളുടെയും ഭാഗമായ ഒരു വർഷമാണ് മഞ്ജു വാര്യരെ സംബന്ധിച്ച് 2019. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 'ലൂസിഫറി'ൽ പ്രിയദർശിനി രാംദാസ് എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. മഞ്ജുവിന് ഏറെ ശ്രദ്ധ നേടി കൊടുത്ത കഥാപാത്രം കൂടിയാണ് പ്രിയദർശിനി.

മലയാളത്തിന് അപ്പുറത്തേക്ക് തമിഴിലും അരങ്ങേറ്റം കുറിച്ച വർഷമായിരുന്നു മഞ്ജുവിനെ സംബന്ധിച്ച് 2019. വെട്രിമാരൻ ചിത്രം 'അസുരനി'ലൂടെ തമിഴിലും മഞ്ജു അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ പച്ചയമ്മാൾ എന്ന കഥാപാത്രം ഏറെ നിരൂപക പ്രശംസ നേടിയ ഒന്നായിരുന്നു. ഈ ഡിസംബറിൽ തിയേറ്ററുകളിലെത്തിയ 'പ്രതി പൂവൻകോഴി'യിലൂടെ വീണ്ടും തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് മഞ്ജു ചെയ്തത്. നായികാപ്രാധാന്യമുള്ള ചിത്രങ്ങൾ മഞ്ജുവിനായി ഉണ്ടാകുന്നു എന്നതു തന്നെയാണ് മലയാളസിനിമയിൽ ഈ അഭിനേത്രിയെ പകരക്കാരില്ലാത്ത ഒരാളായി നിലനിർത്തുന്നത്.

publive-image

ഫഹദ് ഫാസിൽ

മുൻവർഷങ്ങളിലെ മികവ് ആവർത്തിച്ചൊരു വർഷമായിരുന്നു ഫഹദിനെ സംബന്ധിച്ച് 2019. 'കുമ്പളങ്ങി നൈറ്റ്സ്,' 'അതിരൻ,' 'സൂപ്പർ ഡീലക്സ്' എന്നിങ്ങനെ മൂന്നു ചിത്രങ്ങളാണ് ഈ വർഷം ഫഹദിന്റേതായി തിയേറ്ററുകളിലെത്തിയത്. സിനിമകളുടെ എണ്ണത്തേക്കാൾ അഭിനയസാധ്യതകളുള്ള വേറിട്ട കഥാപാത്രങ്ങളിൽ ഫോക്കസ് ചെയ്യുന്നൊരു നടനെയാണ് ഫഹദിൽ പ്രേക്ഷകർ ഈ വർഷവും കണ്ടത്.

അൽപ്പം നെഗറ്റീവ് ടച്ചുള്ള 'കുമ്പളങ്ങി നൈറ്റ്സി'ലെ ഷമ്മിയും 'അതിര'നിലെ സങ്കീർണതകൾ ഏറെയുള്ള എം കെ നായരും പോയവർഷം ഫഹദ് എന്ന നടനെ അടയാളപ്പെടുത്തിയ കഥാപാത്രങ്ങളാണ്. 'സൂപ്പർ ഡീലക്സ്' എന്ന തമിഴ് ചിത്രത്തിലും ശ്രദ്ധേയമായ അഭിനയമാണ് ഫഹദ് കാഴ്ച വച്ചത്.

publive-image

പൃഥ്വിരാജ് സുകുമാരന്‍

നടന്‍ എന്ന റോളില്‍ മാത്രമല്ല സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ കൂടി പൃഥ്വിരാജ് തിളങ്ങിയ വര്‍ഷമാണ്‌ 2019. അദ്ദേഹം സംവിധാനം ചെയ്ത 'ലൂസിഫര്‍' കഴിഞ്ഞ വര്‍ഷത്തെ ലാഭചിത്രങ്ങളില്‍ മുന്നില്‍ എത്തിയപ്പോള്‍ പൃഥ്വിയുടെ നേത്രുത്വത്തില്‍ ഉള്ള നിര്‍മ്മാണക്കമ്പനിയുടെ ചിത്രങ്ങളായ '9,' 'ഡ്രൈവിംഗ് ലൈസെന്‍സ്,' എന്നിവ താരത്തിന്റെ സ്ക്രീന്‍ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായി. 'ലൂസിഫര്‍,' 'പതിനെട്ടാം പടി,' എന്നീ ചിത്രങ്ങളിലെ അതിഥി വേഷങ്ങള്‍, 'ബ്രദര്‍സ് ഡേ' എന്ന ചിത്രത്തിലെ റോണി എന്ന കഥാപാത്രം ഇവയെല്ലാം പൃഥ്വിരാജിന്റെ കൈയ്യില്‍ ഭദ്രമായി.

