2018 ൽ കേരളകരയെ ബാധിച്ച പ്രളയം പ്രമേയമാക്കി ജൂഡ് ആന്റണി ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ വിജയാഘോഷം തീർക്കുകയാണ്. വെള്ളിയാഴ്ച്ച റിലീസിനെത്തിയ ചിത്രം രണ്ടു ദിവസം കൊണ്ട് നേടിയത് 5.07 കോടി രൂപയാണ്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ പ്രകടനത്തെ കുറിച്ചും അതിലുപരി മേക്കിങ്ങിനെ പറ്റിയും പ്രേക്ഷകർ വാചാലരാകുമ്പോഴാണ് 2018 ന്റെ നിർമാതാവ് വേണു കുന്നപ്പിള്ളി തന്റെ അനുഭവങ്ങൾ പങ്കുവച്ച് കുറിപ്പ് ഷെയർ ചെയ്തത്.
ജൂഡ് എന്ന സംവിധായകന്റെ കഠിനാധ്വാനത്തെ കുറിച്ചും ചിത്രം തിയേറ്ററിൽ കണ്ടപ്പോൾ തനിക്കുണ്ടായ സന്തോഷത്തെ പറ്റിയുമാണ് വേണു ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നത്. ഇടയ്ക്കിടെയുണ്ടായ വാക്കുതർക്കങ്ങൾ മൂലം ഈ ചിത്രം ഏറ്റെടുത്തതിൽ പശ്ചാത്തപിച്ചിട്ടുണ്ടെന്നും എന്നാൽ ഇപ്പോൾ ജൂഡ് എന്ന സംവിധായകനെ ഓർത്ത് അഭിമാനം തോന്നുന്നെന്നും വേണു കൂട്ടിച്ചേർത്തു.
“അഞ്ചാം തീയതി റിലീസായ നമ്മുടെ സിനിമ 2018 , ഇന്നലെ വൈകുന്നേരമാണ്, ദുബായിൽ കുടുംബവും സുഹൃത്തുക്കളൊമൊത്ത് കാണാൻ സാധിച്ചത്…പോസ്റ്റ് പ്രൊഡക്ഷൻ
സമയത്ത് ,ഏറെ തവണ സിനിമ പല ഭാഗങ്ങളായി കണ്ടിരുന്നെങ്കിലും, മുഴുവൻ ജോലികൾക്കും ശേഷം , ബിഗ് സ്ക്രീനിൽ കണ്ടപ്പോൾ വലിയ അഭിമാനവും സന്തോഷവും തോന്നി , ജൂഡ് ആന്തണിയെന്ന ചെറുപ്പക്കാരനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാനും…”
“സിനിമയുടെ തുടക്കം മുതൽ അവസാനം വരെ പല സന്ദർഭങ്ങളിലായുള്ള ജനങ്ങളുടെ കയ്യടിയും, ആരവങ്ങളും നെടുവീർപ്പും ,കരച്ചിലുമെല്ലാം അതിശയിപ്പിക്കുന്നതായിരുന്നു…സിനിമ കണ്ടതിനുശേഷമുള്ള അഭിപ്രായങ്ങളും, വികാരപ്രകടനങ്ങളും, ചില കഥാപാത്രങ്ങളുടെ ദാരുണമായ അന്ത്യമൊർത്തുളള പരിതപിക്കലുമെല്ലാം വ്യത്യസ്തമായ കാഴ്ചയിൽ പെടുന്നു…സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ , ഷൂട്ടിങ് സമയത്തും, പോസ്റ്റ് പ്രൊഡക്ഷൻ സമയത്തും നടന്ന ഒട്ടേറെ സന്ദർഭങ്ങൾ മനസ്സിലൂടെ കടന്നുപോയി…”
“ഹോളിവുഡ് നിലവാരത്തിലേക്ക് ഈ സിനിമ ഉയർന്നിട്ടുണ്ടെന്നുള്ള പലരുടെയും അഭിപ്രായം ശരിയാണെങ്കിൽ, അതിൻറെ മുഴുവൻ ക്രെഡിറ്റും ജൂഡിനും , ഇതിലെ ടെക്നീഷ്യൻസിനും അവകാശപ്പെട്ടതാണ്…ഒരു നല്ല സിനിമയ്ക്ക് വേണ്ടി ,അതിൻറെ കപ്പിത്താനായ ഡയറക്ടർ ഏതറ്റം വരെ പോകാനും തയ്യാറാവുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2018… പലപ്പോഴും പൊട്ടിത്തെറിയും, വാഗ്വാദങ്ങളും ഉണ്ടായപ്പോൾ ഈ സിനിമയിലേക്ക് വന്നതിൽ ഞാൻ പശ്ചാത്തപിച്ചിട്ടുണ്ട്… “
“സിനിമയോടുള്ള ആത്മാർത്ഥമായ ആഭിമുഖ്യവും ,കാഴ്ചപ്പാടുമാണ് ഏതൊരു സംവിധായകനും വേണ്ടതെന്നുള്ളതിന്, ഏറ്റവും വലിയ തെളിവാണ് ഈ സിനിമ…പലർക്കും സിനിമാ പിടുത്തം പലതിനും വേണ്ടിയുള്ള ഉപാധിയാണ്…അതിനാൽ പലപ്പോഴുമവർ കോംപ്രമൈസ് ചെയ്തുകൊണ്ടേയിരിക്കുന്നു…ഇവിടെയാണ് ജൂഡ് ആന്തണിയെന്ന ഡയറക്ടർ വ്യത്യസ്തനാകുന്നത്… പെർഫെക്ഷന് വേണ്ടി എത്രയടി കൂടാനും അദ്ദേഹത്തിന് മടിയില്ല…” വേണുവിന്റെ വാക്കുകളിങ്ങനെ.
കേരള, ബാംഗ്ലൂർ തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ടൊവിനോ തോമസ്, ഇന്ദ്രൻസ്, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി, വിനീത് ശ്രീനിവാസൻ, ആസിഫ് അലി, ലാൽ, നരേൻ, തൻവി റാം, ശിവദ, അജു വർഗ്ഗീസ്, സിദ്ദിഖ്, ജോയ് മാത്യൂ,സുധീഷ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.