സുരാജ് വെഞ്ഞാറമൂട്

ഈ വർഷം പ്രേക്ഷകരെ​ ഏറെ വിസ്മയിപ്പിച്ച നടൻ ആരെന്ന ചോദ്യത്തിന് ഭൂരിപക്ഷം പേരുടെയും ഉത്തരം സുരാജ് വെഞ്ഞാറമൂട് എന്നായിരിക്കും. ക്യാരക്ടർ റോളുകളിലൂടെ വിസ്മയാവഹമായ അഭിനയ മുഹൂർത്തങ്ങളാണ് സുരാജ് സമ്മാനിച്ചത്. 'ഫൈനൽസി'ലെയും 'ആൻഡ്രോയിഡ് കുഞ്ഞപ്പനി'ലെയും അച്ഛൻ വേഷങ്ങൾ, 'വികൃതി'യിലെ സംസാരശേഷിയില്ലാത്ത എൽദോ, 'ഡ്രൈവിംഗ് ലൈസൻസി'ലെ താരാരാധനയുള്ള വെഹിക്കിൾ ഇൻസ്‌പെക്ടർ- തന്നെ തേടിയെത്തിയ എല്ലാ കഥാപാത്രങ്ങളെയും മിഴിവോടെ അവതരിപ്പിക്കാൻ സുരാജ് വെഞ്ഞാറമൂടിനു കഴിഞ്ഞിട്ടുണ്ട്. 'ഒരു യമണ്ടൻ പ്രേമകഥ' എന്ന ചിത്രത്തിലെ ഒരൊറ്റ സീനിൽ പോലും ഹൃദയസ്പർശിയായ പ്രകടനമാണ് സുരാജ് കാഴ്ച വെച്ചത്.

publive-image

പാർവതി

മഞ്ജു വാര്യരെ പോലെ തന്നെ സ്ത്രീ കേന്ദ്രീകൃതമായ സിനിമകൾ പാർവതിയ്ക്കു വേണ്ടിയും ഉണ്ടായ വർഷമായിരുന്നു 2019. ടൊവിനോ തോമസ്, ആസിഫ് അലി എന്നിങ്ങനെയുള്ള യുവതാരങ്ങളുടെ സപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും 'ഉയരെ' നൂറു ശതമാനവും ഒരു പാർവതി ചിത്രമാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു പെൺകുട്ടിയുടെ ഉയർത്തെഴുന്നേൽപ്പും സ്വപ്നങ്ങളിലേക്കുള്ള യാത്രയുമൊക്കെ പാർവതി കയ്യടക്കത്തോടെ അവതരിപ്പിച്ചു. നിപ വൈറസ് പ്രമേയമായി വന്ന ആഷിഖ് അബു ചിത്രം 'വൈറസി'ലും ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിച്ചത്.

publive-image

രജിഷ വിജയൻ

'ജൂൺ,' 'ഫൈനൽസ്,' 'സ്റ്റാൻഡ് അപ്പ്'- മൂന്നു ചിത്രങ്ങളാണ് ഈ വർഷം രജിഷയുടേതായി തിയേറ്ററുകളിലെത്തിയത്. മൂന്നു ചിത്രത്തിലും തിളങ്ങാൻ കഴിഞ്ഞു എന്നതാണ് രജിഷ എന്ന അഭിനേത്രിയുടെ നേട്ടം. ഒന്നിനൊന്നു വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് മൂന്നു ചിത്രങ്ങളിലും രജിഷ അവതരിപ്പിച്ചത്.

ജൂണിൽ ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളാണ് രജിഷ അവതരിപ്പിച്ചത്. 'ഫൈനൽസി'ൽ പാതി വഴിയിൽ വീണുപോയ ഒരു സൈക്കിളിസ്റ്റിന്റെ ജീവിതമാണ് പ്രേക്ഷകർ കണ്ടത്. 'സ്റ്റാൻഡ് അപ്പി'ൽ ബലാത്സംഗത്തെ അതിജീവിച്ച ഒരു പെൺകുട്ടിയുടെ മാനസികവ്യാപാരങ്ങളെ സൂക്ഷ്മതയോടെ അവതരിപ്പിക്കുകയായിരുന്നു രജിഷ.

publive-image

ആസിഫ് അലി

ആസിഫിന്റെ കരിയറിൽ ഒരു വഴിത്തിരിവായ വർഷമാണ് 2019. ടൈപ്പ് കാസ്റ്റ് കഥാപാത്രങ്ങളിൽ നിന്നും മോചനം കിട്ടിയൊരു വർഷമെന്നും വിശേഷിപ്പിക്കാം. 'വിജയ് സൂപ്പറും പൗർണമിയും,' 'മേരാ നാം ഷാജി,' 'ഉയരെ,' 'വൈറസ്,' 'ഉണ്ട,' 'കക്ഷി: അമ്മിണിപ്പിള്ള,' 'അണ്ടർ വേൾഡ്,' 'കെട്ട്യോളാണ് എന്റെ മാലാഖ' എന്നിങ്ങനെ എട്ടു ചിത്രങ്ങളാണ് ഈ വർഷം തിയേറ്ററുകളിലെത്തിയത്.

'ഉയരെ'യിലെ ഗോവിന്ദ് ആണ് ഇക്കൂട്ടത്തിൽ ആസിഫിനെ ആദ്യം ശ്രദ്ധേയനാക്കിയ കഥാപാത്രങ്ങളിലൊന്ന്. 'വൈറസി'ലെ വിഷ്ണു, 'കക്ഷി അമ്മിണിപ്പിള്ള'യിലെ വക്കീൽ കഥാപാത്രം എന്നിവയും സ്ഥിരം പാറ്റേൺ കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തത സമ്മാനിച്ച റോളുകളായിരുന്നു. ഏറ്റവും ഒടുവിൽ തിയേറ്ററുകളിലെത്തിയ 'കെട്ട്യോളാണ് എന്റെ മാലാഖ'യിലെ സ്ലീവാച്ചൻ എന്ന കഥാപാത്രമാണ് ആസിഫിനെ മറ്റൊരു തലത്തിലേക്ക് രേഖപ്പെടുത്തിയ ചിത്രം. തികഞ്ഞ കയ്യടക്കത്തോടെ, വേറിട്ട ലുക്കും മാനറിസവുമായി എത്തി സ്ലീവാച്ചനെ ഗംഭീരമായി അവതരിപ്പിക്കാൻ ആസിഫിനായി.

publive-image

കുഞ്ചാക്കോ ബോബന്‍

'അള്ള് രമേന്ദ്രന്‍,' 'വൈറസ്‌' എന്നിവയാണ് ചാക്കോച്ചന്റെ ഈ വര്‍ഷത്തെ ചിത്രങ്ങള്‍.  ഇതില്‍ ആഷിക് അബു സംവിധാനം ചെയ്ത 'വൈറസ്‌' എന്ന ചിത്രത്തിലെ ഡോ സുരേഷ് രാജന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി.  സിനിമയേക്കാള്‍ ഏറെ കുഞ്ചാക്കോ ബോബന്‍ സ്വകാര്യ ജ്കീവിതത്തില്‍ ശ്രദ്ധിച്ച വര്‍ഷമാണ്‌ 2019 എന്ന് വേണമെങ്കില്‍ പറയാം.  നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം അദ്ദേഹത്തിനും പത്നി പ്രിയയ്ക്കും ഒരു മകന്‍ ജനിക്കുന്നത് ഈ വര്‍ഷം ഏപ്രില്‍ മാസമാണ്.

സൗബിൻ ഷാഹിർ

'കുമ്പളങ്ങി നൈറ്റ്സ്,' 'മേരാ നാം ഷാജി,' 'ഒരു യമണ്ടൻ പ്രേമകഥ,' 'വൈറസ്,' 'അമ്പിളി,' 'വികൃതി,' 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ,' 'വലിയ പെരുന്നാൾ' എന്നിങ്ങനെ എട്ടോളം ചിത്രങ്ങളിലാണ് ഈ വർഷം സൗബിൻ അഭിനയിച്ചത്. 'കുമ്പളങ്ങി നൈറ്റ്സ്', 'വൈറസ്', 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ', 'വികൃതി' എന്നീ ചിത്രങ്ങളിലെ സൗബിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

publive-image

നിമിഷ സജയൻ

'നാൽപ്പത്തിയൊന്ന്,' 'ചോല,' 'സ്റ്റാൻഡ് അപ്പ്' എന്നീ ചിത്രങ്ങളുമായി നിമിഷ സജയനും തന്റെ സാന്നിധ്യമറിയിച്ച വർഷമായിരുന്നു 2019. 'ചോല'യിലെ ജാനു എന്ന കഥാപാത്രമാണ് ഇക്കൂട്ടത്തിൽ നിമിഷയുടെ മികച്ച പ്രകടനമായി കൂട്ടാവുന്ന​ ഒന്ന്.

publive-image

Read Here: Rewind 2019: ബോക്സ് ഓഫീസും പ്രേക്ഷക ഹൃദയവും കവർന്ന ചിത്രങ്ങൾ

Mohanlal Manju Warrier Mammootty Malayalam Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: